സ്വയം വളരുകയും മറ്റുള്ളവര്‍ക്ക് വളരാനിടം കൊടുക്കുകയും ചെയ്യുന്നവരാണ് ജീവിതത്തിനോട് ആദരവ് പുലര്‍ത്തുന്നവര്‍

ആ രാജ്യത്തെ ഭരണാധികാരി തന്റെ ഗുരുവിനെ കാണാന്‍ പുറപ്പെട്ടു. ഗുരുവിനെ കണ്ടപ്പോള്‍ തന്റെ രാജ്യത്തിന്റെ ഭാവി പ്രവചിക്കുവാന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ ഗുരു പറഞ്ഞു: താങ്കളുടെ അച്ഛന്‍ ഒട്ടകപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്. താങ്കള്‍ കാറിലും. താങ്കളുടെ മകന്‍ ആഢംബരവാഹനത്തിലുമാണ് സഞ്ചിരിക്കുന്നത്. പക്ഷേ, താങ്കളുടെ കൊച്ചുമകന്‍ വീണ്ടും ഒട്ടപ്പുറത്തായിരിക്കും സഞ്ചരിക്കുക.

ഭരണാധികാരിക്ക് അത്ഭുതമായി. അദ്ദേഹം ചോദിച്ചു: അതെങ്ങനെ? ഗുരു തുടര്‍ന്നു. കഷ്ടകാലം എപ്പോഴും ഊര്‍ജ്ജസ്വലരായ ആളുകളെ സൃഷ്ടിക്കും. ദിവസം മുഴുവനൂം ഒരു പണിയും ചെയ്യാതെ കിടന്നുറങ്ങി കാലം കഴിച്ചാലും സുഖതാമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുമെന്ന താങ്കളുടെ മകന്റെ തെറ്റിദ്ധാരണമാറാതെ, ഈ നാട് നന്നാവുകയില്ല.

രണ്ടുതരം ആളുകളുണ്ട്. പോരാളികളും പരാശ്രിതരും. പോരാളികള്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ തനതായ വഴികളുണ്ടായിരിക്കും. എന്നാല്‍ പരാശ്രിതര്‍ക്ക് സ്വന്തമായ പദ്ധതികളോ തീരുമാനങ്ങളോ ഉണ്ടാകില്ല. സ്വാശ്രയത്വം എല്ലാ കാര്യങ്ങളിലും സാധ്യമായെന്നും വരില്ല.

പക്ഷേ, ഇത്തിള്‍കണ്ണികളാകാനുള്ള തീരുമാനം തികച്ചും അപകടകരമാണ്. ആരെയങ്കിലും ആശ്രയിച്ചു ജീവിച്ചു തുടങ്ങിയാല്‍ പിന്നെ ആ ജീവിതം ആസ്വദിക്കാന്‍ തുടങ്ങും. അത്തരക്കാര്‍ വളര്‍ച്ചയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും, തകര്‍ച്ചയുടെ കുറ്റം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും.

വരുന്ന തലമുറയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നതും വരുന്നതലമുറയെ മറന്ന് ജീവിക്കുന്നതും ഒരുപോലെ കുറ്റകരമാണ്.

സ്വയം വളരുകയും മറ്റുള്ളവര്‍ക്ക് വളരാനിടം കൊടുക്കുകയും ചെയ്യുന്നവരാണ് മറ്റുള്ളവരോടും സ്വന്തം ജീവിതത്തിനോടും ആദരവ് പുലര്‍ത്തുന്നവര്‍. നമുക്ക് വളരാം, ഒപ്പം നമുക്ക് വളര്‍ത്താനും ശ്രമിക്കാം

– ശുഭദിനം.