തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി; തടഞ്ഞുവച്ച പത്ത് ബില്ലുകളും അംഗീകരിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവച്ച സംഭവത്തില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആർ.എൻ.രവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്ന് കോടതി പറഞ്ഞു.

ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകിച്ച സംഭവത്തില്‍ സംസ്ഥാന സർക്കാർ നല്‍കിയ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമർശനം. ഗവർണർ തടഞ്ഞുവച്ച പത്ത് ബില്ലുകളും നിയമമായതായി കോടതി ഉത്തരവിട്ടു.

ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിന് കൊണ്ടുവരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

ബില്ലില്‍ തീരുമാനമെടുക്കാൻ ഗവർണർക്ക് മുന്നില്‍ മൂന്ന് സാധ്യതകള്‍ ഉണ്ട്. ഒന്ന് അനുമതി നല്‍കുക, രണ്ട് അനുമതി നിഷേധിക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക. ബില്ല് ഗവർണർക്ക് നല്‍കിയാല്‍ ആർട്ടിക്കിള്‍ 200ലെ ഏതെങ്കിലും ഒരു നടപടി സ്വീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്ന് കോടതി പറഞ്ഞു. ഒരു ബില്ല് വീണ്ടും നിയമസഭ പാസാക്കി ഗവർണർക്ക് നല്‍കിയാല്‍ അത് രാഷ്ട്രപതിക്ക് അയക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗവർണർക്ക് ബില്ലുകളില്‍ തീരുമാനമെടുക്കാൻ കോടതി സമയപരിധി നിശ്ചയിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ ഇനി തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച്‌ അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളി‍ല്‍ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.