ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി വന്നതോടെ മേഖലയില്‍ ആക്രമണം നടത്താനുള്ള സാധ്യതനിലനില്ക്കെ, യുഎസിന് സൈനികതാവളം അനുവദിച്ചാൽ യുദ്ധമായി കണക്കാക്കുമെന്ന് അയല്‍ രാഷ്ട്രങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്.
ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തർ, ബഹ്റൈൻ, തുർക്കി എന്നീ രാജ്യങ്ങൾക്കാണ് ഇറാന്റെ മുന്നറിയിപ്പ്. നിങ്ങളുടെ മണ്ണിൽ നിന്ന് യുഎസ് ആക്രമണം നടത്തിയാൽ നിങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാന് ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. യുഎസ് സൈനിക ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ഇറാന്റെ സവിശേഷ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അതീവ ജാഗ്രതയിലാണെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം, യു.എസുമായി നേരിട്ട് ചര്‍ച്ചയ്ക്ക് താല്പര്യമില്ലെന്നും എന്നാല്‍ പരോക്ഷ ചര്‍ച്ചയാകാമെന്നും ഇറാൻ അറിയിച്ചു. അര്‍ഥമില്ലാത്ത നേരിട്ടുള്ള ആണവ ചർച്ചകൾക്ക് താല്പര്യമില്ലെന്നാണ് ഇറാൻ മുതിർന്ന നേതാക്കൾ അറിയിച്ചത്. യു.എസ് ആക്രമണം നടത്തിയാൽ ഏറ്റവും അടുത്തുള്ള യു.എസ് താവളങ്ങളില്‍ ബോംബിടുമെന്നും ഇറാന് അറിയിച്ചു. യു.എസുമായി ഒമാനെ ഇടനിലക്കാരാക്കി ചർച്ച നടത്താനാണ് താല്പര്യമെന്നും ഇറാൻ അറിയിച്ചു. ഇറാനെ ആക്രമിക്കാൻ യു.എസിന് സഹായം നല്‍കരുതെന്ന് ഇറാഖ്, യു.എ.ഇ, ഖത്തർ, കുവൈത്ത്, തുർക്കി, ബഹ്റൈൻ രാജ്യങ്ങൾക്ക് ഇറാൻ നോട്ടിസ് നല്‍കിയിട്ടുണ്ട്. അത്തരം പ്രവർത്തനം നേരിടുന്നവർ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പറഞ്ഞു.



