ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന സൂചന ഉയരുന്നതിനിടെ എൻഡിഎയിലെ ഘടകകക്ഷികളുടെ നിലപാട് നിർണായകം.
കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, ടിഡിപി, എല്‍ജെപി, ആർഎല്‍ഡി പാർട്ടികള്‍ സമ്മർദത്തിലാണ്. ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആദ്യത്തെ അഗ്നിപരീക്ഷ. ബില്ലിനെ നിതീഷ് കുമാർ പിന്തുണച്ചാല്‍ 17.6 ശതമാനം മുസ്ലിം സാന്നിധ്യമുള്ള ബിഹാറില്‍ ജെഡിയുവിന്റെ മുസ്ലിം വോട്ടുബാങ്കില്‍ വിള്ളല്‍വീഴാനിടയുണ്ട്.
ബില്ലിനെ എതിർക്കുന്നവർ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത് എൻഡിഎ ഘടകകക്ഷികളിലാണ്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, ജയന്ത് ചൗധരി എന്നിവർ പറഞ്ഞാല്‍ ബില്‍ കൊണ്ടുവരില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുസ്ലിം പേഴ്സണല്‍ ലാ ബോർഡ് നേതാക്കള്‍ പറഞ്ഞത്.
കഴിഞ്ഞവർഷം ഓഗസ്റ്റില്‍ ജെഡിയു നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജൻ സിങ് ബില്ലിനെ ആദ്യം പിന്തുണച്ചെങ്കിലും പ്രാദേശികരാഷ്ട്രീയം തിരിച്ചറിഞ്ഞ് ജെഡിയു നിലപാട് മാറ്റി. മുസ്ലിങ്ങളുടെ താത്പര്യം ഉള്‍ക്കൊണ്ടുമാത്രമേ ബില്ലുമായി മുന്നോട്ടുപോകാവൂ എന്ന സമീപനം സ്വീകരിച്ചു. മുസ്ലിംവോട്ട് നിർണായകമായ ആന്ധ്രയില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ആശയക്കുഴപ്പത്തിലാണ്.
അതേസമയം, ബില്ലിനെ പിന്തുണച്ച് പ്രമുഖ ക്രിസ്ത്യൻ സംഘടനകള്‍ രംഗത്തുവന്നത് കേന്ദ്രസർക്കാരിന് നേട്ടമായി. നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് രാഷ്ട്രീയപ്പാർട്ടികളോടും പാർലമെന്റംഗങ്ങളോടും കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അഭ്യർഥിച്ചു.
നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയോട് ചേർന്നു പോകുന്നതല്ലെന്നും മുനന്പം പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് ഭേദഗതി വേണമെന്നും സിബിസിഐ അഭിപ്രായപ്പെട്ടു. ബില്ലിനെ പിന്തുണച്ച് ഞായറാഴ്ച കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ എഴുതിയ കത്തിനെ സ്വാഗതംചെയ്ത് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമനും ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും രംഗത്തുവന്നു.
വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ച് കെ.സി.ബി.സിയും സി.ബി.സി.ഐയും രംഗത്തെത്തിയതോടെ UDF എം.പിമാർക്ക് ആശങ്ക. പാർലമെൻ്റിൽ ബില്ലിനെ എതിർത്താൽ സഭകളുടെ അത്യപ്തി നേരിടേണ്ടിവരും. മുനമ്പം വിഷയത്തിൽ സഭകളുടെ ആശങ്ക തള്ളിക്കളയാനാവില്ലെങ്കിലും ബില്ലിനെ പിന്തുണയ്ക്കുന്നത് ആത്മഹത്യാപരമാകുമെന്ന് എം.പിമാർക്കറിയാം. എന്ത് നിലപാട് സ്വീകരിക്കണം എന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ എന്നാണ് എം പി മാർ പറയുന്നത്. കെ.സി.ബി.സി നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്.




