ഔറംഗസീബിന്റെ ശവകുടീരത്തെ ചൊല്ലി നാഗ്പൂരില്‍ സംഘര്‍ഷം; വിടുകള്‍ക്ക് തീയിട്ടു,35 ഓളം പേര്‍ക്ക് പരിക്ക്

ബൈ: ഔറംഗസീബിന്റെ ശവകൂടീരത്തെ ചൊല്ലി ഹിന്ദു-മുസ്ലീം സംഘർഷം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ജെസിബി അടക്കം 25 ഓളം വാഹനങ്ങള്‍ക്ക് തീയിട്ടു.

മഹല്‍ മേഖലയില്‍ വലിയ തോതില്‍ കല്ലേറുണ്ടായി. സംഘർഷത്തിനിടെ 20 ഓളം ആളുകള്‍ക്കും 15 ഓളം പോലീസുകാർക്കും പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 17 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മറാത്ത ചക്രവർത്തിയായ ശിവജിയുടെ ജൻമദിനമായ ഇന്ന് ശിവജി ചൗക്കില്‍ വിശ്വാസികള്‍ തടിച്ച്‌ കൂടിയിരുന്നു. ഇതിനിടെ ഛത്രപതി സാംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളായ ബജ്റംഗ് ദളിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. പിന്നാലെയാണ് സംഘർഷം ഉണ്ടായത്. തങ്ങളുടെ വിശുദ്ധ ഗ്രന്ഥം പ്രതിഷേധക്കാർ കത്തിച്ചുവെന്നാണ് മുസ്ലീം സമൂഹം ആരോപിക്കുന്നത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

അതേസമയം സംഘർഷത്തിന് പിന്നാലെ പ്രദേശത്ത് വൻ തോതില്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങള്‍ സംശയമനം പാലിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ഭരണകുടവുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭ്യർത്ഥിച്ചു.

അതേസമയം നിലവില്‍ സ്ഥിതി ശാന്തമായതായി നാഗ്പൂർ പോലീസ് കമ്മീഷ്ണർ ഡോ രവീന്ദർ സിംഗാല്‍ പറഞ്ഞു. ഒരു ഫോട്ടോ കത്തിച്ചതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. രാത്രി എട്ടരയോടെയാണ് സംഘർഷം ഉടലെടുത്തത്. മേഖലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.ആരും നിയമം കൈയ്യിലെടുക്കാൻ ശ്രമിക്കരുത്. വ്യാജപ്രചരണങ്ങള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നാഗ്പൂർ റൂറല്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. വ്യാജ പ്രചരണം തടയാൻ സൈബർ പോലീസിന്റെ നേതൃത്വത്തിലും ശ്രമം നടക്കുന്നുണ്ട്’, കമ്മീഷ്ണർ അറിയിച്ചു. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും അനാവശ്യ പ്രശ്നങ്ങള്‍ക്ക് മുതിരരുതെന്നും നാഗ്പൂർ എംപി നിതിൻ ഗഡ്ഗകര പറഞ്ഞു.’ചില തെറ്റിധാരണകളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. സംഘർഷത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും’, അദ്ദേഹം പറഞ്ഞു.

അതിനിടെ സംഘർഷത്തില്‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തി. ആഭ്യന്തര വകുപ്പിന് സംഭവിച്ച വീഴ്ചയാണ് സംഘർഷത്തിന് കാരണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കല്‍ ആരോപിച്ചു. വിദ്വേഷണ പ്രസംഗം നടത്തുന്ന മന്ത്രിമാരാണ് ഇതിന് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.