പാകിസ്താനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം ; 90 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി ബലൂച് ലിബറേഷൻ ആര്‍മി

ഇസ്‍ലാമാബാദ് ; പാകിസ്താനിലെ ബലൂചിസ്താനില്‍ വീണ്ടും ഭീകരാക്രമണം. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ഭീകര്‍ ആക്രമണം നടത്തിയത്.

സംഭവത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടെന്നും 21 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പാകിസ്താന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ 90 പാക്‌സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ആക്രമണം നടത്തിയ ബലോച് ലിബറേഷന്‍ ആര്‍മി ( ബിഎല്‍എ) അവകാശപ്പെട്ടത്.

ബിഎല്‍എയുടെ ചാവേര്‍ സംഘമായ മജീദ് ബ്രിഗേഡാണ് പാക് സൈനികരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. എട്ട് ബസുകളിലായാണ് സൈനികര്‍ യാത്രചെയ്തിരുന്നത്. വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച മറ്റൊരു വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു വാഹനം പൂര്‍ണമായി തകര്‍ന്നു. മറ്റൊരു വാഹനത്തിന് നേരെ റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് പ്രയോഗിച്ചുവെന്നുമാണ് പാക് സൈന്യം പറയുന്നത്. ഇതിന് പുറമെ വെടിവെപ്പും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ക്ക് മുമ്ബ് 400 ഓളം യാത്രക്കാരുമായി പോയ ഒരു ട്രെയിൻ ബിഎല്‍എ ഹൈജാക്ക് ചെയ്തിരുന്നു.