തുടര്‍ച്ചയായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് നമ്മെ പുനരുദ്ധരിക്കാം…

അയാള്‍ രണ്ടുപശുക്കളെ വാങ്ങി. അമ്മയും മകളുമായിരുന്നെങ്കിലും വലുപ്പത്തില്‍ അത് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല.

പലരോടും ചോദിച്ചെങ്കിലും ആര്‍ക്കും ഇതിനുത്തരം കൊടുക്കാന്‍ സാധിച്ചില്ല. അങ്ങനെ അയാള്‍ രാജാവിനുമുമ്പിലും എത്തി.

രാജാവ് ഈ ജോലി തന്റെ മന്ത്രിയെ ഏല്‍പ്പിച്ചു. രണ്ടുപശുക്കളുടേയും മുമ്പില്‍ പാത്രത്തില്‍ തീറ്റകൊണ്ടുവെക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. പശുക്കളുടെ തീറ്റകഴിഞ്ഞപ്പോഴേക്കും മന്ത്രി അമ്മയേയും മകളേയും തിരിച്ചറിഞ്ഞു.

അത്ഭുതത്തോടെ നിന്നവരോട് മന്ത്രി പറഞ്ഞു: രണ്ടുപശുക്കളുടേയും മുമ്പില്‍ തീറ്റ വെച്ചപ്പോള്‍ ആദ്യപശു തന്റെ തീറ്റ വേഗത്തില്‍ കഴിച്ച് രണ്ടാമത്തെ പശുവിന്റെ പാത്രത്തില്‍ നിന്നും കഴിക്കാന്‍ തുടങ്ങി. രണ്ടാമത്തെ പശുവാകട്ടെ ആദ്യപശുവിന് വേണ്ടി തന്റെ പാത്രം നീക്കിവെച്ചുകൊടുക്കുകയും ചെയ്തു.

ഒരമ്മയ്ക്ക് മാത്രമേ അങ്ങിനെ ചെയ്യാന്‍ സാധിക്കൂ.. ഒരാള്‍ ആരെന്നറിയാന്‍ അയാളുടെ അനുദിന കര്‍മ്മങ്ങള്‍ വീക്ഷിച്ചാല്‍ മതി. യഥാര്‍ത്ഥ സ്വഭാവം ആര്‍ക്കും അധികകാലം പുറത്തുകാണിക്കാതിരിക്കാനാവില്ല.

അസ്ഥിത്വത്തില്‍ നന്മയുളളവരും നന്മ ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരുമുണ്ട്. ആദ്യകൂട്ടരുടെ രക്തത്തിലും തലച്ചോറിലും നന്മയുണ്ടാകും. പ്രതിഫലം കിട്ടിയാലും ഇല്ലെങ്കിലും അവരില്‍ നിന്നും നന്മമാത്രമേ പുറപ്പെടൂ.

എന്നാല്‍ നന്മയെ അലങ്കാരമാക്കുന്നവര്‍ക്ക് ആകര്‍ഷണീയത മാത്രമാണ് പ്രധാനം. വേരുകളിലുളളവ മാത്രമേ ഇലകളിലേക്ക് വ്യാപിക്കൂ.. അടിസ്ഥാന സ്വഭാവം നിര്‍മ്മലമാക്കണം.. തെറ്റുകള്‍ തിരുത്തണം.. കുറവുകള്‍ പരിഹരിക്കപ്പെടണം.. ആവശ്യമായത് കൂട്ടിച്ചേര്‍ക്കണം.. അശുദ്ധമായത് ഒഴിവാക്കണം..

തുടര്‍ച്ചയായ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് നമ്മെ പുനരുദ്ധരിക്കാം… നന്മയുടെ ഉറവിടമാക്കാം

– ശുഭദിനം.