മുഖ്യമന്ത്രിയെ വിമര്‍ശിച്ചു; പുലർച്ചെ വീട് വളഞ്ഞ് തെലങ്കാനയില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള വാര്‍ത്ത നല്‍കിയതിന് വനിതാ മാധ്യമപ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലാണ് സംഭവം.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക രേവതി പോഗഡദന്ത, സഹപ്രവര്‍ത്തക തന്‍വി യാദവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ വീടു വളഞ്ഞാണ് ഇരുവരെയും തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍, താന്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ ഒരു കര്‍ഷകന്‍ പറയുന്നതിന്റെ വീഡിയോ രേവതി തന്റെ പള്‍സ് ടിവി ചാനലിലും സമൂഹമാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. രേവതിയുടെ പള്‍സ് ടിവി ചാനലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സീല്‍ ചെയ്തിട്ടുമുണ്ട്. രേവതിയുടെ ലാപ്‌ടോപ്പും മൊബൈലും പിടിച്ചെടുക്കുകയും ചെയ്തു.