തിരുവനന്തപുരം: ജീവൻപൊലിഞ്ഞ അഞ്ചുപേർക്കും നാടിന്റെ യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോർട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ വീടുകളിലേക്ക് എത്തിച്ചപ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കാണ് നാട് സാക്ഷിയായത്.
അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ കൊടും ക്രൂരതയില്‍ ജീവൻ നഷ്ടമായവരെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിപേരാണ് വീടുകളിലേക്ക് എത്തിയത്.
അഫാന്റെ പെണ്‍സുഹൃത്ത് ഫർസാനയുടെ സംസ്കാര ചടങ്ങുകളാണ് ആദ്യം പൂർത്തിയായത്. വെഞ്ഞാറമൂട് പുതൂരിലുള്ള വീട്ടിലേക്കാണ് ഫർസാനയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. പൊതുദർശനത്തിന് ശേഷം ചിറയൻകീഴ് കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. ഫാർസാനയുടെ പിതാവ് സുനിലിന്റെ വീട് ചിറയൻകീഴിലാണ്. പുതൂരിലേക്ക് കുടുംബം താമസം മാറിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ.
പ്രതിയുടെ മുത്തശ്ശി സല്‍മാബീവി, സഹോദരൻ അഫ്സാൻ, അഫാന്റെ പിതാവിന്റെ സഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരുടെ സംസ്കാരം താഴെ പാങ്ങോട് മുസ്ലീം ജുമാ മസ്ജിദിലാണ് നടക്കുക. പാങ്ങോട്ടുള്ള വീട്ടിലേക്കാണ് സല്‍മാബീവിയുടേയും അഫ്സാന്റെയും മൃതദേഹം എത്തിച്ചത്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പടെ നിരവധിപേരാണ് അന്ത്യോപചാരം അർപ്പിക്കാൻ ഇവിടെ എത്തിയത്. എസ്.എൻ. പുരം ചുള്ളാളത്തെ വസതിയിലേക്കാണ് ലത്തീഫിന്റേയും ഷാഹിദയുടേയും മൃതദേഹങ്ങള്‍ കൊണ്ടുവന്നത്.



