വർഗീസ് ചാക്കോ
johnygilead@cchinth1

നമുക്കിടയിൽ ലോക്കൽ സഭകൾ പലതും രണ്ടാകുന്നത് പാസ്റ്റർമാരുടെ സ്ഥലമാറ്റ സമയത്താണ്. സ്ഥലമാറ്റ സമയമാകുമ്പോൾ അത് ഉൾക്കൊള്ളാൻ മനസ്സില്ലാത്ത പാസ്റ്റർമാർ സഭയിൽ ഒരു വിഭാഗം വിശ്വാസികളെ വശത്താക്കും.
അവരുടെ പിൻബലത്തോടുകൂടി സഭാ ആസ്ഥാനങ്ങളിലേയ്ക്ക് കത്ത് അയയ്ക്കുകയും സ്ഥലം മാറ്റം എന്തു ത്യാഗം സഹിച്ചും റദ്ദാക്കിക്കുകയും ചെയ്യും. അത് ഉൾക്കൊള്ളാൻ പറ്റാത്ത മറ്റ് വിശ്വാസികൾ മറ്റൊരു വിഭാഗമായി മാറുകയും ആ സഭ വിട്ട് മറ്റ് സഭകളിലേയ്ക്ക് മാറുകയോ അല്ലെങ്കിൽ പുതിയ സഭ ആരംഭിക്കുകയോ ചെയ്യും.
ഒരു പാസ്റ്ററെ ഏതെങ്കിലും ഒരു സഭയിലേയ്ക്ക് അയച്ചാൽ അവരുടെ കാലാവധിയെപ്പറ്റി കൃത്യമായ ബോധ്യം നൽകണം. ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നവരെ മാത്രമേ സഭകളിലേയ്ക്ക് അയയ്ക്കാവൂ. മാറേണ്ട സമയമാകുമ്പോൾ ഒരു വിഭാഗം വിശ്വാസികളെ കൂട്ടി പാസ്റ്റർ ഗ്രൂപ്പിസം ഉണ്ടാക്കുകയും അത്തരം പ്രവൃത്തികൾ സഭയെ അനൈക്യത്തിലേയ്ക്കും പിളർപ്പിലേയ്ക്കും നയിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മാതൃകാപരമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അത് ഭാവി ശുശ്രൂഷയെ കാര്യമായി ബാധിക്കും എന്നുമുള്ള തിരിച്ചറിവ് പാസ്റ്റർമാർക്ക് ഉണ്ടാകണം.
യാതൊരുവിധ നടപടിയും ഉണ്ടാകില്ല എന്ന ഉറപ്പിന്മേലാണ് മേൽപ്പറഞ്ഞ വിധമുള്ള പ്രവൃത്തികളിൽ ഇടപെടാൻ ചിലരെങ്കിലും തയ്യാറാകുന്നത്. ഏതൊരു സഭയിലേക്ക് പാസ്റ്ററെ അയച്ചാലും ബന്ധപ്പെട്ട സഭയുമായി സഭാ കൗൺസിൽ സംസാരിച്ചിരിക്കണം. സഭയുടെ ശുശ്രൂഷകൾ ഭംഗിയായി നിർവ്വഹിയ്ക്കുകയും സുവിശേഷീകരണ പ്രവർത്തനങ്ങളിൽ സഭയെ പ്രോത്സാഹിപ്പിക്കുകയും മുന്നിൽ നിന്ന് ആത്മീയ കാര്യങ്ങളിൽ നേതൃത്വം നൽകുകയും ചെയ്യുന്ന ഒരു ശുശ്രൂഷകൻ കാലാവധി കഴിഞ്ഞ ശേഷവും തുടരണമെന്ന് ബഹു ഭൂരിപക്ഷം സഭാ അംഗങ്ങളും ആവശ്യപ്പെട്ടാൽ ആ ആഗ്രഹത്തെ സഭാ കൗൺസിലിന് തള്ളുകയോ കൊള്ളുകയോ ചെയ്യാനുള്ള പൂർണ്ണ അധികാരം ഉണ്ടായിരിക്കണം. അതുപോലെ തന്നെ കാലാവധി പൂർത്തിയാകുമ്പോൾ സ്ഥലം മാറാൻ കൂട്ടാക്കാതെ ഗ്രൂപ്പിസം ഉണ്ടാക്കിയാൽ അതിനുള്ള നടപടിയും സഭാ കൗൺസിലുകളിൽ നിന്ന് ഉണ്ടാകണം.
പാസ്റ്ററുടെ കാലാവധി പൂർത്തിയായി എന്ന് ഏതെങ്കിലും ഒരു വിശ്വാസി സൂചിപ്പിച്ചാൽ പിന്നെ ആ വിശ്വാസി പാസ്റ്ററുടെ ശത്രുവായിമാറുന്ന സ്ഥിതി വിശേഷമാണ് നമുക്കിടയിൽ. അത് മാറണം. ഒരു സഭയിൽ ശുശ്രൂഷിക്കാൻ അവസരം ലഭിച്ചാൽ മുന്നമേ അറിയിച്ചിട്ടുള്ള കാലാവധി ആകുമ്പോൾ തന്നെ സ്ഥലം മാറാനുള്ള ഒരുക്കങ്ങൾ പാസ്റ്റർ ചെയ്തിട്ടുണ്ടാകണം. അല്ലാതെ സ്ഥലം മാറാൻ കൂട്ടാക്കാതെ വിശ്വാസികളെ കൂട്ടുപിടിച്ച് അവിടെ തുടരാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. കഴിഞ്ഞ ലക്കത്തിൽ ഞാൻ ചില നിർദ്ദേശങ്ങൾ എഴുതിയിരുന്നു.
ഒരു പാസ്റ്ററെ പ്രവർത്തന സ്ഥലത്തേയ്ക്ക്/സഭയിലേക്ക് അയയ്ക്കുമ്പോൾ മുതൽ മിനിമം ഒരു വർഷമെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ആദ്യവർഷത്തെ പ്രവർത്തന രീതി ബന്ധപ്പെട്ട സഭകൾക്ക് പ്രയോജനകരമാണെന്ന് സഭയ്ക്കും നേതൃത്വത്തിനും ബോധ്യപ്പെടുന്ന പക്ഷം അവർ തുടരുകയും അല്ലാത്ത പക്ഷം അവരെ അവർക്കിണങ്ങിയ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുകയും ചെയ്യുന്നതാണ് നല്ലത്. മറ്റൊരു കാര്യം, ഒരു പാസ്റ്ററുടെ പ്രവർത്തനം സഭയ്ക്ക് ഏറെ പ്രയോജനം ആണെന്ന് സഭയ്ക്ക് ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ട പാസ്റ്റർക്ക് കാലാവധി നീട്ടി കൊടുക്കാൻ സഭാ നേതൃത്വത്തോട് ആവശ്യപ്പെടാനുള്ള സാഹചര്യവും ഉണ്ടാകണം. പാസ്റ്റർമാരെ ആക്കുന്നതിലും നീക്കുന്നതിലും ബന്ധപ്പെട്ട ലോക്കൽ സഭയുടെ അറിവും അനുവാദവും കൂടെ ഉണ്ടാകണം എന്ന മാനദണ്ഡം സഭാ ഭരണഘടനകളിൽ ഇല്ലെങ്കിൽ എഴുതി ചേർക്കണം.
സഭകളിലേയ്ക്ക് ശുശ്രൂഷകരെ അയയ്ക്കുമ്പോൾ അവർ എത്ര നല്ല സ്വഭാമുള്ളവരായാലും സഭാ പ്രവർത്തനം നന്നായി നടത്തുകയും സുവിശേഷ പ്രവർത്തനങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയും ആത്മാക്കളെ നേടുകയും ചെയ്താലും കാലാവധി തീരുമ്പോൾ ആത്മീയ അഭിവൃദ്ധി ആവശ്യമുള്ള മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി നിയമിക്കണം. ഒരു സഭയിൽ മാത്രം പുരോഗമനവും ആത്മീയ അഭിവൃദ്ധിയും ഉണ്ടായാൽ പോരല്ലോ. മറ്റു സഭകൾക്കും ദേശങ്ങൾക്കും ആ ശുശ്രൂഷകരുടെ ശുശ്രൂഷ ലഭിക്കേണ്ടതല്ലേ? ശുശ്രൂഷകരെ ഒരു സ്ഥലത്തു മാത്രം തളച്ചിടുന്ന രീതിയും അവർ മറ്റ് സ്ഥലങ്ങളിൽ പോകാൻ വിസമ്മതിക്കുന്നതും തെറ്റായ സന്ദേശമാണ് നൽകുന്നത്. അത് സഭകളുടെ മൂല്യ ശോഷണത്തിനും അനൈക്യത്തിനും കാരണമാകുകയും ആത്മീയ മാന്ദ്യത്തിനു ഇടവരുത്തുകയും ചെയ്യുന്നു.
ശുശ്രൂഷയിൽ എത്ര മികവുള്ള പാസ്റ്റർ ആണെങ്കിലും കാലാവധി കഴിഞ്ഞാൽ മാറാനുള്ള മനസ്സ് കാണിക്കണം. ഉറച്ച തീരുമാനമെടുക്കാൻ സഭാ കൗൺസിലുകൾക്കും സാധിക്കണം. സഭ ദൈവത്തിന്റേതാണ്.



