ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ സൊമാലിയയില്‍ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയെന്ന് ഡൊണാള്‍ഡ് ട്രംപ്.
നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. മുതിർന്ന ഐഎസ് നേതാവ് ഉള്‍പ്പെടെയുള്ള ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഗുഹകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവരെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി.
‘ഇന്ന് രാവിലെ ഞാൻ സൊമാലിയയില്‍ റിക്രൂട്ട്മെന്റുകള്‍ നടത്തുകയും ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്തിരുന്ന മുതിർന്ന ഐഎസ് നേതാവ് ഉള്‍പ്പെടെയുള്ള ഭീകരരെ ലക്ഷ്യമിട്ട് കൃത്യമായ സൈനിക വ്യോമാക്രമണത്തിന് ഉത്തരവിട്ടു. ഗുഹകളില്‍ ഒളിച്ചിരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തിയ ഈ ഭീകരർ അമേരിക്കയ്ക്കും ഞങ്ങളുടെ സഖ്യകക്ഷികള്‍ക്കും ഭീഷണിയായിരുന്നു. വ്യോമാക്രമണങ്ങള്‍ അവർ താമസിക്കുന്ന ഗുഹകള്‍ നശിപ്പിക്കുകയും ഒരു തരത്തിലും സാധാരണക്കാർക്ക് ദോഷം വരുത്താതെ നിരവധി ഭീകരവാദികളെ കൊലപ്പെടുത്തുകയും ചെയ്തു’. ട്രംപ് തന്റെ പോസ്റ്റില്‍ പറയുന്നു.
അമേരിക്കൻ സൈന്യം വർഷങ്ങളായി ഐഎസിന്റെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ഭീകരനെ തെരയുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ ബൈഡനും അദ്ദേഹത്തിൻ്റെ കൂട്ടാളികളും ജോലി പൂർത്തിയാക്കാൻ വേണ്ടത്ര വേഗത്തില്‍ പ്രവർത്തിച്ചില്ലെന്നും എന്നാല്‍ താൻ അത് ചെയ്തെന്നും ട്രംപ് വ്യക്തമാക്കി. ഐഎസിനും അമേരിക്കക്കാരെ ആക്രമിക്കുന്ന മറ്റെല്ലാവർക്കുമായി അദ്ദേഹം ഒരു സന്ദേശം നല്‍കുകയും ചെയ്തു. ഞങ്ങള്‍ നിങ്ങളെ കണ്ടെത്തി ഇല്ലാതാക്കുമെന്ന് ട്രംപ് ഭീകരർക്ക് മുന്നറിയിപ്പ് നല്‍കി.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷം അമേരിക്കൻ സൈന്യത്തിൻ്റെ ആദ്യ സൈനിക നടപടിയാണിത്. അമേരിക്കൻ സൈന്യത്തിൻ്റെ ആഫ്രിക്കൻ കമാൻഡ് നടത്തിയ ആക്രമണങ്ങള്‍ ട്രംപിന്റെ നിർദ്ദേശപ്രകാരം സൊമാലിയൻ സർക്കാരുമായി ഏകോപിപ്പിച്ചാണ് നടത്തിയതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ആക്രമണത്തില്‍ സാധാരണക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും ഭീകരർ കൊല്ലപ്പെട്ടെന്നുമാണ് പെന്റഗണിന്റെ വിലയിരുത്തല്‍.




