അടൂർ- പറന്തൽ: അകത്തെ ആത്മീയ മനുഷ്യൻ വീണ്ടും ശക്തി പ്രാപിച്ചാൽ ഈ ദേശത്തെ കീഴടക്കുവാൻ നമുക്ക് സാധിക്കും. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ്റെ നാലും അഞ്ചും ദിനങ്ങളിലെ രാത്രി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാസ്റ്റർ ഷിബു തോമസ് (യൂ.എസ്.എ). എഫെസ്യർ 1: 15- 20 വരെയുള്ള വാക്യങ്ങൾ ആയിരുന്നു ആധാരം.
അദ്ദേഹത്തിൻ്റെ പിതാവ് പാസ്റ്റർ റ്റി. സി തോമസ് അസംബ്ലിസ് ഓഫ് ഗോഡ് സഭയിലെ ശുശ്രൂഷകനായിരുന്നു ദീർഘ വർഷങ്ങൾ എന്ന് സ്മരിച്ചുകൊണ്ടായിരുന്നു പ്രഭാഷണം ആരംഭിച്ചത്.
ആത്മീയ ആവേശവും, വിശുദ്ധിയും, ആർത്തിയുമുള്ളവർക്ക് മാത്രമേ ആന്തരികമായ ആത്മീയ കണ്ണ് തുറക്കുവാൻ സാധിക്കു.
തടവറകളെ എഴുത്ത് ശാലയും, പ്രാർത്ഥന മുറിയും ആരാധനാ സ്ഥലവും പ്രസംഗവേദിയും അക്കിയ പൗലോസിനെപ്പോലെ പ്രതിസന്ധികളിൽ നമ്മുടെ ആത്മീയ മനുഷ്യൻ ഉണർന്ന് പ്രവർത്തിച്ചാൽ നമ്മുടെ സഭകൾ അതിവിദൂര ഭാവിയിൽ വളർച്ചയിൽ മുൻപന്തിയിൽ എത്തും.
ദൈവത്തിനു നമ്മേക്കുറിച്ചുള്ള സ്വപ്നം പോലെ നമുക്കും സഭയെക്കുറിച്ചും സുവിശേശീകരണത്തെ പറ്റിയും സ്വപ്നം ഉണ്ടായിരിക്കണം. പിശാചിൻ്റെ തലയെ തകർക്കുന്ന ഒരു പുതുതലമുറ ഈ സമൂഹത്തിൽ എഴുന്നേൽക്കണം. അല്ലെങ്കിൽ നാം വലിയ വിലകൊടുക്കണ്ടിവരും.
നാലുപേരെ കൂട്ടി, തട്ടി ക്കൂട്ടുന്നതല്ല സഭ. ആത്മാവിൽ ആരംഭിക്കുന്ന വിശുദ്ധരുടെ പ്രവർത്തന കൂട്ടം ആയിരിക്കണം സഭ. അപ്പോഴാണ് അന്ധകാരത്തിൻ്റെ അതിർവരമ്പുകൾ വിട്ട് പിശാച് പോകുകയുള്ളൂ. ആത്മീയൻ്റെ കാൽച്ചുവട്ടിൽ നീരുറവയുടെ ചാലുകൾ പൊട്ടിപ്പുറപ്പെടും അത് തലമുറകൾക്കും സമൂഹത്തിനും അനുഗ്രഹമാകുമെന്നും നാം ഓർക്കണം.
തളർന്നു കിടക്കുന്ന തലമുറക്ക് ആ ഉറവയിൽ നിന്നും വെള്ളം കോരിക്കൊടുക്കുമെന്നും അവൻ മടങ്ങി വന്ന് ജീവൻ പ്രപിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇതുവരെ നടന്ന സമ്മേളനങ്ങളിൽ നിന്നും വ്യത്യസ്തമായ ആത്മ നിറവിലായിരുന്നു സമ്മേളനം. വലിയ ആത്മീയകരഘോഷത്തോടെയാണ് ജനം വചനം സ്വീകരിച്ചത്. കഴിഞ്ഞ വർഷങ്ങളെക്കാൾ വലിയ ജനപങ്കാളിത്തം ഇപ്രാവശ്യം ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്. അനുതാപവും ക്ഷമ ചോദിക്കലും പുനക്രമീകരണങ്ങളും കരച്ചിലും സ്റ്റേജിലും പന്തലിലും കാണാമായിരുന്നു.
അകത്തെ ആത്മീയമനുഷ്യൻ്റെ പ്രവർത്തനമാണ് ഇതൊക്കെയെങ്കിൽ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹം ഇനിയും വളരുമെന്ന് അനേകർ പറയുന്നു. ഉത്തരമേഖല ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ്, എ ജി ഡിസ്ട്രിക്ട് ട്രഷാർ പാസ്റ്റർ പി കെ ജോസ്
എന്നിവർ ഇരു ദിവസങ്ങളിലായി അധ്യക്ഷത വഹിച്ചു.
വാർത്ത: ഷാജി ആലുവിള




