സഹപാഠികളുടെ ക്രൂരമായ റാഗിങ്; 15 കാരന്റെ ആത്മഹത്യയിൽ പരാതിയുമായി കുടുംബം

കൊച്ചി: 15 കാരൻ ജീവനൊടുക്കിയത് സഹപാഠികളുടെ ക്രൂരമായ റാഗിങ് മൂലമെന്ന ആരോപണവുമായി മാതാപിതാക്കള്‍. ഈ മാസം 15നാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ചാടി മരിച്ചത്.

ചോറ്റാനിക്കര തിരുവാണിയൂരുള്ള ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു മിഹിർ. മൂന്ന് മാസം മുൻപാണ് മകൻ സ്കൂളില്‍ ചേർന്നതെന്നും അവിടെ വെച്ച്‌ ക്രൂരമായ റാഗിങിനാണ് മകൻ ഇരായായത്. വാഷ്‌റൂമില്‍ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്‌ത്തിവച്ച്‌ ഫ്ലഷ് അമർത്തി. തുടർന്നുണ്ടായ മാനസിക – ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്ന് മാതാവ് റജ്നയുടെ പരാതിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ സഹിതം മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇക്കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാതാവ് സമൂഹ മാദ്ധ്യമങ്ങളിലും കുറിപ്പും പങ്കുവച്ചിട്ടുണ്ട്

റജ്നയുടെ കുറിപ്പില്‍ നിന്ന്: ‘വീട്ടമ്മയും ഒരു സംരംഭകയും 15- കാരനായ മിഹിറിന്റെ മാതാവുമായ ഞാൻ തൃപ്പൂണിത്തുറയില്‍ സന്തുഷ്ട കുടുംബജീവിതം നയിച്ചുവരുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന എന്റെ മകൻ മിഹിർ സ്‌കൂളില്‍ നിന്ന് തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റിലേക്ക് ഉച്ചകഴിഞ്ഞു വരുകയും വൈകാതെ കെട്ടിടത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് താഴേക്ക് ചാടി ജീവനൊടുക്കുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് ഞങ്ങള്‍ക്ക് ലഭിച്ചത്.

മിഹിർ മൂന്നുമാസം മുൻപ് പുതുതായി ചേർന്ന സ്‌കൂളില്‍വെച്ച്‌ ഒരു പ്രത്യേക ഗ്യാങ് വിദ്യാർഥികളാല്‍ അതിക്രൂരമായി റാഗ് ചെയ്യപ്പെട്ടിരുന്നു. അവന്റെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതില്‍നിന്നും, ഞങ്ങള്‍ക്ക് ലഭ്യമായ ചില സോഷ്യല്‍ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിലും അവൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയനായിരുന്നു എന്നത് വ്യക്തമാണ്. അത്തരമൊരു നിസ്സഹായമായ ഘട്ടത്തില്‍ അവൻ എടുത്തതാണ് ആ തീരുമാനം എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടാൻ തക്ക തെളിവുകളും ലഭിച്ചു. എന്റെ പ്രിയപ്പെട്ട മകന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പരാതി പോലീസില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, കേരള മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഡി.ജി.പി.ക്കും വിശദമായ പരാതി നല്‍കിയിട്ടുണ്ട്. പ്രിയപ്പെട്ട മകന്റെ ജീവൻ അപഹരിച്ച കേസിലെ മുഴുവൻ പ്രതികളെയും എത്രയുംവേഗം നിയമത്തിനു മുന്നിലെത്തിച്ച്‌ അർഹമായ ശിക്ഷ നല്‍കണം എന്നതാണ് ഒരു മാതാവ് എന്ന നിലയില്‍ എന്റെ ആവശ്യം. അതിനു വേണ്ടി സാധ്യമായ എല്ലാ നിയമപോരാട്ടവും നടത്താനാണ് തീരുമാനം.’

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും