തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസുമായി ബന്ധപ്പെട്ട് ജോത്സ്യൻ കസ്റ്റഡിയില്‍.
കരിക്കകം സ്വദേശിയയായ ശംഖുമുഖം ദേവീദാസനെയാണ് കസ്റ്റഡിയിലെടുത്തത്. കുടുംബത്തിന് പല ഉപദേശങ്ങളും നല്‍കിയിരുന്നത് ഈ ജോത്സ്യനായിരുന്നുവെന്നാണ് കണ്ടെത്തല്‍.
കുഞ്ഞിന്റെ അമ്മാനവനാണ് കൊലനടത്തിയതെങ്കിലും ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസം കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
കുടുംബത്തിന് വലിയ തോതില്‍ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുടുംബം പലരില്‍നിന്നായി ലക്ഷക്കണക്കിന് രൂപ കടം വാങ്ങിയിരുന്നു. ഇക്കാര്യം പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാല്‍ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ചോദ്യം ചെയ്യലില്‍ ഇവർ നല്‍കുന്ന മൊഴിയില്‍ അവിശ്വസനീയമായ പലതുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഹരികുമാർ സഹോദരി ശ്രീതുമായി വഴിവിട്ട ബന്ധങ്ങള്‍ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇത് നടക്കാത്തതിലുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് ഹരികുമാറിന്റെ മൊഴി.
അമ്മ ശ്രീതുവും സഹോദരൻ ഹരികുമാറും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നത്. വിശ്വസിക്കാൻ പ്രയാസമുള്ള രീതിയിലാണ് ഇവർ മൊഴിനല്‍കുന്നത്.
രാത്രി തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും ഇവർ തമ്മില്‍ വിഡിയോ ചാറ്റ് ചെയ്യുമായിരുന്നു എന്നാണ് കണ്ടെത്തല്‍. ശ്രീതുവിന്‍റെയും ഹരികുമാറിന്‍റെയും ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകള്‍ വീണ്ടെടുക്കുന്നതിനാണ് പരിശോധന. കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. നിലവില്‍ പൂജപ്പുര വനിതാ മന്ദിരത്തിലാണ് ശ്രീതു ഉളളത്. കൂട്ടിക്കൊണ്ട് പോകാൻ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്. ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചായിരിക്കും ഇന്ന് ചോദ്യം ചെയ്യുക.
വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. ഇതിനിടയിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കോട്ടുകാല്‍ സ്വദേശികളായ ശ്രീതു-ശ്രീജിത്ത് ദമ്ബതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടുവയസുകാരിയാണ് കൊല്ലപ്പെട്ടത്.




