മെൻസ് അസോസിയേഷൻെറ പാലാഭിഷേകം തടഞ്ഞു; കട്ടൗട്ട് എടുത്തുകൊണ്ടു പോയി ! ഇത് പുരുഷ വിരോധമല്ലേ? രാഹുൽ ഈശ്വർ

തിരുവനന്തപുരം: കഷായത്തിൽ വിഷം കലർത്തി നൽകി പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെൻസ് അസോസിയേഷന് ആഹ്ലാദപ്രകടനം നടത്താനായില്ല. പൊലീസ് എത്തി അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടും എടുത്തു കൊണ്ടുപോയി.

ഇതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറും ഓൾ കേരള മെൻസ് അസോസിയേഷനും.
ഇത് പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോൺ ഇരയും ​ഗ്രീഷ്മ വേട്ടക്കാരനുമെന്ന് സമ്മതിക്കാമോയെന്നും രാഹുൽ ഈശ്വർ.

ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോൾ അത് തടഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാൻ കാണിച്ച ആർജ്ജവം വ്യാജ പരാതികൾക്കെതിരെ ഒരു എഫ്ഐആർ എടുക്കാനുള്ള മര്യാദ എങ്കിലും കാണിക്കണമെന്നും രാഹുൽ ഈശ്വർ പൊലീസിനോട് ആവശ്യപ്പെട്ടു.

ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ‌ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓൾ കേരള മെൻസ് അസോസിയേഷൻ തീരുമാനിച്ചിരുന്നത്.

രാഹുല്‍ ഈശ്വറായിരുന്നു ഉദ്ഘാടകൻ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ഗ്രീഷ്മയ്ക്ക് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് 10 വര്‍ഷത്തെ തടവും അന്വേഷണത്തെ വഴി തെറ്റിച്ചതിന് 5 വര്‍ഷത്തെ തടവുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരൻ നായർക്ക് 3 വര്‍ഷം തടവുശിക്ഷ വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും