വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ച് ഡൊണാൾഡ് ട്രംപ്. സർക്കാർ രേഖകളിൽ ലിംഗം രേഖപ്പെടുത്തുന്ന കോളങ്ങളിൽ ഇനി സ്ത്രീ, പുരുഷൻ എന്നിങ്ങനെ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് അതിലൊന്ന്. ഈ രണ്ടുവിഭാഗങ്ങളെ മാത്രമേ അമേരിക്കൻ ഫെഡറൽ ഗവണ്മെന്റ് അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു.
ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കില്ലെന്നുകൂടി വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ചർച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളിൽ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രാൻസ്ജെൻഡറുകളുടെ അവകാശങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ സജീവമായി ചർച്ചകൾ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, നിരവധി റിപ്പബ്ലിക്ക് പാർട്ടി പ്രതിനിധികൾ ട്രാൻസ്‌ജെൻഡർ നിയമങ്ങൾ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കായികയിനങ്ങളിൽ പങ്കെടുക്കുന്ന ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കെതിരെ ട്രംപ് തന്നെ ഒരു പ്രചാരണത്തിൽ തുറന്നടിച്ചിരുന്നു.
വൈവിധ്യം, തുല്യത, ഉൾക്കൊള്ളിക്കൽ (DEI) എന്നിവയിലധിഷ്ഠിതമായ കൂടുതൽ നടപടികൾ ഇനിയുമുണ്ടാവുമെന്ന് ട്രംപുമായി അടുത്തവൃത്തങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചു. എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഭാഗമായി ലിംഗ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിന് ഫെഡറൽ ഫണ്ടുകൾ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.
യു.എസ് പ്രസിഡന്റായി ചുമതലയേറ്റ ആദ്യ ടേമിൽ, ഡൊണാൾഡ് ട്രംപ് സൈന്യത്തിൽ ട്രാൻസ്‌ജെൻഡർ
സൈനികർക്ക് നിരോധനം പ്രഖ്യാപിക്കുകയും ട്രാൻസ്‌ജെൻഡർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. 2021 ൽ അധികാരമേറ്റ ശേഷം
ജോ ബൈഡൻ ഈ നയം മാറ്റുകയായിരുന്നു.
⁰




