ഗാസസിറ്റി: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായി ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഹമാസ് ഇന്ന് മൂന്ന് ബന്ദികളെ മോചിപ്പിക്കും. റോമി ഗോണൻ (24), എമിലി ഡമാരി (28), ഡോറോൺ സ്റ്റെയിൻബ്രെച്ചർ (31) എന്നിവരെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി 7. 30ന് ശേഷമായിരിക്കും ബന്ദികളുടെ കൈമാറ്റം.
“ബന്ദികളെ മോചിപ്പിക്കാനുള്ള പദ്ധതി പ്രകാരം, ഗാസയിലെ ഒന്നാം ഘട്ട വെടിനിർത്തൽ പ്രാദേശിക സമയം 11:15 ന് (09:15 GMT) പ്രാബല്യത്തിൽ വരും,” ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

അന്താരാഷ്ട്ര സമയം, പകല്‍ 6.30 ഓടെ മൂന്നുഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്ന് മോചിപ്പിക്കുന്നവരുടെ പേരുവിവരങ്ങൾ ഹമാസ് നൽകാത്തതിനെ തുടർന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത് വൈകി. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ പ്രതിരോധ സേന ആക്രമണങ്ങളും ആരംഭിച്ചു. ഇതിനു പിന്നാലെ ഇന്ന് മോചിപ്പിക്കുന്ന മൂന്ന് സിവിലിയൻ സ്ത്രീകളുടെ വിവരങ്ങൽ ഹമാസ് കൈമാറി. തുടർന്നാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് വെടിനിർത്തൽ കരാർ നടപ്പിലാക്കുന്നത്. വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ, ഇസ്രയേൽ തടവിലാക്കിയ നൂറുകണക്കിന് പലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി ആറ് ആഴ്ചയ്ക്കുള്ളിൽ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ബാക്കിയുള്ള 98 ബന്ദികളെ രണ്ടാം ഘട്ടത്തിലാകും മോചിപ്പിക്കുക.
അതെസമയം
ഗാസ വെടിനിർത്തൽ കരാറിൽ പ്രതിഷേധിച്ച് മൂന്ന് മന്ത്രിമാർ രാജിക്കത്ത് നൽകി. ബെഞ്ചമിൻ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് തീവ്ര വലതുപക്ഷ പാർട്ടിയായ ഓട്‌സ്മ യെഹൂദിത്. പാർട്ടിയുടെ മൂന്ന് മന്ത്രിമാർ പ്രധാനമന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പൈതൃക വകുപ്പ് മന്ത്രി അമിച്ചായ് എലിയാഹു, ദേശീയ പ്രതിരോധ മന്ത്രി യിത്സാക്ക് വാസ്സർലോഫ് എന്നിവരാണ് രാജിവെച്ചത്.
രാജിക്കത്തിൽ നെതന്യാഹുവിന്റെ നേതൃത്വത്തിലുണ്ടായ പ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഓട്‌സ്മ യെഹൂദിത് ചെയർമാൻ ബെൻ ഗ്വിർ വെടിനിർത്തൽ കരാറിനെ രൂക്ഷമായി വിമർശിച്ചു. കരാർ ഹമാസിനോടുള്ള കീഴടങ്ങലാണെന്നായിരുന്നു ബെൻ ഗ്വിറിന്റെ വിമർശനം. പ്രത്യയശാസ്ത്രപരമായ ചുവപ്പുരേഖകള്‍ നെതന്യാഹു സർക്കാർ മറികടന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നിങ്ങളുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, പക്ഷേ പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിൽ ഞങ്ങളുടെ കാഴ്ചപ്പാടിനും മനസ്സാക്ഷിക്കും അനുസൃതമായി ഞങ്ങൾ വോട്ട് ചെയ്യും. ഹമാസിനെതിരെ പൂർണമായ വിജയവും യുദ്ധത്തിന്റെ ലക്ഷ്യങ്ങളുടെ പൂർണമായ സാക്ഷാത്കാരവും കൂടാതെ ഞങ്ങൾ സർക്കാരിലേക്ക് മടങ്ങില്ല,” ബെൻ ഗ്വിർ പറഞ്ഞു.




