വണ്ടിത്താവളം: കാറ്റില്‍പ്പെട്ട് നിയന്ത്രണം നഷ്ടമാവുകയും ഇന്ധനം തീരുകയും ചെയ്തതിനെത്തുടര്‍ന്ന് ഭീമന്‍ യാത്രാബലൂണ്‍ പെരുമാട്ടി കമ്പാലത്തറയില്‍ പാടത്തേക്ക് ഇടിച്ചിറക്കി. ബലൂണിലുണ്ടായിരുന്ന വിദ്യാര്‍ഥികളായ സഹോദരിമാരടക്കമുള്ള നാലുപേരും സുരക്ഷിതരാണ്. ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം. വലിയ അപകടത്തില്‍ നിന്നാണ് ബലൂണ്‍ യാത്രികര്‍ രക്ഷപ്പെട്ടത്.

തമിഴ്‌നാട് ടൂറിസം വകുപ്പ് പൊള്ളാച്ചിയില്‍ നടത്തുന്ന അന്താരാഷ്ട്ര ബലൂണ്‍ ഉത്സവത്തിന്റെ ഭാഗമായാണ് ആനയുടെ രൂപമുള്ള ചൂടുവായു നിറച്ച ബലൂണ്‍ പറത്തിയത്. ഇന്ധനം തീരുകയാണെന്ന് മനസ്സിലായപ്പോള്‍ പൈലറ്റ് ബലൂണ്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും തെങ്ങിന്‍തോപ്പുകള്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ ഒഴിഞ്ഞ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടി. കന്നിമാരി മുള്ളന്‍തോടിലുള്ള രാമന്‍കുട്ടിയുടെ പാടത്തേക്കാണ് ബലൂണ്‍ ഇടിച്ചിറക്കാന്‍ കഴിഞ്ഞത്.
വലിയ ശബ്ദം കേട്ടാണ് പുറത്തിറങ്ങി നോക്കിയതെന്ന് രാമന്‍കുട്ടിയുടെ മകന്‍ സുധനകുമാര്‍ പറഞ്ഞു. ബലൂണ്‍ ഉയരുകയും താഴുകയും തെങ്ങുകളില്‍ ഇടിക്കുകയും ചെയ്യുന്നതാണ് കണ്ടത്. സഹായിക്കണേ… എന്ന നിലവിളി കേട്ടപ്പോഴാണ് ബലൂണിലെ ബാസ്‌കറ്റില്‍ ആളുണ്ടെന്നു മനസ്സിലായത്. പൈലറ്റുമാര്‍ പരിഭ്രാന്തരായിരുന്നു. കുട്ടികളാണ് നിലവിളിച്ചത്. താഴേക്കിറങ്ങിയ ബലൂണ്‍ വീണ്ടും മുകളിലേക്കുയര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് പണിപ്പെട്ട് പിടിച്ചുനിര്‍ത്തുകയായിരുന്നു. തമിഴ്നാട് പോലീസിലെ ഉന്നതോദ്യോഗസ്ഥന്റെ രണ്ടു മക്കളും ബലൂണ്‍ നിയന്ത്രിക്കുന്ന വിദേശികളായ രണ്ടു പൈലറ്റുമാരുമാണ് ബലൂണില്‍ ഉണ്ടായിരുന്നത്.



