ഷില്ലോങ്: മേഘാലയയിൽ പുതുതായി ആരംഭിക്കുന്ന സർവകലാശാലയുടെ ഉദ്ഘാടന ചടങ്ങ് ക്രിസ്തീയ ആചാരപ്രകാരം വേണമെന്ന മന്ത്രിയുടെ നിർദേശത്തെ എതിർത്ത് വിവിധ സംഘടനകൾ.
ക്രിസ്ത്യൻ സംഘടനകൾ ഉൾപ്പെടെയാണ് എതിർപ്പുമായി രംഗത്തുവന്നത്. മേഘാലയ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും ഇന്ത്യയുടെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണമെന്നും വിവിധ സഭാ നേതാക്കൾ വ്യക്തമാക്കി.
ക്യാപ്റ്റൻ വില്യംസൺ സാങ്മ സ്റ്റേറ്റ് സർവകലാശാലയുടെ ഉദ്ഘാടനം ജനുവരി 13ന് ക്രിസ്ത്യൻ ആചാരപ്രകാരം നടക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി റക്കാം എ. സാങ്മയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള സർവകലാശാല ഗോത്ര പഠനത്തിലും തദ്ദേശീയ ഭാഷാ സംരക്ഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നമ്മുടേത് ക്രിസ്ത്യൻ സംസ്ഥാനമാണ്. വമ്പിച്ച പ്രാർഥനാ സമ്മേളനത്തോടെ ആദ്യ സംസ്ഥാന സർവകലാശാല സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പാർലമെൻറിനെ ഹിന്ദു ആചാരങ്ങൾ പ്രകാരം അനുഗ്രഹിക്കാമെങ്കിൽ ക്രിസ്ത്യൻ സംസ്ഥാനത്ത് എന്തുകൊണ്ട് ക്രിസ്ത്യൻ ആചാരങ്ങൾ നടത്തിക്കൂട?’ -റക്കാം എ. സാങ്മ പറഞ്ഞു.
എന്നാൽ, മന്ത്രിയുടെ പ്രസ്താവന മതേതരത്വത്തിൻെറ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് എൻജിഒയായ ‘ത്മയു രങ്ക്ലി-ജുകി’ കുറ്റപ്പെടുത്തി. ‘ഭൂരിഭാഗം ജനങ്ങളും ക്രിസ്ത്യൻ വിശ്വാസം പുലർത്തുന്നവരായിരിക്കാം. പക്ഷെ, അതുകൊണ്ട് ക്രിസ്ത്യൻ സംസ്ഥാനമാകില്ല.
വിവിധ മതവിശ്വാസികൾ ഇവിടെ കഴിയുന്നുണ്ട്. മന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് വിവേചനത്തിന് കാരണമാകും. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആസൂത്രണം ചെയ്ത പ്രാർഥനാ ചടങ്ങ് റദ്ദാക്കണം’-സംഘടന വ്യക്തമാക്കി.




