ടെല്‍ അവീവ്: സനാ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ യെമനിലെ ഹൂതികളുമായി ബന്ധപ്പെട്ട ഒന്നിലധികം കേന്ദ്രങ്ങളില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍.
കുറഞ്ഞത് ആറ് പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഹൂതി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സനാ വിമാനത്താവളത്തില്‍ ആക്രമണം നടക്കുമ്ബോള്‍ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസും സംഭവ സ്ഥലത്തുണ്ടായിരുന്നു.
തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ടെഡ്രോസ് അദാനോം വിമാനത്തില്‍ കയറാനായി തയ്യാറെടുത്ത് നില്‍ക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. വിമാനത്തിലെ ഒരു ക്രൂ മെമ്ബർക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തില്‍ ആക്രമണം നടത്തിയതിന് പുറമെ യെമന്റെ പടിഞ്ഞാറൻ തീരത്തുള്ള ഹൊദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളും തകർത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
രാജ്യത്തെ ഹെസ്യാസ്, റാസ് കനാറ്റിബ് പവർ സ്‌റ്റേഷനുകളിലും ആക്രമണം നടത്തിയിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സബ വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തോട് വേഗത്തില്‍ പ്രതികരിക്കാനും അതിനെ നേരിടാനും തങ്ങള്‍ തയ്യാറാണെന്ന് ഹൂതികളെ ഉദ്ധരിച്ച് അല്‍ മസീറ ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഗാസയിലെ പലസ്‌തീനികളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി ഹൂതികള്‍ ഇസ്രായേലിന് നേരെ ഡ്രോണുകളും മിസൈലുകളും ആവർത്തിച്ച് പ്രയോഗിച്ചിരുന്നു. ഇതാണ് ഇസ്രയേലിന്റെ പ്രകോപനത്തിന് പിന്നാലെ പ്രധാന കാരണം. ഹൂതികള്‍ക്കെതിരായ നടപടികളുടെ തുടക്കത്തില്‍ മാത്രമാണ് ഇസ്രായേലെന്ന് ചാനല്‍ 14ന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
തെക്കൻ ലെബനനിലെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തിയ നിരന്തര നടപടികളിലൂടെ സിറിയൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ ആയുധ ശേഖരങ്ങളില്‍ ഭൂരിഭാഗവും നശിപ്പിച്ച സാഹചര്യത്തില്‍ നിലവില്‍ ഇസ്രായേലിന് മേല്‍ക്കൈയുണ്ട്.
അതേസമയം, തടവിലാക്കപ്പെട്ട യുഎൻ ജീവനക്കാരെ മോചിപ്പിക്കുന്നതിനും മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനുമായാണ് താൻ യെമനില്‍ എത്തിയതെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് പറഞ്ഞു. ഞങ്ങള്‍ ഉണ്ടായിരുന്നിടത്ത് നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയായിരുന്ന എയർ ട്രാഫിക് കണ്‍ട്രോള്‍ ടവർ, ഡിപ്പാർച്ചർ ലോഞ്ച് എന്നിവയ്ക്കും റണ്‍വേയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഹൂതികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം പ്രത്യേകിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒന്നാണെന്ന് യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞതായി യുഎൻ വക്താവ് അറിയിച്ചു. സംഘർഷം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഗുട്ടെറസ് ആശങ്കാകുലനാണ്, സൈനിക നടപടികള്‍ അവസാനിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അദ്ദേഹം ആവശ്യപ്പെട്ടു.


