ബിജു പി. സാമുവൽ,
പശ്ചിമ ബംഗാൾ Ph: 08016306857.
ഈ വർഷം പതിവിലും തണുപ്പ് കൂടുതൽ ആയിരുന്നു. എങ്കിലും ഡിസംബർ പതിനാറാം തീയതി മുതൽ വിവിധ ഗ്രാമങ്ങളിൽ ക്രിസ്തുമസ്സ് പ്രോഗ്രാം നടത്തി.

ഞാൻ താമസിക്കുന്ന മൂർഷിദാബാദിലെ വീടിനു ചുറ്റുവട്ടത്തുള്ള ഹിന്ദു-മുസ്ലിം ഭവനങ്ങളിലൊക്കെ എല്ലാവർഷവും കേക്കും സുവിശേഷപ്രതികളും
നൽകാറുണ്ടായിരുന്നു.
ഈ വർഷം വീടിനു മുമ്പിൽ ഒരു പ്രോഗ്രാം ആയിട്ട് തന്നെ ‘അറേഞ്ച്’ ചെയ്തു. ചുറ്റുവട്ടത്തുള്ളവരൊക്ക വന്നുകൂടി. പാട്ടും ഡാൻസും യേശു ജീവിതത്തിൽ വരുത്തിയ രൂപാന്തരത്തിന്റെ സാക്ഷ്യവും ക്രിസ്തുമസ്സ് സന്ദേശവും പിന്നെ കേക്ക്, ചോക്ലേറ്റ് വിതരണവും ഒക്കെയായി ക്രിസ്തുമസ്സ് ദിനങ്ങൾ. ചില ഗ്രാമങ്ങളിൽ എല്ലാവർക്കും ഭക്ഷണവിതരണവും.. സുവിശേഷം പങ്കുവയ്ക്കാൻ ഏറ്റവും പറ്റിയ സമയങ്ങൾ.
“ബിജുദാ, അടുത്ത വർഷം കുറച്ചുകൂടി വിപുലമായി നടത്തണം. ഞങ്ങളും കൂടാം.” ബംഗാളികളുടെ ആത്മാർത്ഥമായ പിന്തുണ.
ഇന്ന് ഡിസംബർ 25- ക്രിസ്തുമസ് ദിനം. ഇന്നു വൈകിട്ടും ഒരു ഗ്രാമത്തിൽ പ്രോഗ്രാം ഉണ്ട്. പങ്കെടുക്കുന്നവർക്കെല്ലാം ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
ഇന്നു രാവിലെ കുറെ ബ്ലാങ്കറ്റും ചെറിയ കേക്കുമായി സഹസുവിശേഷകനോടൊപ്പം ‘ബെരാംപൂർ ( Berhampore) സിറ്റി’ ഒന്നു കറങ്ങി. വഴിയരികിലും ചന്തസ്ഥലത്തും മൈതാനത്തും അഭയം പ്രാപിച്ചിരിക്കുന്ന സാധുക്കളായവർ.
ഞങ്ങളുടെ യാത്രയിൽ, ഭിക്ഷാടനം നടത്തുന്ന ഒരു ഭർത്താവിനെയും ഭാര്യയെയും കണ്ടു. ഭർത്താവിനു കമ്പിളിയും കേക്കും കൊടുത്തപ്പോൾ ഭാര്യയും ആവശ്യപ്പെട്ടു. അവർക്കും നൽകി. ഞങ്ങൾ തിരിയുന്നതിനിടയിൽ ഭാര്യ ഭർത്താവിനോടു പറയുന്നതു കേട്ടു: “തുമി ഓ ഖുശി, അമി ഓ ഖുശി”( “നിങ്ങൾക്കും സന്തോഷം, എനിക്കും സന്തോഷം”).
മനുഷ്യൻെറ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വസ്ത്രവും പാർപ്പിടവും പോലും ഇല്ലാതിരുന്നിട്ടും, കട്ടികുറഞ്ഞ ഒരു ബ്ലാങ്കറ്റും ചെറിയൊരു കേക്കും കിട്ടിയപ്പോഴുള്ള അവരുടെ ആനന്ദം.. ചിലരുടെ എങ്കിലും മുഖത്ത് ചെറുചിരി വിരിക്കാൻ ക്രിസ്തുമസ്സ്ദിനത്തിൽ ഞങ്ങൾക്ക് കഴിഞ്ഞല്ലോ.
ക്രിസ്തുമസും പുതുവത്സര ആഘോഷങ്ങളും ഒക്കെയായി എത്ര കോടികളാണ് പൊടിപൊടിക്കുന്നത്. എന്നിട്ടും ശാന്തിയും നിലനിൽക്കുന്ന സന്തോഷവും ഇന്നും അന്യമായിരിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രനോടും താദാത്മ്യപ്പെടുന്ന വഴിവക്കിലെ ജന്മമായിരുന്നില്ലേ യേശുവിന്റെത്? കൊട്ടാരസമാനമായ മന്ദിരങ്ങളിൽ താമസിക്കുമ്പോഴും ആർഭാടങ്ങളും ധൂർത്തും വർദ്ധിക്കുമ്പോഴും നിങ്ങളുടെ ചുറ്റുവട്ടത്തുള്ള സാധുക്കളെ ഈ ക്രിസ്തുമസ്സിലും പുതുവർഷത്തിലും ഓർക്കുന്നത് നല്ലതാണ്. ഒരു ചെറിയ ചിരി എങ്കിലും അവരുടെ മുഖത്ത് വിരിയിക്കാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ. കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും സന്ദേശം കൂടിയായി നമ്മുടെ ക്രിസ്തുമസ്സ് മാറട്ടെ.
“തുമി ഓ ഖുശി,അമി ഓ ഖുശി”.



