വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132കോടി 62 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്.എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ നല്‍കിയ കത്ത് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു.

◾ 29ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു. തിരുവനന്തപുരത്ത് ഇനി സിനിമയുടെ രാപ്പകലുകള്‍. ഡിസംബര്‍ 20 വരെയാണ് ചലച്ചിത്രമേള. 15 സ്‌ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ശബാന ആസ്മി മുഖ്യാഥിതിയായി. ചടങ്ങില്‍ ഹോങ്കോങ് സംവിധായക ആന്‍ ഹൂയിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി. സിനിമാരംഗത്തേക്ക് കടന്നുവരുന്ന കലാകാരികള്‍ക്ക് അന്തസ്സോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കുമെന്ന് ഉറപ്പ് നല്‍കുന്നതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

◾ പാലക്കാട് പനയമ്പാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന. പൊലീസും മോട്ടോര്‍ വാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്നാണ് പരിശോധന. അപകട ശേഷം നാട്ടുകാര്‍ അശാസ്ത്രീയ റോഡ് നിര്‍മാണത്തിന്റെ പേരില്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് സംയുക്ത പരിശോധനക്ക് തീരുമാനമായത്.

◾ പാലക്കാട് അപകടത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. അശാസ്ത്രീയ നിര്‍മാണത്തിന് പരിഹാരം വേണമെന്നും ദുബായ് കുന്നിനും യുപി സ്‌കൂളിനും ഇടയില്‍ അപകടം തുടര്‍ക്കഥയാണെന്നും അശാസ്ത്രീയ നിര്‍മാണം പരിഹരിച്ച് വളവില്‍ പുനര്‍നിര്‍മാണം വേണമെന്നും കത്തില്‍ എംപി ആവശ്യപ്പെട്ടു.

◾ പാലക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസര്‍കോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്. സിമന്റ് ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

◾ സാമൂഹ്യ മാധ്യമങ്ങളില്‍ കാഫിര്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് എടുക്കാത്തതിനെ ചോദ്യം ചെയ്ത് കോടതി. വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കിയ അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ മനീഷ്, റെഡ് ബറ്റാലിയന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ വഹാബ് എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.

◾ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്റെ പേരില്‍ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.

◾ നടിയെ ആക്രമിച്ച കേസില്‍ നടപടിക്രമങ്ങള്‍ തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്. വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നുണ്ടെന്നും വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണമെന്നുമാണ് നടിയുടെ ആവശ്യം.

◾ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് വേണ്ടി കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് ആധുനിക നിലവാരത്തില്‍ ഒരുക്കിയ എറണാകുളം മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ചടങ്ങുകള്‍. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 1.63 ഏക്കര്‍ സ്ഥലത്ത് 72 കോടി രൂപ ചെലവില്‍ 19,990 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ നാല് നിലകളിലായാണ് മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മിച്ചത്.

◾ പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മകന് ഇരുചക്രവാഹനം ഓടിക്കാന്‍ നല്‍കിയ മാതാവിനെതിരെ കേസെടുത്ത് അയിരൂര്‍ പൊലീസ്. ഇത് കൂടാതെ കുട്ടി പ്രായപൂര്‍ത്തി ആയാലും 25 വയസിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയുമുള്ളുവെന്ന് വര്‍ക്കല സബ് ആര്‍ ടി ഓഫീസ് അധികൃതര്‍ പറഞ്ഞു.

◾ കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി കണക്കാക്കും.

◾ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ നൂതന സ്പെക്റ്റ് സിടി സ്‌കാനര്‍ പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ 16 മുതല്‍ ട്രയല്‍ റണ്ണിന് ശേഷം പ്രവര്‍ത്തനം ആരംഭിക്കും.ഡോക്ടര്‍ക്ക് തത്സമയം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് രോഗനിര്‍ണയം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഇതിലൂടെ സാധിക്കും. ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി കോഴ്‌സ് ആരംഭിച്ച് ചികിത്സ വിപുലപ്പെടുത്താനാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

◾ മണിയാര്‍ വൈദ്യുത പദ്ധതി കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന്റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വ്യവസായ മന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. 30 വര്‍ഷത്തേക്കുള്ള ബിഒടി കരാര്‍ ആണ് കാര്‍ബൊറാണ്ടം കമ്പനിക്ക് നല്‍കിയത്. കമ്പനിക്ക് കരാര്‍ നീട്ടി നല്‍കുന്നത് അഴിമതിയാണ്. ധാരണാ പത്രം പാലിച്ചിട്ടില്ലെന്നും കെ എസ് ഇ ബിക്ക് പദ്ധതി കൈമാറണം എന്ന് വൈദ്യുത ബോര്‍ഡ് നല്‍കിയ കത്തിന്റെ പകര്‍പ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

◾ കൂട്ടബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക എംപി-എംഎല്‍എ കോടതി നിര്‍ദേശിച്ചു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ ഇരയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷമാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. 10 ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്യാനും നീതിയുക്തമായ അന്വേഷണം നടത്താനും കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

◾ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. തിരുവണ്ണാമലൈ, ശ്രീപെരുമ്പത്തൂര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

◾ സിനിമ പ്രദര്‍ശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്ത നടന്‍ അല്ലു അര്‍ജുന്റെ ഇടക്കാല ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. കേസില്‍ പൊലീസിന്റെ അന്വേഷണം തടസപ്പെടുത്തരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. 50000 രൂപയും ആള്‍ജാമ്യവുമാണ് ജാമ്യവ്യവസ്ഥ.

◾ വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ വിദേശികള്‍ക്ക് തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റ് ഡല്‍ഹി പൊലീസിന്റെ പിടിയിലായി. വിവിധ രാജ്യക്കാരായ 42 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍ 23 പേര്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നവരാണ്. മറ്റുള്ളവര്‍ യാത്രക്കാരും. ഇവരില്‍ 13 പേര്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അനധികൃതമായി വിദേശയാത്ര ചെയ്യുന്നതിനാണ് ഇവരെല്ലാം വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കിയതെന്നും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഏജന്റുമാരില്‍ ഒന്‍പത് പേര്‍ ബംഗാളില്‍ നിന്നുള്ളവരാണ്. നാല് പേര്‍ ഡല്‍ഹിക്കാരും മൂന്ന് പേര്‍ മഹാരാഷ്ട്രക്കാരും ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് പിടിയിലായത്.

◾ അധികാരമേറ്റാലുടന്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്തുമെന്ന നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി 18,000 ഇന്ത്യക്കാരെ ബാധിക്കും.നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യു.എസ്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നവംബറില്‍ പുറത്തുവിട്ടിരുന്നു. അതില്‍ 17,940 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

◾ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ്. 2011ല്‍ വിദേശത്ത് ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തത് 29 പേരായിരുന്നെങ്കില്‍ 2022ല്‍ ഇത് 57 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 86 ആയി മാറുകയും ചെയ്തു.

◾ സിറിയയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 77 പേരെയാണ് സിറിയയില്‍ ഒഴിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജെയ്സ്വാള്‍ പറഞ്ഞു.

◾ ഫ്രാന്‍സ്വാ ബായ്‌റുവിനെ പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്ന് മിഷേല്‍ ബാര്‍ണിയറെ പുറത്താക്കി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാക്രോണിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെമെന്റ് നേതാവും 73-കാരനുമായ ബായ്‌റുവിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

◾ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കീരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിച്ച പതിനെട്ടുകാരന്‍ ദൊമ്മരാജു ഗുകേഷിന് തമിഴ്നാട് സര്‍ക്കാര്‍ 5 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ ലോകചാമ്പ്യനായതോടെ 11.45 കോടിരൂപ ഗുകേഷിന് സമ്മാനമായി ലഭിച്ചിരുന്നു.

◾ ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളുടെ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ധനമന്ത്രി നിര്‍മല സീതാരാമനും. ബിസിനസ്, എന്റര്‍ടൈയിന്‍മെന്റ്, രാഷ്ട്രീയം, ജീവകാരുണ്യ പ്രവര്‍ത്തനം, നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ വനിതകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ 28-ാം സ്ഥാനത്താണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെട്ടത്. രാജ്യത്തെ നാല് ട്രില്യണ്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതില്‍ നിര്‍മല സീതാരാമന്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ച കൈവരിക്കുന്നതിലും ധനമന്ത്രി മുഖ്യപങ്കുവഹിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍മല സീതാരാമന്‍ കഴിഞ്ഞാല്‍ എച്ച്.സി.എല്‍ ടെക്നോളജിയുടെ രോഷ്ണി നാടാര്‍ മല്‍ഹോത്രയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയില്‍ 82-ാം സ്ഥാനത്താണ് അവരുള്ളത്. പിതാവ് സ്ഥാപിച്ച 12 ബില്യണ്‍ ഡോളറിന്റെ സാമ്രാജ്യം നയിക്കുന്നതിനാണ് അവര്‍ പുരസ്‌കാരത്തിന് അര്‍ഹയായത്. കിരണ്‍ മസുംദാര്‍ ഷായാണ് പട്ടികയില്‍ ഇടംപിടിച്ച മൂന്നാമത്തെ ഇന്ത്യക്കാരി. ബയോകോണ്‍ എന്ന പേരിലുള്ള ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ സ്ഥാപകാംഗമാണ് അവര്‍.