ജി.സി.സി സെക്രട്ടറി ജനറൽ പദവിയിൽ അൽബുദൈവിയുടെ കാലാവധി ദീർഘിപ്പിച്ചു

ദീപു ജോൺ, കോർഡിനേറ്റർ യുഎഇ

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ പദവിയിൽ ജാസിം മുഹമ്മദ് അൽബുദൈവിയുടെ കാലാവധി മൂന്നു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു. കുവൈത്തിൽ ചേർന്ന 45-ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കളാണ് ജാസിം അൽബുദൈവിയുടെ കാലാവധി 2026 ഫെബ്രുവരി ഒന്നു മുതൽ മൂന്നു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചത്.

ജാസിം അൽബുദൈവി നടത്തുന്ന വലിയ ശ്രമങ്ങളും ഗൾഫ് സഹകരണ കൗൺസിലിന്റെ പ്രയാണം ശക്തിപ്പെടുത്താൻ അദ്ദേഹം നൽകുന്ന ഫലപ്രദമായ സംഭാവനകളും പരിഗണിച്ചാണ് സെക്രട്ടറി ജനറൽ പദവിയിൽ കാലാവധി നീട്ടിക്കൊടുത്തതെന്ന് ജി.സി.സി ഉച്ചകോടി പ്രഖ്യാപനം പറഞ്ഞു.

നായിഫ് അൽഹജ്റഫിന്റെ പിൻഗാമിയായി 2023 ഫെബ്രുവരി ഒന്നിനാണ് ജാസിം അൽബുദൈവി ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി പദവി ഏറ്റെടുത്തത്. അതിനു മുമ്പ് അമേരിക്കയിൽ കുവൈത്ത് അംബാസഡറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 1968 ഫെബ്രുവരി 22 ന് ജനിച്ച ജാസിം അൽബുദൈവി 1993 ൽ ബ്രിട്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സ‌ിറ്റിയിൽ നിന്ന് ഡിപ്ലോമാറ്റിക് സ്റ്റഡീസിൽ ഡിപ്ലോമയും 1991 ൽ അമേരിക്കയിലെ യൂട്ടാ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയയിൽ ബാച്ചിലേഴ്‌സ് ബിരുദവും നേടിയിട്ടുണ്ട്.

2022-2023 കാലയളവിൽ അമേരിക്കയിലെ കുവൈത്ത് അംബാസഡർ, 2017-2022 കാലയളവിൽ ലക്‌സംബർഗിലെ നോൺ റസിഡന്റ് അംബാസഡർ, 2017-2022 കാലയളവിൽ യൂറോപ്യൻ യൂണിയനിലെ കുവൈറ്റ് മിഷൻ തലവൻ, 2016-2022 കാലയളവിൽ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിലേക്കുള്ള (നാറ്റോ) കുവൈറ്റ് മിഷൻ തലവൻ, 2016-2022 കാലയളവിൽ ബെൽജിയത്തിലെ കുവൈത്ത് അംബാസഡർ, 2013-2016 കാലയളവിൽ കൊറിയയിലെ കുവൈത്ത് അംബാസഡർ അടക്കമുള്ള പദവികൾ വഹിച്ചിട്ടുണ്ട്.

1992 ൽ കുവൈറ്റ് ഉപപ്രധാനമന്ത്രിയുടെയും വിദേശ മന്ത്രിയുടെയും ഓഫീസിൽ നയതന്ത്ര അറ്റാഷെ റാങ്കോടെ വിദേശ മന്ത്രാലയത്തിൽ ചേർന്നാണ്
ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്.

1981 മെയ് 25 ന് സ്ഥാപിതമായ ഗൾഫ് സഹകരണ കൗൺസിലിന്റെ ഏഴാമത്തെ സെക്രട്ടറി ജനറലാണ് ജാസിം അൽബുദൈവി. കുവൈത്തിൽ നിന്നുള്ള അബ്‌ദുല്ല യഅ്ഖൂബ് ബിശാറ ആണ് ഗൾഫ് സഹകരണ കൗൺസിലിൻ്റെ ആദ്യ സെക്രട്ടറി ജനറൽ. 1981 മെയ് 26 മുതൽ 1993 ഏപ്രിൽ വരെയുള്ള ഏകദേശം 11 വർഷത്തോളം ഇദ്ദേഹം സെക്രട്ടറി ജനറൽ പദവി വഹിച്ചു.

യു.എ.ഇയിൽ നിന്നുള്ള ഫാഹിം ബിൻ സുൽത്താൻ അൽഖാസിമി (1993 ഏപ്രിൽ-1996 ഏപ്രിൽ), സൗദിയിൽ നിന്നുള്ള ജമീൽ ഇബ്രാഹിം അൽഹുജൈലാൻ (1996 ഏപ്രിൽ – 2002 മാർച്ച് 31),

ഖത്തറിൽ നിന്നുള്ള അബ്‌ദുറഹ്മാൻ ബിൻ ഹമദ് അൽഅതിയ (2002 ഏപ്രിൽ 1-2011 മാർച്ച് 31), ബഹ്റൈനിൽ നിന്നുള്ള അബ്‌ദുല്ലത്തീഫ് ബിൻ റാശിദ് അൽസയ്യാനി (2011 ഏപ്രിൽ 1-2020 ഫെബ്രുവരി 1), കുവൈത്തിൽ നിന്നുള്ള നായിഫ് അൽഹജ്റഫ് (2020 ഫെബ്രുവരി 1 – 2023 ഫെബ്രുവരി 1) എന്നിവരാണ് മുൻപ് ജി.സി.സി സെക്രട്ടറി ജനറൽ പദവി വഹിച്ചിട്ടുള്ളത്.