തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്ക്കറിൻെറ മരണത്തിൽ വീണ്ടും ആരോപണവുമായി പിതാവ് ഉണ്ണി രംഗത്തെത്തി.മകനെ കൊന്നത് തന്നെയാണെന്നും മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു.
പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിലായതോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു
അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. സിബിഐയും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു.
പെരിന്തൽമണ്ണ സ്വർണ കവർച്ച കേസിൽ മറ്റു പ്രതികൾക്കൊപ്പം ചെര്‍പ്പുളശ്ശേരി മുതൽ വാഹനം ഓടിച്ചത് തൃശ്ശൂര്‍ സ്വദേശിയായ അർജുനായിരുന്നു. കേസിൽ 13 പേർ പിടിയിലായിട്ടുണ്ട്. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തൽമണ്ണയിൽ കവർച്ച നടന്നത്. എന്നാൽ ഈ കേസും വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവും തമ്മിൽ ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുന്നത്. ബാലഭാസ്കറിന്റെ മരണ സമയം വാഹന ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കഴക്കൂട്ടം പള്ളിപ്പുറത്തിന് സമീപമായിരുന്നു സംഭവം. ആദ്യം മകള്‍ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും മരിച്ചു. ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കടത്ത് ബന്ധവും ഗൂഢാലോചനയും അടക്കം ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടു. അന്ന് പോലീസും ക്രൈംബ്രാഞ്ചും സിബിഐയും വാഹനാപകടത്തിലെ സംശയങ്ങളിൽ അർജുനെ ചോദ്യം ചെയ്തിരുന്നു. അതേസമയം അപകടത്തില്‍ ദുരൂഹതയില്ലെന്നും സാധാരണ അപകട മരണമാണെന്നുമായിരുന്നു സിബിഐ കണ്ടെത്തിയത്.
എന്നാല്‍ മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതു പുറത്തുകൊണ്ടുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നുമുള്ള ഉറച്ച നിലപാടിലാണ് പിതാവ് ഉണ്ണി. ബാലഭാസ്കറിന്റെ മരണശേഷം സംഭവ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടുപേരെ കണ്ടതായി കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ തന്റെ മൊഴി സിബിഐ മുഖവിലക്കെടുത്തില്ലെന്ന് കലാഭവന്‍ സോബി ആരോപിച്ചിരുന്നു.
ഇതിനിടെ ബാലഭാസ്കറിന്റെ ഉറ്റസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന വിഷ്ണു സോമസുന്ദരത്തെയും പ്രകാശന് തമ്പിയെയും സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ പിടികൂടി. ഇതോടെ അപകടത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് മാഫിയയാണെന്ന് പിതാവ് സംശയം പ്രകടിപ്പിച്ചു.
അപകടത്തിനു മുമ്പ് ബാലഭാസ്കറിനെ ഒരു സംഘം ആളുകള്‍ മര്‍ദിക്കുന്നത് കണ്ടെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയെങ്കിലും അത് കളവാണെന്നായിരുന്നു സിബിഐ നിഗമനം. അപകട സമയത്ത് വാഹനമോടിച്ച് ആരാണെന്ന് പോലും തുടക്കത്തിൽ തർക്കമുണ്ടായിരുന്നു.
ബാലഭാസ്കറിന്റെത് അപകട മരണമാണെന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെയും സിബിഐയുടെയും കണ്ടെത്തൽ. സിബിഐ ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേർന്നത്. സിബിഐ കണ്ടെത്തല്‍ തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചിരുന്നു.



