വാർത്തകൾ ചുരുക്കമായി, വിരൽത്തുമ്പിൽ

◾ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും പ്രശ്ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായും മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, വി അബ്ദുറഹിമാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് നിര്‍ണായക തീരുമാനം മന്ത്രിമാര്‍ അറിയിച്ചത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതിനായി ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. വിഷയത്തില്‍ ശാശ്വതമായ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും സങ്കീര്‍ണമായ വിഷയമായതിനാല്‍ സര്‍ക്കാരിന് ഒറ്റക്ക് പരിഹാരം കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

◾ വഖഫ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുനമ്പം സമരസമിതി. തര്‍ക്കപരിഹാരം വീണ്ടും നീണ്ടുപോവാനാണ് സാധ്യതയെന്നും അതിനാല്‍ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. തീരുമാനം നിരാശാജനകമാണെന്നും കുടിയിറക്കില്ലെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ തള്ളി പ്രദേശവാസികള്‍ മുനമ്പത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

◾ മുനമ്പത്തെ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്നും ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച തീരുമാനത്തോട് പ്രതിപക്ഷത്തിന് യോജിപ്പില്ലെന്നും വിഡി സതീശന്‍ . പത്ത് മിനിറ്റ് കൊണ്ട് സര്‍ക്കാരിന് തീര്‍ക്കാവുന്ന ഒരു വിഷയം മനപൂര്‍വം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് സര്‍ക്കാര്‍ തന്നെ അവസരം ഒരുക്കി കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ മുനമ്പം വഖഫ് ഭൂമിപ്രശ്‌നം പരിഹരിക്കാനുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. സമാധാനപരമായി പ്രശ്‌നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മുനമ്പത്തെ ജനങ്ങള്‍ കമ്മീഷനോട് സഹകരിക്കണമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു.

◾ വഖഫ് ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് മുനമ്പത്തെ സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ഓണ്‍ലൈനായാണ് ചര്‍ച്ച. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സമരക്കാര്‍ പ്രതിഷേധം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്

◾ മുനമ്പം ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി വില്‍പ്പന നടത്താന്‍ അനുവാദമില്ലെന്നും നിയമ വിരുദ്ധമായി ഭൂമി വില്‍പ്പന നടത്തിയതില്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ മറുപടി പറയണമെന്നും സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

◾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിലേയും വോട്ടെണ്ണല്‍ ഇന്ന്. വയനാട് ലോക്സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലുമാണ് കേരളത്തില്‍ ഇന്ന് വോട്ടെണ്ണല്‍. വയനാടും പാലക്കാടും യുഡിഎഫിന്റേയും ചേലക്കര സിപിഎമ്മിന്റേയും സിറ്റിംഗ് സീറ്റുകളാണ്. മഹാരാഷ്ട്രയില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിനും ജാര്‍ഖണ്ഡില്‍ എന്‍ഡിഎ സഖ്യത്തിനുമാണ് കഴിഞ്ഞദിവസം പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങളും സാധ്യത പ്രവചിച്ചത്.

◾ സംസ്ഥാനത്ത് ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന നിര്‍ദ്ദേശവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ . നവംബര്‍ 13, 20 തീയതികളില്‍ സംസ്ഥാനത്ത് നടന്ന ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞു പോകാന്‍ ഇടയില്ലാത്തതിനാലാണിത്. തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ നിജസ്ഥിതി ബോധ്യപ്പെടാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സഹായകരമാകുന്നതിന് കൂടിയാണ് ഈ നടപടി.

◾ വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഈ മാസം 25 നകം പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇന്നലെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ പൊലീസിന് കോടതി നല്‍കിയിരുന്ന നിര്‍ദേശം. ഇന്നലെ രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം കാര്യക്ഷമമായി നടക്കുന്നു എന്നായിരുന്നു പൊലീസ് അറിയിച്ചത്.

◾ വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി സജി ചെറിയാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതൊക്കെ പറഞ്ഞാല്‍ പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

◾ പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വാദിച്ചു.അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിനെ സമീപിക്കും.

◾ എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ആണെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീം കോടതി. ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പടിവിച്ചിട്ടില്ലെന്ന് ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

◾ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി അജിത് കുമാറാണ് പിടിയിലായത്. ബി.പി.സി.എല്‍ കമ്പനിയില്‍ ലേബര്‍ തൊഴിലാളികളെ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം.

◾ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അജിത് പവാറുമായുള്ള സഖ്യ നീക്കങ്ങള്‍ തള്ളാതെ രമേശ് ചെന്നിത്തല. ഫലം വന്നതിന് ശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച നടത്തുമെന്നും ഇന്ത്യ മുന്നണിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് അവസാന വിലയിരുത്തലെന്നും ഫലം അറിഞ്ഞശേഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രത്യേക യോഗം വിളിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

◾ മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് രണ്ടു പേരെ കാണാതായി. കിഴക്കന്‍ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 13 പേരുണ്ടായിരുന്ന മാര്‍ത്തോമ എന്ന മത്സ്യബന്ധന ബോട്ടും ഇന്ത്യന്‍ നാവിക സേനയുടെ സ്‌കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുമാണ് കൂട്ടിയിടിച്ചത്. തെരച്ചിലില്‍ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെ കണ്ടെത്തി രക്ഷിക്കാനായി.

◾ ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകളെ വധിച്ചു. സുഖ്മ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊരജഗുഡ, ദന്തേവാഡ, നാഗരാം, ബന്ദാര്‍പദാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലുണ്ടായ വിവരം ബസ്തര്‍ റേഞ്ച് ഐ.ജി സുന്ദര്‍രാജ് സ്ഥിരീകരിച്ചു. മേഖലയില്‍ മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.

◾ വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കുമെന്ന് മണിപ്പുര്‍ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. സംസ്ഥാനത്ത് കേന്ദ്രസേനയുടെ മൊത്തം കമ്പനി പട്ടാളങ്ങളുടെ എണ്ണം 288 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുന്നത് .

◾ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ വക്കീല്‍ നോട്ടീസ്. വോട്ട് ചെയ്യാന്‍ വിനോദ് താവ്‌ഡെ ജനങ്ങള്‍ക്ക് പണം നല്‍കി എന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിലാണ് നോട്ടീസ് . രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, വക്താവ് സുപ്രിയ ശ്രീനാഥ് എന്നിവര്‍ക്കാണ് വിനോദ് താവ്‌ഡെ നോട്ടീസ് അയച്ചിരിക്കുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

◾ സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് കരാര്‍ കിട്ടാന്‍ ഇന്ത്യയില്‍ കൈക്കൂലി നല്കിയെന്ന കേസില്‍ അദാനി ഗ്രൂപ്പിനെതിരായ നിയമനടപടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ അറിവോടെയെന്നും അദാനിക്കെതിരായ വാറണ്ടിനെക്കുറിച്ച് അറിയാമെന്നും സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടി തുടരുമെന്ന് അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചെയ്ഞ്ച് കമ്മീഷന്‍ വ്യക്തമാക്കി. അദാനിയെ കൈമാറണം എന്ന നിര്‍ദ്ദേശം അമേരിക്ക മുന്നോട്ടു വച്ചാലും അത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ല. കേസിനെ തുടര്‍ന്ന് അദാനി ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു.

◾ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ തിരിച്ചടിച്ച് ഇന്ത്യ. ഓസ്‌ട്രേലിയയുമായി ആദ്യ ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വെറും 150 റണ്‍സിനാണ് പുറത്തായത്. എന്നാല്‍ അതേ ശക്തിയില്‍ തിരിച്ചടിച്ച ഇന്ത്യ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ വെറും 67 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി. 10 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് എടുത്ത ബുംറ തന്നെയാണ് ഓസ്‌ട്രേലിയയെ തകര്‍ക്കുന്നതിലും മുന്നില്‍നിന്നു നയിച്ചത്.