നമുക്ക് തനിമയെ മാനിക്കാന്‍ ശീലിക്കാം

അച്ഛനും അമ്മയും ദീര്‍ഘദൂരയാത്ര കഴിഞ്ഞുവന്നപ്പോള്‍ മകള്‍ക്ക് ഒരു പാവക്കുട്ടിയെയാണ് സമ്മാനിച്ചത്.

ആരുടേയും മനം കവരുന്നതായിരുന്നു ആ പാവക്കുട്ടി. അതിനെ സ്വന്തമാക്കാന്‍ എല്ലാവരും ആഗ്രഹിക്കും. അന്ന് പകല്‍ മുഴുവന്‍ അവള്‍ ആ പാവക്കുട്ടിയുടെ കൂടെയായിരുന്നു.

പാവക്കുട്ടിയുമൊത്ത് നിരവധി കളികള്‍. കളികള്‍ക്കൊടുവില്‍ തന്റെ കളിപ്പാട്ടങ്ങളെ ഒതുവെക്കുന്നതിനിടയിലാണ് അവള്‍ ശ്രദ്ധിച്ചത്.

ആ പാവക്കുട്ടിക്ക് വലുപ്പക്കൂടുതലാണെന്ന്. അതുകൊണ്ട് തന്നെ തന്റെ കളിപ്പാട്ട പെട്ടിയില്‍ അതിനെ വെക്കാന്‍ സാധിക്കുന്നില്ല. അവള്‍ അപ്പോള്‍ തന്നെ തീരുമാനമെടുത്ത് അമ്മയോട് പറഞ്ഞു:

അമ്മേ, എനിക്കീ പാവയെ വേണ്ട. അതിനെ എന്റെ കളിപ്പാട്ടപെട്ടിയില്‍ വെക്കാന്‍ സാധിക്കില്ല. അതിന് വലുപ്പക്കൂടുതലാണ്.. അമ്മ നിസ്സഹായതയോടെ അവളെ നോക്കി…

സ്വസന്തോഷത്തിന്റെ കാരണഭൂതരായി മാത്രം മറ്റുള്ളവരെ കാണുന്നവര്‍ക്ക് ഒന്നിന്റെയും തനിമ അംഗീകരിക്കാനാകില്ല. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് അവ വെട്ടിച്ചുരുക്കുകയോ, വലിച്ചുനീട്ടുകയോ ചെയ്യും. അല്ലെങ്കില്‍ അവ ഉപേക്ഷിക്കും.

തനിക്ക് ആനന്ദലബ്ധി ലഭിക്കുന്നത് വരെ മാത്രമായിരിക്കും അവയോടൊപ്പമുളള സഹവാസം. ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെട്ടവയ്‌ക്കൊന്നും പ്രവര്‍ത്തനശേഷിയില്ലാത്തതായിരുന്നില്ല പ്രശ്‌നം, ഉപയോഗിച്ചവരുടെ പ്രതീക്ഷകളെ സാധീകരിക്കാന്‍ സാധിച്ചിരുന്നില്ല എന്നതാണ്.

വലിയ ആശയങ്ങളുടേയും അസാധാരണ മുഹൂര്‍ത്തങ്ങളുടേയുമെല്ലാം പേരില്‍ തുടങ്ങിയ പല ബന്ധങ്ങളും പൊട്ടിത്തകരുന്നത് നിസ്സാര കാര്യങ്ങളിലാണ്.

ആദ്യകാഴ്ചയില്‍ കണ്ടതൊന്നുമാകില്ല, അടുത്തിടപഴകുമ്പോള്‍. ആദ്യം ആനന്ദദായകമായതൊക്കെ പിന്നീട് അഭംഗിയായി മാറും.

ഉപേക്ഷിക്കാനൊരു കാരണത്തെ കണ്ടെത്തുമ്പോള്‍, സ്വീകരിക്കാനുണ്ടായ കാരണത്തെക്കുറിച്ചും ഉപയോഗിച്ചിരുന്ന സമയത്തെ ഉന്മാദത്തെക്കുറിച്ചും ഓര്‍ക്കുന്നത് നല്ലതാണ്.

അതെ, നമുക്ക് തനിമയെ മാനിക്കാന്‍ ശീലിക്കാം

– ശുഭദിനം.