നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല: അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; കളക്ടറെ വിശ്വാസമില്ലെന്ന് നവീൻെറ കുടുംബം

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനും പമ്പിന് അനുമതി വൈകിപ്പിച്ചതിനും തെളിവ് ഇല്ലെന്നും റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടറുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ എന്ത് ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ മന്ത്രി കെ രാജന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

തനിക്ക് മുന്നില്‍ വരുന്ന ഫയലുകള്‍ വൈകിപ്പിച്ചിരുന്ന ആളല്ല നവീന്‍ ബാബുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രമവിരുദ്ധമായി നവീന്‍ ബാബു ഒന്നും ചെയ്തിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട വീഡിയോ മാധ്യമങ്ങള്‍ക്ക് കൈമാറിയത് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണെന്നും ജോയിന്റ് കമ്മീഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. വീഡിയോ പകര്‍ത്തിയവരില്‍ നിന്ന് ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിരുന്നു. അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ അവരുടെ മൊഴി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ല.

അതെ സമയം,യാത്രയയപ്പ് യോഗത്തിൽ എഡിഎം നവീൻ ബാബുവിനെ പി.പി.ദിവ്യ ആക്ഷേപിക്കുമ്പോൾ കണ്ണൂർ കലക്ടർ ചെറുചിരിയോടെ ഇരുന്നത് സഹിക്കാനായില്ലെന്ന് നവീൻ്റെ ഭാര്യ കെ.മഞ്ജുഷ പത്തനം തിട്ടയിൽ പറഞ്ഞു.

കലക്ടറുടെ മൊഴി വിശ്വസിക്കുന്നില്ലെന്ന് മഞ്ജുഷ ഇന്നലെയും ആവർത്തിച്ചു.
നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ വീഡിയോയിൽ കണ്ണൂർ കളക്ടറുടെ പെരുമാറ്റം കണ്ടാണ് സംസ്കാരച്ചടങ്ങിന് വരേണ്ട എന്ന് പറഞ്ഞതെന്നും മഞ്ജുഷ പറഞ്ഞു.

സംഭവത്തിനുശേഷം ഒന്ന് ആശ്വസിപ്പിക്കാനും കളക്ടർ തയ്യാറായില്ല. അതിനു ശേഷം ഒന്നു സമാധാനിപ്പിച്ചാൽ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.

കളക്ടറുമായി സൗഹൃദമില്ലായിരുന്നു എന്ന് എനിക്ക് വ്യക്‌തമായി അറിയാം. അവധിപോലും ചോദിക്കാൻ മടിയുള്ള ഒരാളിനോട് മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ യാതൊരു സാഹചര്യവുമില്ല. ബന്ധുക്കൾ നവീൻ ബാബുവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ചെന്നപ്പോഴും അദ്ദേഹം ഇതിനെപ്പറ്റി ഒന്നും സംസാരിച്ചിട്ടില്ല. പെട്ടെന്ന് ഇങ്ങനെ ഒരു മൊഴി ഉണ്ടായതിന്റെ കാരണമാണ് മനസ്സിലാവാത്തത്. പി.പി. ദിവ്യക്കെതിരേ ഇതുവരെയുള്ള നടപടികളിൽ തൃപ്തയാണെന്നും മഞ്ജുഷ പറഞ്ഞു.
——–

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു