ഓമന റസ്സൽ
M.A ( Eco) M .A (Socio) M.A ( Hist) B.Ed, M.phil, P.hD
ഞങ്ങളെ സ്വാഗതം ചെയ്ത ബെറ്റ് ഹാൻ മോറിയ ചാപ്പലിലെ ബെഞ്ചിലിരുന്ന് വെൽഷ് ഉണർവ്വിനെ പറ്റി സവിസ്തരം വിവരിച്ചു കൊണ്ടിരുന്നു. ബെറ്റ് ഹാനിന്റെ അമ്മുമ്മയുടെ കാലത്താണ് ഈ ഉണർച്ച് ഉണ്ടായത്. വെൽഷ് ഉണർവ്വിന്റെ ജന്മഗേഹമായി മോറിയ ചാപ്പൽ അറിയപ്പെടുന്നു.

സ്വാൻസി എന്ന സ്ഥലത്തെ ഈ ചാപ്പലിൽ നിന്നാണ് ഇവാൻ റോബർട്സ് ഉണർവ്വിന്റെ സന്ദേശവും പാപബോധം വരുത്തുന്ന പ്രസംഗങ്ങളും നിർവ്വഹിച്ചിരുന്നത്. വെയിൽസിലെ ഉണർവ്വ് ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിൽ ലോകമെമ്പാടുമുണ്ടായ മറ്റ് ഉണർവ്വുകളെക്കാൾ വലുതായിരുന്നു. മനുഷ്യന്റെ പാപവഴികൾ വിട്ട് മാനസാന്തരാനുഭവത്തിലേക്ക് വരുന്ന ഉദാത്തമായ പരിവർത്തനമാണ് ഉണർവ്വ് എന്ന വാക്ക് കൊണ്ട് വിവക്ഷിക്കുന്നത്.

വ്യക്തിപരവും സാമൂഹികവുമായ പിരുമുറുക്കവുമായി ജീവിച്ചിരുന്ന കൽക്കരി ഖനിത്തൊഴിലാളികളുടെ ഇടയിലാണ് ഉണ ർവ്വിന്റെ തീപ്പൊരികൾ ആദ്യം പടർന്ന് പിടിച്ചത്. ആയിരക്കണക്കിനാളുകളിൽ രൂപാന്തരമുണ്ടായി. അവരുടെ ഇടയിലേക്ക് രക്ഷയുടെ സന്ദേശവുമായി ഇവാൻ റോബർട്സ് ഇറങ്ങിച്ചെന്നു. അവരോട് ക്രിസ്തുവിലൂടെ കരഗതമാക്കാവുന്ന രക്ഷയെ കുറിച്ചും അതുവഴി ലഭിക്കുന്ന ദിവ്യമായ സമാധാനത്തെ കുറിച്ചും വിവരിച്ചു. പലരും രക്ഷിക്കപ്പെട്ടു. പളളികൾ നിറഞ്ഞു കവിഞ്ഞു. തുടർന്ന് പതിനായിരങ്ങളുടെ ജീവിതം കർത്താവിനായി സമർപ്പിക്കപ്പെട്ടു. ഒരു ലക്ഷം പേർക്ക് രൂപാന്തരം ഉണ്ടായതായി കണക്കുകളിൽ കാണുന്നു മദ്യപാനികൾ മദ്യം ഉപേക്ഷിച്ചു. കള്ളന്മാർ മോഷണം നിർത്തി. ചൂതുകളിക്കാർ കളി നിർത്തിയതോടെ ധൂർത്തു കുറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ കേസുകൾ കുറഞ്ഞു.
എല്ലാവരും പാപവഴികൾ ഉപേക്ഷിച്ചതോടെ പബ്ബുകളും തീയറ്ററുകളും ബാറുകളും അടച്ചു പൂട്ടി. കേസില്ലാതായതോടെ കോടതികളുടെ പ്രവർത്തനം തീരെ കുറഞ്ഞു. ദൈവചനം വായിക്കാനുള്ള ആഗ്രഹം വർദ്ധിച്ചതോടെ ബൈബിളുകൾ മുഴുവൻ വിറ്റ് തീർന്നു. ജോലി തുടങ്ങുന്നതിന് മുമ്പ് ഖനിത്തൊഴിലാളികൾ പ്രാർത്ഥിക്കുക പതിവായി. ആഞ്ഞടിച്ച ഉണർവ്വിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ കുറഞ്ഞു. ഫുട്ബോൾ – റഗ്ബി കളികൾ ടീമുകൾ ഉപേക്ഷിച്ചു. നൃത്തശാലകൾ വിജനമായി. ട്രെയിൻ യാത്രക്കാർ യാത്രാവേളയിൽ ബൈബിൾ വായിക്കുക പതിവായി. പരിശുദ്ധാത്മ ശക്തിയുടെ മുമ്പിൽ മനുഷ്യന്റെ എല്ലാ അധാർമ്മികതയും കത്തിയമരുകയായിരുന്നു.

ഇവാൻ റോബർട്സും കൂട്ട് സുവിശേഷ വേലക്കാരും അവർക്ക് ലഭിച്ച പരിശുദ്ധാത്മ ശക്തിയുമായി നാട് നീളെ സഞ്ചരിച്ചു. മരാദ്യവിട്ട് നടന്ന ജനസമൂഹത്തിനിടയിൽ വലിയ നവോത്ഥാനം തന്നെ നടന്നു. 1904 ഒക്ടോബർ 31 ന് തിങ്കളാഴ്ച മുഴു ദിവസവും മോറിയ ചാപ്പലിൽ തുടർമാനമായി പ്രാർത്ഥനായോഗങ്ങൾ നടന്നു . ഈ യോഗങ്ങളിൽ വച്ച് ഇവാൻ റോബാർട്സ് പരസ്യമായി പാപങ്ങൾ ഏറ്റുപറഞ്ഞ് യേശുവിനെ രക്ഷിതാവായി സ്വീകരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
പിറ്റെ ഞായറാഴ്ച പരിശുദ്ധാത്മാഗ്നി അവിടെ കൂടി വന്നിരുന്ന ജനങ്ങളിൽ പകരപ്പെട്ടു. തൽഫലമായി പ്രാർത്ഥനയും ആരാധനയും സമയഭേദമെന്യേ നീണ്ടു നിന്നു. ഇതിനെ തുടർന്ന് വീണ്ടും ഉണർവ്വ് കത്തിപ്പടർന്നു. മോറിയ ചർച്ചിന് ഉൾക്കൊള്ളാനാവാത്ത വിധം ജനങ്ങൾ ഓടിക്കൂടിയതായി രേഖകളിൽ കാണുന്നു. സമയവും നേരവും ഒന്നും നോക്കാതെ ഉണർവ്വ് വ്യാപിച്ചു കൊണ്ടിരുന്നു. ഇത് കേട്ടറിഞ്ഞ് ഇംഗ്ലണ്ടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വിവിധ ക്രിസ്ത്യൻ ഗ്രൂപ്പുകളിൽ നിന്നുമുള്ള ആളുകളുടെ ഒഴുക്കുണ്ടായി.
ഇത് മറ്റ് രാജ്യങ്ങളിലും ഈ ഉണർവ്വിൻ്റെ അനുരണനങ്ങൾ പരക്കാൻ കാരണമായി . ധാർമ്മികാധ:പതനത്തിന് ശേഷം ദൈവവുമായുള്ള തീഷ്ണമായ ബന്ധത്തിലേക്ക് സഭയെ പുനസ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഇവാൻ റോബർട്സ്. ഈ ഉണർവ്വ് ‘ ഇവാൻ റോബർട്ട്സ് റിവൈവൽ ‘ എന്നും അറിയപ്പെട്ടു.
സ്കോർട്ട്ലൻ്റ്, ഇംഗ്ലണ്ട്, സ്കാൻ്റിനേവിയ , യൂറോപ്പിൻ്റെ ചില ഭാഗങ്ങൾ, വടക്കേ അമേരിക്ക, വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങൾ, ആഫ്രിക്ക , ലാറ്റിനമേരിക്ക തുടങ്ങി വിവിധ ഇടങ്ങളിൽ ഈ ആത്മീയ മുന്നേറ്റത്തിൻ്റെ അലയടികൾ ഉണ്ടായി. ആധുനിക മെഗാ ചർച്ചുകളുടെ തുടക്കം ഇവിടെ നിന്നാണെന്ന് പറയാം.
വെൽഷ് ഉണർവ്വിൽ അന്യഭാഷ സംസാരിച്ചിരുന്നോ എന്ന എൻ്റെ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം പറയാൻ ബെറ്റ് ഹാമിന് കഴിഞ്ഞില്ല. പരിശുദ്ധാത്മ പ്രവർത്തനം വ്യക്തികളെയും സമുഹത്തെയും ആഴത്തിലുള്ള ആത്മീയതയിലേക്കും പരിവർത്തനത്തിലേക്കും നയിച്ചതായി അവർ പറഞ്ഞു. രാജ്യത്തിൻ്റെ സാമൂഹ്യ ഘടനയെ വരെ മാറ്റി മറച്ചതായി അവർ വിശദീകരിച്ചു. ഏതാണ്ട് ഇതേ സമയത്താണ് 1905 ജൂൺ 29-ന് പൂനയിൽ പണ്ഡിത രമാഭായിയുടെ ആശ്രമത്തിൽ ഉണർവ്വ് ഉണ്ടാകുന്നത്. അവിടെ ഉണർവ്വ് പൊട്ടി പുറപ്പെട്ടപ്പോൾ അന്യഭാഷാഭാഷണം നടന്നതായി മുക്തി മിഷനിൽ നിന്നും പുറത്തിറങ്ങിയ ഒരു പുസ്തകത്തിൽ വായിച്ചതോർക്കുന്നു.
നീണ്ട സംഭാഷണത്തിന് ശേഷം ഞങ്ങൾ മോറിയ ചർച്ചും ഇവാൻ റോബർട്സിൻ്റെ ശവകുടീരവും നടന്നു കണ്ടു. ബെറ്റ് ഹാനിൻ്റെ ഹൃദ്യമായ ഇടപെടൽ ഞങ്ങളെ ആഹ്ലാദചിത്തരാക്കി. 2005-ൽ ഞാൻ ഇൻ്റർനാഷണൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലണ്ടനിൽ പഠനം നടത്തിയെങ്കിലും അദ്ധ്യാപകരാരും വെൽഷ് ഉണർവ്വിനെ കുറിച്ച് ഒരു വാക്ക് പോലും സൂചിപ്പിക്കാത്തത് ഇന്നും ഓർക്കുന്നു. ന്യൂപോർട്ട് ചർച്ച് ശുശ്രുഷകൻ പാസ്റ്റർ ഫിലിപ്പ് ജോർജ്, നിലമ്പൂർ പോത്തുകല്ല് ഏ.ജി സഭാശുശ്രൂഷൻ പാസ്റ്റർ സി.വി വിൽസൺ, ഭാര്യ റീജ, ക്രൈസ്തവചിന്ത ചീഫ് എഡിറ്റർ കെ.എൻ റസ്സൽ എന്നിവരായിരുന്നു സംഘാംഗങ്ങൾ.
മടങ്ങവേ ഇവാൻ റോബർട്സ് കൂടതൽ സമയവും പ്രാർത്ഥനാനിരതനായിരുന്ന പിസ്ഗ ചാപ്പലും ഞങ്ങൾ സന്ദർശിച്ചു. ചുരുക്കം ചിലർ അവിടെ പ്രാർത്ഥനാനിരതരായി ഇരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് അദ്ദേഹത്തിൻ്റെ വീടും കണ്ട് ഞങ്ങൾ മടങ്ങി.




