കോഴിക്കോട്: അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീൻബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരെ കേസെടുക്കും. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കുക. ദിവ്യയെ പ്രതിചേർത്ത് കണ്ണൂർ പോലീസ് വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
സ്ഥലംമാറ്റം കിട്ടിയ നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ദേഹത്തെ ആക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് നവീൻ ബോബുവിന്റെ ആത്മഹത്യയെന്നാണ് ആരോപണം. യോഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ നവീൻ ബാബുവിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചു. പെട്രോൾപമ്പിന് എതിർപ്പില്ലാരേഖ നൽകുന്നതിൽ നവീൻബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം.
”ഒരു വ്യക്തിയും പാൽപ്പുഞ്ചിരികൊണ്ടോ ജീവിതത്തിലെ ലാളിത്യംകൊണ്ടോ വിശുദ്ധനാണെന്ന് നിങ്ങളാരും ചിന്തിക്കേണ്ട. ഞാൻ അതുകൊണ്ട് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കുറച്ചുമാസം കൊണ്ടാണെങ്കിലും അത് നടത്തിക്കൊടുത്തതിന് അദ്ദേഹത്തോട് നന്ദി പറയുകയാണ്. കണ്ണൂരിൽ അദ്ദേഹം നടത്തിയതുപോലെ ആയിരിക്കരുത് പോകുന്നിടത്ത് നടത്തേണ്ടത്. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ആളുകളെ സഹായിക്കുക.” ദിവ്യ പറഞ്ഞു.
യാത്രയയപ്പിനുശേഷം രാത്രി മലബാർ എക്‌സ്‌പ്രസിൽ നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു നവീൻബാബു. അദ്ദേഹത്തെ കൂട്ടാൻ ചൊവ്വാഴ്ച പുലർച്ചെ ഭാര്യയും കോന്നി തഹസിൽദാരുമായ മഞ്ജുഷയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തുകയുംചെയ്തു. കാണാത്തതിനെത്തുടർന്ന് കുടുംബം കണ്ണൂരിലെ അദ്ദേഹത്തിന്റെ ഡ്രൈവർ ഷംസുദ്ദീനെ ബന്ധപ്പെട്ടു. ഷംസുദ്ദീൻ രാവിലെ 7.15 – ഓടെ പള്ളിക്കുന്നിലെ ഗസറ്റഡ് ഓഫീസർമാരുടെ ക്വാർട്ടേഴ്‌സിലെത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇതിനിടയിൽ, പർട്ടി തലത്തിൽ യാതൊരുവിധ നടപടിയും ദിവ്യക്കെതിരെ എടുക്കേണ്ടതില്ലെന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.




