തിരുവനന്തപുരം: കേരളാ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്കി. നാളെ പുലർച്ചെ മുതലാണ് മുന്നറിയിപ്പ്. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചുകളിലേകുള്ള യാത്രയും കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് (ഐഎൻസിഒഐഎസ്) അറിയിപ്പ്. കേരള തീരത്ത് റെഡ് അലർട്ട് ആണ് ഐഎൻസിഒഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 15 ചൊവ്വാഴ്ച പുലർച്ചെ 5.30 മുതൽ 16ന് രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിലുള്ളത്.
തമിഴ്നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിലുണ്ട്.




