മുന്നില്‍ ജീൻസും ജാക്കറ്റും ധരിച്ച മുൻ പ്രസിഡന്റ്; തിരിച്ചറിയാതെ മക്ഡൊണാള്‍ഡ് ജീവനക്കാരി

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായ കമല ഹാരിസിന് വേണ്ടിയാണ് ബില്‍ ക്ലിന്റണ്‍ ജോർജിയയിലെത്തിയത്.

https://twitter.com/i/status/1845612909847605626

ഇതിന്റെ ഭാഗമായാണ് അദ്ദേഹം ഇവിടത്തെ മക്ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റ് സന്ദർശിച്ചത്. എന്നാല്‍ തനിക്കു മുന്നിലുള്ള ആളെ തിരിച്ചറിയാൻ മക്ഡൊണാള്‍ഡ് ജീവനക്കാരിക്ക് സാധിച്ചില്ല. എന്നാല്‍ എവിടെയോ കണ്ട പരിചയമുണ്ട് താനും.

ഒടുവില്‍ ബില്‍ ക്ലിന്റണ്‍ തന്നെ സ്വയം പരിചയപ്പെടുത്തി. ജീൻസും ബോംബർ ജാക്കറ്റും ധരിച്ചെത്തിയ ബില്‍ ക്ലിന്റണ്‍ ഹസ്തദാനം നല്‍കി തന്റെ പേര് പറഞ്ഞപ്പോഴാണ് അവർക്ക് യു.എസിലെ പ്രസിഡന്റാണ് തനിക്കു മുന്നിലുള്ളതെന്ന് മനസിലായത്. ഔട്ട്‌ലെറ്റില്‍ അരങ്ങേറിയ രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദൃശ്യങ്ങള്‍ ബില്‍ ക്ലിന്റണ്‍ തന്നെയാണ് തന്റെ എക്‌സ് പേജില്‍ പങ്കുവച്ചത്.

മക് ഡൊണാള്‍ഡിലേക്കുള്ള സന്ദർശനം ചെറുപ്പകാലത്ത് തനിക്ക് ഫാസ്റ്റ് ഫുഡിനോടുണ്ടായിരുന്ന ഇഷ്ടത്തിന്റെ ഓർമകള്‍ പുതുക്കിയെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥിയായിരുന്ന കാലത്ത് മക്ഡൊണാള്‍ഡില്‍ ജോലി ചെയ്തിരുന്ന പഴയ കാലത്തെ കുറിച്ച്‌ അടുത്തിടെ കമല ഹാരിസും വെളിപ്പെടുത്തിയിരുന്നു. വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ സമ്മിശ്ര പ്രതികരണവുമായാണ് നെറ്റിസണ്‍സ് എത്തിയിരിക്കുന്നത്.

കമല ഹാരിസിനെ പോലും അവർക്ക് തിരിച്ചറിയാൻ ചിലപ്പോള്‍ പറ്റിയെന്നു വരില്ല, കമലയും അവിടെ ജോലി ചെയ്തിരുന്നു. എന്നാണ് വിഡിയോക്കു താഴെ ഒരാള്‍ പ്രതികരിച്ചത്. എന്നാല്‍ തികച്ചും അപ്രസക്തനായ ഒരാളാണ് ബില്‍ ക്ലിന്റണ്‍ എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. നാലുവർഷം കൂടുമ്ബോള്‍ ചില ചതുപ്പ് ജീവികള്‍ പുറത്തേക്കു വരുന്നു. അധികാരത്തിലിരുന്ന കാലത്ത് അമേരിക്കയിലെ സാധാരണക്കാരുമായി ഒരിക്കല്‍ പോലും അവർ മുഖാമുഖം കണ്ടിട്ടുകൂടിയുണ്ടാകില്ല എന്നാണ് മറ്റൊരാള്‍ കുറിച്ചത്.