500 വര്‍ഷം നീണ്ട ദുരൂഹതയ്ക്ക് അന്ത്യം; ക്രിസ്റ്റഫര്‍ കൊളംബസിന്റെ ശരീരാവശിഷ്ടങ്ങളില്‍ നിന്ന് ഡിഎന്‍എ ഫലം കണ്ടെത്തി

അമേരിക്കയെക്കുറിച്ച്‌ ലോകത്തെ അറിയിച്ചവരില്‍ നിര്‍ണായക പങ്കുവഹിച്ച നാവികനാണ് ക്രിസ്റ്റഫര്‍ കൊളംബസ്. ഇപ്പോഴിതാ സ്‌പെയിനിലെ സെവില്ലെ കത്തീഡ്രലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റേതാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഗവേഷകര്‍.

20 വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഡിഎന്‍എ പരിശോധനയിലൂടെ ശരീരാവശിഷ്ടം കൊളംബസിന്റേത് തന്നെയാണെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഇതോടെ 500 വര്‍ഷം നീണ്ട ദുരൂഹതയ്ക്കാണ് അവസാനമായത്.

1506-ലാണ് ക്രിസ്റ്റഫര്‍ കൊളംബസ് അന്തരിച്ചത്. കൊളംബസിന്റെ അന്ത്യവിശ്രമസ്ഥലം കണ്ടെത്തുന്നതില്‍ ഗവേഷകരും ചരിത്രകാരന്‍മാരും ഒരുപോലെ പ്രതിസന്ധി നേരിട്ടിരുന്നു. മരണശേഷം കൊളംബസിന്റെ മൃതദേഹം പലസ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ആധുനിക സംവിധാനങ്ങളുപയോഗിച്ച്‌ കൊളംബസിന്റെ ഡിഎന്‍എയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടെയും ബന്ധുക്കളുടെയും ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് ഗവേഷകര്‍ ഒരു നിഗമനത്തിലെത്തിയത്.

“പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സെവില്ലെയില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കൊളംബസിന്റേതാണെന്ന വാദങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു,” എന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിഗ്വേല്‍ ലോറന്റോ എന്ന ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ പറഞ്ഞു.

സ്‌പെയിനിലെ സെവില്ലെ കത്തീഡ്രലിലെ കല്ലറയിലുള്ള ശരീരാവശിഷ്ടങ്ങള്‍ കൊളംബസിന്റേതാണെന്ന് മുമ്ബ് പല ചരിത്രകാരന്‍മാരും അഭിപ്രായപ്പെട്ടിരുന്നു. 2003 -ലാണ് ലൊറന്റോയും ചരിത്രകാരനായ മാര്‍ഷ്യല്‍ കാസ്‌ട്രോയും കല്ലറ തുറന്ന് അവശേഷിച്ചിരുന്ന അസ്ഥികള്‍ ശേഖരിച്ച്‌ പഠനവിധേയമാക്കാന്‍ തീരുമാനിച്ചത്.

ഇരുവരും അസ്ഥികള്‍ പഠനവിധേയമാക്കാന്‍ തീരുമാനിച്ച സമയത്ത് ഡിഎന്‍എ സാങ്കേതിക വിദ്യ ഇന്നത്തെ കാലത്തെപ്പോലെ പുരോഗതി പ്രാപിച്ചിരുന്നില്ല. പിന്നീട് കൊളംബസിന്റെ സഹോദരന്‍ ഡീഗോയുടെയും മകന്‍ ഹെര്‍ണാണ്ടോയുടെയും ഡിഎന്‍എകള്‍ പരിശോധിച്ചു. ഇരുവരെയും സെവില്ലെ കത്തീഡ്രലിലാണ് സംസ്‌കരിച്ചിരുന്നത്. ഈ പഠനത്തിലാണ് ഇരുവരുടെയും ഡിഎന്‍എ സാംപിളുകള്‍ കൊളംബസിന്റേതുമായി വളരെയേറെ സാമ്യമുണ്ടെന്ന് കണ്ടെത്തിയത്.

ഗവേഷണത്തിന്റെ നിഗമനങ്ങള്‍ സ്‌പെയിനിലെ ടിവിഇ(TVE) ചാനലില്‍ ശനിയാഴ്ച പ്രക്ഷേപണം ചെയ്യും. ‘ Columbus DNA: The Genuine Origin’ എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. കൊളംബസിന്റെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിപാടിയിലൂടെ സ്ഥിരീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.