കൗണ്ട്ഡൗൺ തുടങ്ങി ‘മിൽട്ടൺ’ കരതൊടുന്നു: കനത്ത മഴയും കാറ്റും; തീരങ്ങളിൽ ജലനിരപ്പ് ഉയരുന്നു; ഒരുകോടിയിലധികം ജനങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

ഫ്ലോറിഡയിലെ റ്റാമ്പയിൽ നിന്നും ക്രൈസ്തവചിന്ത എഡിറ്റർ ഇൻചാർജ്  എം.പി. ടോണി

റ്റാമ്പ:  ഫ്ലോറിഡയിലെ പടിഞ്ഞാറാൻ തീരത്തേയ്ക്ക് പാഞ്ഞടുക്കുന്ന ‘മിൽട്ടൻ’ കൊടുങ്കാറ്റ് കരതൊടാൻ മണിക്കൂറുകൾ മാത്രം. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 9 മുതൽ  വ്യാഴാഴ്ച പുലർച്ചെ 1.30 നിടയിൽ കൊടുങ്കാറ്റ് മെക്സികോ ഉൾക്കടൽ തീരത്ത്  എത്തുമെന്നാണ് നാഷണൽ ഹരികെയിൻ സെൻ്ററിൻ്റെ കണക്കുകൂട്ടൽ.  100 വർഷത്തിനിടയിൽ വീശുന്ന ഏറ്റവും വലിയ മഴയും കൊടുംകാറ്റുമാണ് ‘മിൽട്ടൺ’.

100 നും 125 മൈലിനും ഇടയിൽ  ആഞ്ഞുവീശുന്ന കാറ്റഗറി 4 കൊടുങ്കാറ്റ് ഒരു കോടിയിലധികം ജനങ്ങളെ പലരീതിയിൽ ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒരുലക്ഷം ആളുകൾ വീടൊഴിഞ്ഞ് സുരക്ഷത മേഖലകളിലേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ. കനത്ത മഴ വെള്ളപ്പൊക്കം, അതിശക്തമായ കാറ്റ് എന്നീ പ്രതിഭാസങ്ങൾ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ പ്രവചനം. 30ലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന റ്റാമ്പ പട്ടണത്തിലാണ്  പ്രകൃതി തീവ്രമായ ദുരന്തം വിതയ്ക്കാൻ സാധ്യത. മുൻകരുതലിൻ്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 149 ഷെൽട്ടറുകളിൽ 3,1000 ലധികം പേരാണ് അഭയം തേടിയിരിക്കുന്നതായി സർക്കാർ ഏജൻസികൾ അറിയിച്ചു. സംസ്ഥാനത്തെ എയർപോർട്ടുകൾ അടച്ചു. ഫ്ലോറിഡയിലേക്കുള്ള വിമാന സർവീസുകൾ മറ്റു സ്ഥലങ്ങളിലേക്ക് വഴിതിരിച്ചു വിടുന്നുണ്ട്.