ചൈനയുടെ അത്യാധുനിക ആണവ അന്തര്‍വാഹനി മുങ്ങി, അമേരിക്കയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കാതെ ചൈനീസ് അധികൃതര്‍

വാഷിംഗ്ടണ്‍ : ലോകത്തെ തന്നെ വൻസൈനിക ശക്തിയാണ് ഏഷ്യൻ രാജ്യമായ ചൈന. നിലവില്‍ ആഗോളതലത്തില്‍ ഏറ്റവും വലിയ നാവിക സേനയും ചൈനയുടേതാണ്.

2022ലെ റിപ്പോർട്ടുകള്‍ പ്രകാരം ചൈനയ്ക്ക് ആറ് ആണവോർജ ബാലിസ്റ്റിക്ക് മിസൈല്‍ അന്തർവാഹിനികളും ആറ് ആണവ ശക്തിയുള്ള ആക്രമണ അന്തർവാഹിനികളും 48 ഡീസല്‍ പവർ അറ്റാക്ക് അന്തർവാഹിനികളും ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ ചൈനയുടെ അത്യാധുനിക അന്തർവാഹിനികളില്‍ ഒന്ന് മുങ്ങിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അമേരിക്കയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ മേയ്- ജൂണ്‍ മാസങ്ങളിലാണ് സംഭവം നടന്നതെന്ന് അമേരിക്കയുടെ ഒരു മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.

എന്നാല്‍ അമേരിക്കയുടെ ആരോപണത്തില്‍ ചൈനീസ് അധികൃതർ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച്‌ അറിയില്ലെന്നും നിലവില്‍ നല്‍കാൻ വിവരങ്ങളോന്നുമില്ലെന്നും വാഷിംഗ്‌ടണിലെ ചൈനീസ് എംബസി വക്താവ് പ്രതികരിച്ചു. ചൈനയുടെ ആണവ അന്തർവാഹിനി മുങ്ങാൻ കാരണം എന്താണെന്നോ ആ സമയത്ത് കപ്പലില്‍ ആണവ ഇന്ധനം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യങ്ങള്‍ വ്യക്തമല്ലെന്നും ചൈന ഇക്കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം 340ലധികം കപ്പലുകളാണ് നിലവില്‍ ചൈനയുടെ പക്കലുള്ളത്. 2025 ഓടെ മുങ്ങിക്കപ്പലുകള്‍ 64 ആയും 2035ഓടെ 80 ആയും ഫയരുമെന്ന് യു,എസ് പ്രതിരോധ വകുപ്പ് അറിയിച്ചു. ചൈനയുടെ ആണവായുധ നിർമ്മാണം അന്താരാഷ്ട്ര തലത്തില്‍ ആശങ്കകള്‍ ഉയർത്താൻ സാദ്ധ്യതയുണ്ടെന്നും വിലയിരുത്തല്‍ ഉണ്ട്.