

■ കെ.എൻ റസ്സൽ സംസാരിക്കുന്നു , മറയില്ലാതെ
ഇംഗ്ലണ്ടിൽ കാലുകുത്തിയ ഉടനെ സുരേഷ് പോലീസിൻ്റെ പിടിയിലായി. ഫ്രാൻസിൽ നിന്നും ഡോവർ ടണൽ വഴി എത്തിയതാണ് സുരേഷ്. ജയിൽ ഉറപ്പായി എന്ന് ബോധ്യമായി പകച്ച് നിൽക്കെ പോലീസിൻ്റെ ചോദ്യം.
‘നീ ഇന്ന് വല്ലതും കഴിച്ചോ’. ആ ചോദ്യം കേട്ടപ്പോൾ തന്നെ വയറുനിറയെ കഴിച്ചതു പോലൊരു സംതൃപ്തി. മനസ്സിൽ പ്രത്യാശയുടെ തിരയിളക്കം. കണ്ണുകളിൽ കുളിർമ്മ . ഒരു ഹോട്ടലിൽ കയറ്റി പോലീസ് വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുത്തു. എന്നിട്ട് ഇല്ലീഗൽ വ്യക്തികളെ താമസിപ്പിക്കുന്ന ബൂത്തിൽ ( ഒറിജിനൽ ജയിൽ അല്ല) കൊണ്ട് പോയി പാർപ്പിച്ചു.
ഇത് പറയുമ്പോൾ സുരേഷിൻ്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു.സുരേഷ് പറഞ്ഞു ‘മുസ്ലിം രാജ്യങ്ങളിലാണ് ഞാൻ ഇല്ലീഗൽ ആയി ചെന്നതെങ്കിൽ എൻ്റെ അവസ്ഥ ചിന്തിക്കാനാവില്ല’ എന്തും സംഭവിക്കാം.
2004- ലാണ് ഞാനും ഓമനയും ആദ്യമായി ലണ്ടനിലെത്തുന്നത്. ഓമന കാലടി സംസകൃത യൂണിവേഴ്സിറ്റിയിൽ ചരിത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ആയിരിക്കേയാണ് പി.എച്ച്ഡി പഠനവുമായി ബന്ധപ്പെട്ടു യു.കെയിൽ എത്തുന്നത്. Economic Development of Cochin During the British Colonial Period എന്നതായിരുന്നു ഗവേഷണ വിഷയം. തീസിസ് പൂർത്തിയാക്കാൻ ബ്രിട്ടീഷ് ലൈബ്രറിയിലെ ചരിത്ര രേഖകൾ കൂടി പരിശോധിക്കണമായിരുന്നു.
അതിന് ഇന്ത്യാ ഗവൺമെന്റ് ലണ്ടനിൽ എത്താനുള്ള ധനസഹായം നൽകി. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ആണ് എയർ ഇന്ത്യാ ടിക്കറ്റും യു.കെയിൽ താമസിക്കുന്നതിനുള്ള പണവും നൽകിയത്. 20 ദിവസം കൊണ്ട് ഓമന ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്നും ആവശ്യമുള്ള മെറ്റീരിയൽ കളക്ഷൻ നടത്തി ഞങ്ങൾ മടങ്ങി. 20 ദിവസം താമസിച്ചത് ജി.ശാമുവലിൻ്റെ വീട്ടിലായിരുന്നു. എന്നെയും ഫിലിപ്പ്.പി തോമസിനെയും ചെലവ് ചെയ്ത് ലണ്ടൻ കൊണ്ട് നടന്ന് കാണിച്ചത് ലണ്ടൻ പെന്തക്കോസ്തൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സാം ജോണും.
വീണ്ടും ഞങ്ങൾ 2005-ൽ യു.കെ യിലെത്തി. ലണ്ടൻ പെന്തക്കോസ്തൽ ചർച്ചിലെ ബ്രദർ ജേക്കബ് മാനേജരായിരുന്ന ഒരു ബെൽറ്റ് കമ്പനിയിലായിരുന്നു എനിക്ക് ജോലി. രാത്രിയിൽ ഉറക്കമിളച്ച് ജോലി ചെയ്ത് പരിചയമില്ലാത്ത എൻ്റെ ‘ കഷ്ടപ്പാട് ‘ കണ്ടിട്ട് എനിക്ക് ജോലിയിൽ ചില ഇളവുകൾ അദ്ദേഹം അനുവദിച്ചു തന്നു. ഒരു ഡസൻ ആളുകൾ രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്നു.
അതിൽ ഒരാളായിരുന്നു സുരേഷ്. ആ സുരേഷിൻ്റെ കഥ പറഞ്ഞു കൊണ്ടാണല്ലോ ഈ കുറിപ്പെഴുതാൻ തുടങ്ങിയത്. യു.കെ വിസയില്ലാതെ ഫ്രാൻസിൽ നിന്നും ഡോവർ ടണൽ വഴി യു.കെ യിലെത്തിയ സുരേഷിന് ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി നൽകിയ പൊലീസിനെ പറ്റിയാണല്ലോ പറഞ്ഞു തുടങ്ങിയത്.
സുരേഷിന് ആഴ്ചയിൽ 39 പൗണ്ട് വീതം സർക്കാർ സൗജന്യമായി നൽകിയാണ് ബൂത്തിൽ താമസിപ്പിച്ചിരുന്നത്. എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിടണമായിരുന്നു. മറ്റു ജോലികൾ ചെയ്യാൻ അനുവദിച്ചിരുന്നുമില്ല. പക്ഷേ, ജോലികൾ ചെയ്തിരുന്നു. ഇതെല്ലാം സുരേഷ് വിവരിക്കുമ്പോൾ ഞാൻ ആകാംക്ഷയോടെ സശ്രദ്ധം കേട്ടു. ജോലി ചെയ്യുന്നവരിൽ മറ്റു ചിലർ കൂടി ഇതിന് സമാനമായ അനുഭവത്തിലൂടെ കടന്നു പോകുന്നവരാണെന്ന് അവർ വെളിപ്പെടുത്തിയപ്പോൾ ഞാൻ അന്തം വിട്ടുപോയി.
തിരുവനന്തപുരം അഞ്ചുതെങ്ങ് ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ചില വ്യാജ റിക്രൂട്ടുമെൻ്റ് ഏജൻസികളാണ് സന്ദർശക വിസ സംഘടിപ്പിച്ച് ഇവരെ ഫ്രാൻസിലേക്ക് വിട്ടത്. ചെന്നാലുടനെ ജോലി കിട്ടും സുഖമായി അവിടെ ജീവിക്കാം എന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. മാത്രമല്ല ലക്ഷങ്ങളാണ് ഏജൻ്റുമാർ ഇവരിൽ നിന്ന് പിടുങ്ങിയത്. അവർ പറഞ്ഞത് എല്ലാം ഇവിടെ പറയാനാവുന്നില്ല.
തിരുവനന്തപുരം സ്വദേശി അലക്സ്, കായംകുളംകാരൻ ജോൺ, തടി വ്യാപാരിയായിരുന്ന സലിം എന്നിവരെ വ്യക്തമായി ഓർക്കുന്നു. ഉള്ള പണം മുഴുവൻ നഷ്ടപ്പെട്ടു. നിയമപരമായിട്ടല്ലാതെയുള്ള യു.കെ താമസം. നാട്ടിൽ പഠിക്കുന്ന കുഞ്ഞുങ്ങൾ. വന്നപ്പോൾ നാട്ടിലുണ്ടായ കടഭാരം വേറെ. ഇതിൽ സലിം സ്വന്തം ലോറിയുണ്ടായിരുന്ന റബ്ബർത്തടി കച്ചവടക്കാരനായിരുന്നു. കച്ചവടം പൊട്ടി ലോറി പോയി, കടം കയറി , നാട്ടിൽ നിൽക്കാനാവാതെ വന്നപ്പോഴാണ് സലീമും ഇവിടെ എത്തിയത്. കാലടിയുടെ അടുത്തപട്ടണമായ പെരുമ്പാവൂരിലാണ് കേരളത്തിലെ പ്ളൈവുഡ് ഫാക്ടറികളിൽ ഏറെയും പ്രവർത്തിക്കുന്നത്. ഇവിടെയായിരുന്നു. സലീമിൻ്റെ വ്യാപാരം.
2005ൽ വന്ന് 2006-ൽ ഞങ്ങൾ തിരിച്ച് നാട്ടിലേക്ക് പോയെങ്കിലും എൻ്റെ മനസിൽ ഇവരെ കുറിച്ചുള്ള ചിന്തകൾ തികട്ടി വരുമായിരുന്നു. ഏതാനും ആഴ്ചകളെ ഒരുമിച്ച് ജോലി ചെയ്തുള്ളുവെങ്കിലും നല്ല സ്നേഹിതരായി കഴിഞ്ഞിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞ് ഞാൻ അറിഞ്ഞത് അവർക്കെല്ലാം വിസയായി, ജോലിയായി, മക്കൾ ഇവിടെ വന്നു, വീടായി, കാറായി എന്നൊക്കെയാണ്. അവർ സമ്പന്നൻമാരായി എന്ന് കേട്ടപ്പോൾ ഞാൻ അതിയായി സന്തോഷിച്ചു. ഇവർ യു.കെ യിൽ എവിടെയെങ്കിലുമൊക്കെ സന്തോഷമായി കഴിയുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. ഒരിക്കലും ഇംഗ്ലണ്ടിലേക്ക് വരേണ്ടി വരില്ല എന്ന് വിചാരിച്ചാണ് ഞങ്ങൾ നാട്ടിലേക്ക് മടങ്ങിയത്.
എന്നാൽ മക്കൾ മുഖാന്തിരം വീണ്ടും ഞങ്ങൾ ലണ്ടനിൽ എത്തി. ഏതാനും ആഴ്ചകൾ മാത്രം അവരോടൊപ്പം താമസിക്കാൻ.




