പിവി അൻവർ എംഎല്‍എയെ തള്ളി മുഖ്യമന്ത്രി. നേരിട്ട് വന്ന് പരാതി നല്കാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് തുടർന്നു.
ഇടതുപക്ഷ എംഎല്‍എ ആയിരുന്നെങ്കില്‍ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നു. പി.ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരോപണങ്ങള്‍ ഉയർത്തിയാല്‍ അതിനെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഇടതുപക്ഷ എംഎല്‍എ ആണെന്ന ബോധ്യം പിവി അൻവറിന് ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം വിഷയങ്ങള്‍ ആദ്യം പാർട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടിയിരുന്നത്. എന്റെ ശ്രദ്ധയിലും പെടുത്താം. അതിന് ശേഷമായിരിക്കണം പരസ്യ നടപടിയിലേക്ക് പോകേണ്ടത്. അതല്ല അദ്ദേഹം സ്വീകരിച്ചത്. ആദ്യ ദിവസം പത്രസമ്മേളനം നടത്തിയപ്പോള്‍ തന്നെ അദ്ദേഹത്തെ ബന്ധപ്പെടാൻ ഓഫീസിനോട് നിർദ്ദേശിച്ചിരുന്നു. എന്നോട് നേരിട്ട് വന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ അടുത്ത ദിവസവും അദ്ദേഹം പത്രസമ്മേളനം നടത്തി. വീണ്ടും തന്നെ നേരിട്ട് വന്ന് കാണാൻ ആവശ്യപ്പെട്ടെങ്കിലും മൂന്നാം ദിവസവും അൻവർ പത്രസമ്മേളനം നടത്തി. മൂന്നാം ദിവസമാണ് അദ്ദേഹം പറയുന്നത് മുഖ്യമന്ത്രിയെ അടുത്ത ദിവസം കാണുമെന്ന്.
സംസാരിക്കുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്ത് കാണിക്കുകയാണ് അൻവർ ചെയ്തത്. ഏതെങ്കിലും പൊതുപ്രവർത്തകൻ അത്തരത്തില്‍ ചെയ്യുമോ ? അടുത്ത ദിവസം വന്ന് എനിക്ക് നിവേദനം തന്നു. അഞ്ച് മിനിറ്റാണ് അൻവറിനെ കണ്ടത്. ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. അൻവറിന്റേത് ഇടുപക്ഷ പശ്ചാത്തലമല്ല, അൻവറിന്റേത് കോണ്‍ഗ്രസ് വഴിയാണ്.അവിടെ നിന്നാണ് ഇങ്ങോട്ട് വന്നത്. ഞങ്ങളുടെ കൂട്ടത്തിലുള്ളൊരാള്‍ ഈ നടപടി സ്വീകരിക്കില്ല.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് പി ശശി. പാർട്ടിയാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയോഗിച്ചത്. മാതൃകാപരമായ പ്രവർത്തനമാണ് പി ശശി കാഴ്ചവെക്കുന്നത്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിന്റെ പേരില്‍ ആരോപണങ്ങള്‍ ഉയർത്തിയാല്‍ അവജ്ഞയോടെ തള്ളിക്കളയുന്നു
ഈ സർക്കാരിന് നിയമപ്രകാരം സ്വീകരിക്കാൻ പറ്റുന്ന നടപടിയാണ് അദ്ദേഹം സ്വീകരിക്കുന്നത്. അല്ലാതെ എല്ലാ പരാതികളിലും നടപടിയെടുക്കുകയല്ല. അതല്ലാതെയുള്ള നടപടി സ്വീകരിച്ചാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് അങ്ങനെയൊരു പദവിയില്‍ ഇരിക്കാൻ പറ്റില്ല. ചെയ്യാൻ കഴിയാത്ത കാര്യത്തിന്റെ പേരില്‍ എന്തെങ്കിലും വിരോധം വെച്ച് പുലർത്തി വിളിച്ച് പറഞ്ഞാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റില്ല. ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടാല്‍ മാത്രമായിരിക്കും ഒരാള്‍ക്കെതിരെ നടപടി സ്വീകരിക്കുക. അല്ലാതെ ആരോപണത്തിന്റെ പേരില്‍ നടപടി ഉണ്ടാകില്ല.




