പൂനെയിലെ സിറ്റി പോസ്റ്റോഫീസിനു മുമ്പിലെ കുഴിയില്‍ ട്രക്ക് വീണ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നടുറോഡില്‍ ഉണ്ടായ വൻ ഗർത്തത്തിലേക്ക് വീണ ടാങ്കർ ലോറിയുടെ ദൃശ്യങ്ങളാണ് അവ. വെള്ളം നിറഞ്ഞെത്തിയ ടാങ്കർ ആണ് കുഴിയിലേക്ക് വീണത്. പുണെ മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കറാണ് ഗര്‍ത്തത്തിലേക്ക് വീണത്.
വാഹനത്തില്‍ ഡ്രൈവർ മാത്രമാണ് സംഭവ സമയത്ത് ഉണ്ടായത്. ഇയാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലോറി കുഴിയില്‍ പതിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളം നിറച്ച ടാങ്കർ കടന്നുപോകുമ്പോള്‍ പെട്ടെന്ന് പ്രദേശത്ത് ഗർത്തം രൂപപ്പെടുകയും വാഹനത്തിന്റെ പിന്‍ചക്രങ്ങള്‍ ചെളിവെള്ളം നിറഞ്ഞ വലിയ ഗര്‍ത്തത്തിലേക്ക് പതിക്കുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. മുന്‍ഭാഗം മുങ്ങാതെ ഉയര്‍ന്നുനിന്നിരുന്നതിനാല്‍ ഡ്രൈവര്‍ അതിവേഗം പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരികയാണ്.




