33 യാത്രക്കാരെ ബസിൽ നിന്നും പിടിച്ചിറക്കി കൊലപ്പെടുത്തി

കറാച്ചി: പാക്കിസ്ഥാനിലെ ബലുചിസ്ഥാനില്‍ ആയുധധാരികള്‍ നടത്തിയ രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ 33 പേർ ദാരുണമായി കൊല്ലപ്പെട്ടു.

മുസാഖേല്‍ ജില്ലയിലുണ്ടായ ആക്രമണത്തില്‍ പഞ്ചാബ് പ്രവിശ്യയില്‍നിന്നുള്ള 23 പേരാണു കൊല്ലപ്പെട്ടത്. ആയുധധാരികള്‍ ഇവരെ ബസില്‍നിന്നു പിടിച്ചിറക്കി തിരിച്ചറിയല്‍രേഖ പരിശോധിച്ചാണു കൊലപ്പെടുത്തിയത്. ഇവരില്‍ പലരും തെക്കൻ പഞ്ചാബില്‍ നിന്നുള്ളവരാണ്. ഖൈബർ പഖ്തുഖ്വയില്‍നിന്നുള്ള ചിലരും കൊല്ലപ്പെട്ടു.

നാലു പൊലീസുകാർ ഉള്‍പ്പെടെ ഖലാത് ജില്ലയിലുണ്ടായ ആക്രമണത്തില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 24ന് രാത്രിയിലാണ് ബലുചിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം ഉണ്ടായതെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച്‌ പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മുസാഖേലിലെ ദേശീയപാതയില്‍ 12 വാഹനങ്ങള്‍ ഭീകരർ അഗ്നിക്കിരയാക്കുകയും ചെയ്തു. മറ്റൊരു ആക്രമണത്തില്‍ ബോലാനിലെ ഡോസാൻ മേഖലയില്‍ റെയില്‍വേ പാലം തകർന്നു.

പാമേഖലയില്‍ ജോലി ചെയ്യുന്ന പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും നേർക്ക് ബലൂച് വിഘടനവാദികള്‍ ആക്രമണം കടുപ്പിക്കാറുണ്ട്. വിദേശ കമ്ബനികള്‍ക്കു നേരെയും ആക്രമണം ഉണ്ടാകാറുണ്ട്. പ്രവിശ്യയെ പരിഗണിക്കാതെ അവിടെനിന്നു ലഭിക്കുന്നത് മറ്റു നാട്ടുകാർ വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ പരാതി. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി (ബിഎല്‍എ) ഏറ്റെടുത്തു. പ്രസിഡന്റ് ആസിഫലി സർദാരിയും പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ആക്രമണത്തെ അപലപിച്ചു.