കെയ്റോ: സുഡാനില്‍ കനത്ത മഴയെത്തുടർന്ന് അണക്കെട്ട് തകർന്ന് ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി.
അറുപതോളംപേർ മരിച്ചെന്നാണ് പ്രാഥമിക കണക്കുകളെന്ന് അന്തർദേശീയ മാധ്യമമായ ബി.ബി.സി. റിപ്പോർട്ടുചെയ്തു. മരണനിരക്ക് ഉയർന്നേക്കുമെന്നാണ് സൂചന. കാണാതായവർക്കായി തിരച്ചില്‍ ആരംഭിച്ചു.
റെഡ് സീ സ്റ്റേറ്റിലെ പോർട്ട് സുഡാനില്‍നിന്ന് 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന അർബാത് ഡാമാണ് തകർന്നത്. രണ്ടരക്കോടി ക്യുബിക് മീറ്റർ ശേഷിയുള്ളതാണ് അണക്കെട്ട്. വീടുകളും കൃഷിയിടങ്ങളുമടക്കം ഒഴുകിപ്പോയതായി റിപ്പോർട്ടുണ്ട്.
വാഹനങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഏഴോളം ലോറികളില്‍ കുട്ടികളും മുതിർന്നവരുമടക്കം ഒട്ടേറെ കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെയാണ് അണക്കെട്ട് തകർന്നതെന്നാണ് വിവരം. ഇന്റർനെറ്റ് തകരാറിലായതിനെത്തുടർന്ന് ആശയവിനിമയം താറുമാറായി. പലവിവരങ്ങളും പുറത്തേക്ക് എത്തുന്നില്ലെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു.
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നാലുമരണമെന്നാണ് ഔദ്യോഗികമായി മന്ത്രാലയം പുറത്തുവിട്ട കണക്ക്.




