
സാബു തൊട്ടിപ്പറമ്പിൽ
[സ്പെഷ്യൽ കറസ്പോണ്ടൻ്റ് ]
___________________________
അങ്ങ് അകലെ ഉയർന്ന് നിൽക്കുന്ന മല നിരകൾ. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1550 അടി ഉയരത്തിൽ. ആ മലമുകളിൽ നിന്നും ചാലിട്ടൊഴുകുന്ന നീർചാൽ.ആ ഗ്രാമത്തിൻ്റെ സമൃദ്ധി കൂടിയായിരുന്നു ആ നീരൊഴുക്ക്. ഗ്രാമ വിശുദ്ധിയുടെ പളുങ്ക് പത്രം പോലെ വെയിലേറ്റ് തിളങ്ങിയിരുന്ന ആ നീർചാല് ഇന്ന് ഒരു ഗ്രാമത്തിൻെറ സർവ്വ നാശത്തിൻെറ കാരണമായി തീർന്നിരിക്കുന്നു.

നാനാജാതി മതസ്ഥരും ഒന്ന് ചേർന്ന് സ്നേഹത്തോടെ കഴിഞ്ഞിരുന്ന ചൂരൽ മലയും മുണ്ടക്കൈയും. അന്നാട്ടുകാർക്കും വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കും കുളിരേകി ഒഴുകിയിരുന്ന ആ അരുവിയുടെ ഉത്ഭവ സ്ഥാനത്ത് നിന്നാണ് മഹാദുരന്തത്തിന്റെ ആരംഭം എന്നത് ഒരുപക്ഷേ, യാദൃശ്ചികം ആവാം.
ഉന്മാദം പൂണ്ട പ്രകൃതി ആ നിഷ്കളങ്ക ഗ്രാമത്തിന്മേൽ പെയ്തിറങ്ങി. നാളകളുടെ നല്ല സ്വപ്നങ്ങൾ കണ്ടുറങ്ങിയിരുന്നവരെ അപ്പാടെ ,പച്ചയോടുകൂടി തന്നെ മണ്ണിട്ട് മൂടിയ ദയാദാക്ഷിണ ഇല്ലാത്ത പ്രകൃതിയുടെ കൊടുംക്രൂരത.പിടയുന്ന ഹൃദയത്തോട് ഓരോരുത്തരും ചോദിക്കുന്നു , എന്തിന് ക്രൂരത..അവർ സാധുക്കളെല്ലായിരുന്നു… വെറും പാവങ്ങൾ അല്ലായിരുന്നോ?
“നാളെ സ്ക്കൂളിൽ ചെല്ലുമ്പോൾ ചെറുപിണക്കത്തോടെ പിരിഞ്ഞ കൂട്ടുകാരെ ചേർത്ത് നിർത്തണമെന്ന് കരുതി കിടന്ന് ഉറങ്ങിയ കുഞ്ഞുങ്ങൾ !
രാത്രി കിടന്നുറങ്ങുന്നതിന് മുമ്പ് ഭാര്യയോട് ചെറിയൊരു സൗന്ദര്യം പിണക്കം. നാളെ രാവിലെ പുലർന്നിട്ട് വേണം ആ മുഖത്തുനോക്കി നീയല്ലാതെ എനിക്ക് ആരാണുള്ളത് എന്ന് പറയണമെന്ന് കരുതി ഉറങ്ങാൻ കിടന്ന് സ്നേഹനിധികളായ ഭർത്താക്കന്മാരും ഭാര്യമാരും !

വറുതിയുടെ ഇല്ലായ്മയിലും ഒരു കൈ സഹായിച്ചവരെ കുറിച്ച് നന്ദിയുള്ള ഹൃദയവുമായി ഉറങ്ങാൻ കിടന്നവർ !
വിവാഹപ്രായമെത്തിയ തങ്ങളുടെ കുഞ്ഞുങ്ങളുടെ വിവാഹത്തിൻെറ മനോഹരം കാഴ്ചകൾ അകക്കണ്ണാൽ കണ്ട് മയങ്ങിയവർ !
പുതിയ വാഹനം വാങ്ങുന്നത്…സ്വന്തം വീട് ഒന്ന് മൊടി പിടിപ്പിക്കുന്നത്!
നാളെ എന്തായാലും ചെലവ് ചെയ്യാമെന്ന് തലേന്ന് സന്ധ്യയ്ക്ക് പറഞ്ഞ് പിരിഞ്ഞ സൗഹൃദങ്ങൾ ! പക്ഷേ, ഒന്നിനും ഒന്നിനും നേരം പുലരാൻ അനുവദിക്കാത്ത പ്രകൃതിയുടെ കലിപ്പിൽ സർവ്വതും നശിച്ചു.
സമാനതകളില്ലാത്ത ദുരന്തമാണ് കേരളം ഏറ്റുവാങ്ങിയത്. കരളിലിയിക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിൽ.ആർത്തലച്ചെത്തിയ വെള്ളവും ചെളിയും ഭീമാകരങ്ങളായ കല്ലുകളും മനുഷ്യരെ കൊന്നൊടുക്കി. ശ്മശാന ഭൂമിയിൽ തല വേർപെട്ടതും ചതഞ്ഞരഞ്ഞതുമായ മനുഷ്യശരീരങ്ങൾ. ഒരിക്കലും കരളുറപ്പില്ലാത്തവർക്ക് കണ്ടുനിൽക്കാനാവാത്ത അതിദാരുണ ദൃശ്യങ്ങൾ.

കേരളം ദുരന്തഭൂമിയിലേക്ക് ഒതുങ്ങുകയാണ്.സഹായത്തിന്റെ കരങ്ങൾ കരുതലായി മാറുന്നു.എങ്ങനെ താങ്കളുടെ സഹോദരങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം, ആ ചിന്ത തന്നെയാണ് കേരളക്കരയാകെ.ഓരോ ദുരന്തമുഖങ്ങളിലും മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തിയും സൗഹൃദവും അധ്വാനവും ലോകം മുഴുവൻ അനുമോദിച്ചിട്ടുള്ളതാണ്.ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ കേരളത്തിൻ്റെ, മലയാളത്തിൻ്റെ കെട്ടുറപ്പ് അതുതന്നെയാണ് .
ഈ ദുരന്തത്തിൽ എന്നാൽ വേറിട്ട ചില ‘സഹായങ്ങളും’ കണ്ടു. അമ്മിഞ്ഞപാലിന്റെ മണം മാറാത്ത കുഞ്ഞുങ്ങൾ. അമ്മ നഷ്ടപ്പെട്ട ഇത്തരം ഇളം പൈതലുകൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ എൻ്റെ ഭാര്യ റെഡി യാണെന്ന് സോഷ്യൽ മീഡിയായിൽ പോസ്റ്റ് ഇട്ടു സൗഹൃദങ്ങൾ. പിന്നാലെ ഇവർ ദുരന്ത ഭൂമിയിലേക്ക് പോവകയും ചെയ്തു.ഇടുക്കി ഉപ്പുതറ സ്വദേശികളാണ് ഈ മഹാദുരന്തത്തിൽ വേറിട്ട സ്നേഹക്കുടൊരുക്കി ദമ്പതികൾ.സോഷ്യൽ മീഡിയ കേരളത്തിൻെറ മാതാവ് എന്ന് ഇവരെ വിശേഷിപ്പിക്കുന്നു.

പിന്നെയും സ്നേഹത്തിൻെറ വാക്കുകൾ ആയി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കാണുന്നു.”എനിക്കൊരു കുഞ്ഞുണ്ട് .വലിയ സാമ്പത്തികശേഷികൾ ഒന്നുമില്ല .എന്നാലും അനാഥയാക്കപ്പെട്ട ഒരു കുഞ്ഞുണ്ടെങ്കിൽ അതിനെ നോക്കാൻ എനിക്ക് കഴിയും.” അങ്ങനെ ഹൃദയ പലകയിൽ കോറിയിടാവുന്ന വാക്കുകൾ പറയുകയാണ് മനുഷ്യസ്നേഹികളായ സാധാരണക്കാർ.
തച്ചുടയ്ക്കപ്പെട്ട ശൂന്യമായ ഭൂമിയിൽ ദുരന്തങ്ങളെ അതിജീവിച്ചവർക്കായി മനസ്സിൽ നൊമ്പരം അടക്കി പ്രവർത്തിക്കുകയാണ് ഒരു കൂട്ടം ആൾക്കാർ.
അപകടത്തിന്റെ വ്യാപ്തി വളരെ വലുതാണ്.ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ മരണസംഖ്യ 357 -ൽ എത്തിയതായി ഔദ്യോഗിക സ്ഥിരീകരണം .91 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 9300 പേർ കഴിയുന്നു.206 പേരെ ക്കുറിച്ച് ഇനിയും യാതൊരു വിവരങ്ങളും ഇല്ല.
“ആരെങ്കിലും ജീവനോടെ ഇനി ഉണ്ടാവാൻ വഴിയിലെന്ന്” രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേരള – കർണാടക സബ് ഏരിയൽ ജനറൽ ഓഫീസർ കമാണ്ടിംങ് (ജി ഒ സി ) മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞതും കൂടി ചേർത്ത് വായിക്കുമ്പോഴാണ് മരണസംഖ്യയുടെ ഭയാനകമായ ചിത്രം തെളിയുന്നത്.
ദുരന്തഭൂമി ഇപ്പോഴും മരിച്ച മനുഷ്യർക്ക് വേണ്ട തിരച്ചാൽ തുടരുകയാണ്. തമിഴ്നാട്ടിൽ നിന്നുള്ള റസ്ക്യൂ -ഫയർ ടീം.തമിഴ്നാട്ടിൽ നിന്നുതന്നെയുള്ള നാല് കടവാർ നായ്ക്കളും തെരച്ചിലിൽ പങ്കെടുക്കുന്നു.സൈന്യവും സന്നദ്ധ സംഘടനകളും എല്ലാം മറന്ന് മണ്ണിൽ അകപ്പെട്ടുപോയ ശവശരീങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയുമോ എന്ന അവസാന ശ്രമത്തിലാണ് ഇപ്പോഴും.പക്ഷേ ഇവരുടെയൊക്കെ ശവശരീരങ്ങൾ എങ്കിലും ഇനി തിരിച്ച് കിട്ടുമോ എന്നത് ഒരു ചോദ്യചിഹ്നമായ അവശേഷിക്കുന്നു.
ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നുള്ളതാണ് ഔദ്യോഗിക വിവരം. ഇത് ഏവരുടെയും ചങ്ക് തകർക്കുന്നതാണ് ഈ വിവരങ്ങൾ.
ഒന്നുറപ്പ്…കരളുറപ്പില്ലാത്ത ആർക്കും കണ്ട് നിൽക്കാനോ കേൾക്കാനോ കഴിയാത്ത വാർത്തകളും ദൃശ്യങ്ങളുമാണ് ദുരന്തഭൂമിയിൽ നിന്നുള്ളത്.
ഇതെഴുതുമ്പോഴും മിഴിനീരുകൾ കണ്ണുകളെ മറയ്ക്കുന്നുണ്ട്.അവസാന മിനുക്ക് പണിക്ക് ഒന്നോടിച്ച് വായിച്ച് നോക്കുമ്പോൾ നെഞ്ചിടറുന്നു ..ശബ്ദം അറിയാതെ പതറിപ്പോകുന്നു.ഈ ദുരന്തം താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്.




