വയനാട്: ക്രൈസ്തവചിന്ത പ്രതിനിധി പാസ്റ്റർ രമേശ് ദുരന്ത മേഖല സന്ദർശിച്ചു. മുണ്ടക്കൈ ഉരുൾപൊട്ടലിൽ വൈകിട്ട് അഞ്ചരയോടുകൂടി 116 പേരുടെ മരണം
സ്ഥിരീകരിച്ചു. ഒരു കുടുംബത്തിലെ 12 പേരെയും കാണാനില്ല. 200 പേരെ കുറിച്ച് ഒരു വിവരവുമില്ല. മേപ്പാടി ഹെൽത്ത് സെന്ററിൽ 62 മൃതദേഹങ്ങൾ ഉണ്ട്.

ഇവരിൽ 42 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ മൂന്ന് മൃതദേഹങ്ങളുണ്ട്. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 41 മൃതദേഹങ്ങളാണ് ഉള്ളത്. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് ഒരാളുടെ മൃതദേഹമുള്ളത്. 200 പേരെ കാണാനില്ലെന്നും വിവരമുണ്ട്. 20 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി .

മേപ്പാടി താലൂക്ക് ആശുപത്രിയിൽ 16 ശരീരഭാഗങ്ങളും എത്തിച്ചിട്ടുണ്ട്. ഇത് മരിച്ചുപോയവരുടേതാകാമെന്നാണ് കരുതുന്നത്. ഇതുവരെ 122 പേരെ ദുരന്ത മുഖത്ത് നിന്ന് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. വിംസ് ആശുപത്രിയിൽ മാത്രം 82 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

മേപ്പാടി ആശുപത്രിയിൽ 27 പേരും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 13 പേരും ചികിത്സയിലുണ്ട്. പരുക്കേറ്റ് ചികിത്സ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.
ദുരന്തം ഹൃദയം പിളർക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.മഴയും മഞ്ഞും കൂടെ ഇരുട്ട് പരക്കുന്നതിനാലും രക്ഷപ്രവർത്തനം രാത്രിയിൽ അസാധ്യമാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദൗത്യം ഏകോപിപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.





