ഉമ്മൻ ചാണ്ടിയുടെ ‘വെടിക്കെട്ട്’ പ്രസംഗം കേട്ടാലും; വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആർക്ക്?

വിഴിഞ്ഞം ഹാർബറിന് വേണ്ടി ശബ്ദിച്ചതും അത് പണിയാൻ അദാനിയെ ഏൽപ്പിച്ചതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. സി.പി.എമ്മിൻ്റെ സ്ഥിരം വികസന വിരോധലഹള ഇവിടെയും പൊട്ടിപ്പുറപ്പെട്ടു. അഴിമതി ആരോപണം ഉന്നയിച്ച് പദ്ധതിക്ക് തുരങ്കം വച്ചു. സി. പി. എമ്മിൻ്റെ കളി ഏശാതെ പോയി. വികസനം തുടർമാനമായി നടക്കുന്ന പ്രക്രിയ ആയതു കൊണ്ട് പണി ഇടത് ഭരണകാലത്ത് നടന്നു എന്നു മാത്രം.

ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾക്കെന്നും യുഡിഎഫ് സർക്കാർ മുൻതൂക്കം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് . ചില സംഭവങ്ങൾ ചില ഓർമ്മപ്പെടുത്തുകൾ കൂടിയാണ്. ഇപ്പോൾ നാടിനാകെ അഭിമാനമായി മാറിയ വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പൽ വന്നടുത്തു.ഇപ്പോൾ ഇതിൻ്റെ പിതൃത്വത്തെ ചൊല്ലി വാഗ്വാദങ്ങൾ നടക്കുകയാണ്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ, ഇന്നത്തെ ഭരണാധികാരികൾ പ്രസ്തുത പദ്ധതി അഴിമതിക്കുള്ളതാണെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളിയതാണ്.അന്ന് നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പറഞ്ഞത് ഇപ്രകാരമാണ് “വിഴിഞ്ഞം പദ്ധതി കേരളത്തിൻെറ സ്വപ്ന പദ്ധതിയാണ്. അതിനുവേണ്ടി 1991 മുതൽ നമ്മൾ ശ്രമിക്കുകയാണ്. സംസ്ഥാനത്തിൻെറ താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും. യാതൊരു സംശയവും വേണ്ട .അതിൻെറ പേരിൽ നിങ്ങൾ എന്ത് സംശയവും പറഞ്ഞോ,ഏത് നിർദ്ദേശവും വച്ചോ സ്വീകരിക്കാവുന്നത് മുഴുവൻ സ്വീകരിക്കും. പക്ഷേ, അഴിമതിയാരോപണമുന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല.”

അന്ന് നിയമസഭയിൽ കേട്ടത് വികസനത്തിന്റെ വാതായനങ്ങൾ തുറക്കുന്ന, വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാനുള്ള ഒരു ഭരണാധികാരിയുടെ ഉറച്ച ശബ്ദമായിരുന്നു.
ഇന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ അന്ന് എതിർത്തവർ മുന്നിലുണ്ട് എന്നതാണ് രസകരം.

വിഴിഞ്ഞം തുറമുഖത്തെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത് 1991- ൽ കെ കരുണാകരൻ സർക്കാരിൻെറ കാലത്താണ്.അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം വി രാഘവനാണ് വിഴിഞ്ഞത്ത് ഒരു പുതിയ തുറമുഖം നിർമ്മിക്കണമെന്നുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്.എന്നാൽ പദ്ധതി നടത്തിപ്പ് നീണ്ടു പോവുകയായിരുന്നു. 2011 -ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാരാണ് തുറമുഖം യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചത്.ഇതേ ചൊല്ലി അന്ന് വലിയ കോലാഹലം ഉണ്ടാവുകയും ചെയ്തു. ഏറെ രാഷ്ട്രീയ ആരോപണങ്ങളും അന്ന് സർക്കാർ നേരിടേണ്ടതായി വന്നു.

2016 – ൽ ഒന്നാം പിണറായി സർക്കാർ തുറമുഖ പ്രവർനങ്ങൾക്ക് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ചു എന്നുള്ളത് ശരി തന്നെയാണ്.
എന്നാൽ പദ്ധതിയുടെ മുഴുവൻ ക്രെഡിറ്റും തട്ടിയെടുക്കുക എന്നത് അല്പത്തരമാണ്.സർക്കാർ പദ്ധതികൾ കാലാനുസൃതമായി പിന്തുടരുന്ന് വരുന്ന സർക്കാരുകളാണ് പൂർത്തീകരണത്തിൽ എത്തിക്കുന്നത്.വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ സംഭവിച്ചതും അതു തന്നെയാണ്.

പണ്ട് പൊതുജനമധ്യത്തിൽ കമ്പ്യൂട്ടറുകൾ അടിച്ച് പ്രതിഷേധിച്ചവരാണ് കമ്മ്യൂണിസ്റ്റുകാർ.ഇന്ന് കമ്പ്യൂട്ടറില്ലാത്ത ഏതെങ്കിലും കമ്മ്യൂണിസ്റ്റുകാരൻ്റെ വീട് ഉണ്ടോ എന്നതും ചിന്തിക്കേണ്ടത്.

ഉമ്മൻചാണ്ടി സർക്കാർ നടത്തിയ ജനസമ്പർക്ക പരിപാടിയെ അടച്ചാക്ഷേപിച്ചവരാണ് ഇന്നത്തെ ഭരണാ കർത്താക്കൾ.അന്ന് ആ പരിപാടിയിൽ അപേക്ഷയുമായി എത്തിയ പാവങ്ങൾക്ക് എന്തെങ്കിലും ഒക്കെ സഹായം കിട്ടിയിരുന്നു.

അതിന്റെ മറ്റൊരു പതിപ്പായിരുന്നു ഏറെക്കൊട്ടിഘോഷിച്ചു നടത്തിയ നവകേരള സദസ്സ്.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പ്രവർത്തനങ്ങൾ മനസ്സിൽ ഉണ്ടായിരുന്ന ജനങ്ങൾ അപേക്ഷയുമായി തടിച്ചുകൂടി.

എന്നാൽ ജനകൂട്ടം ഭരണം ഇഷ്ടപ്പെട്ട് കൂടിയവരാണെന്ന് വിലയിരുത്തപ്പെട്ടു.അത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായിരുന്നുവെന്ന് അധികം താമസിക്കാതെ തന്നെ മനസ്സിലായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 – 1 എന്നത് ജനം കൊടുത്ത മറുപടിയാണ്.

നല്ലത് ചിന്തിക്കുകയും, നല്ലത് പ്രവർത്തിക്കുകയും ചെയ്യുന്നവരെ കാലം ഒരിക്കലും മറക്കില്ല….അത് കാലമെത്ര മുന്നോട്ട് പോയാലും!

വിഴിഞ്ഞം തുറമുഖ പദ്ധതി പൂവണിയുന്ന ഈ വേളയിൽ അതിന് മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയെന്ന കർമ്മധീരൻ്റെ വാക്കുകൾ ഇപ്പോഴും നമ്മൾ കേട്ടുകൊണ്ടിരിക്കയാണ്. വളരെ പ്രാധാന്യത്തോടെ നമ്മുടെ മുന്നിൽ, സോഷ്യൽ മീഡിയ ഫ്ളാറ്റ് ഫോമുകളിൽ ഉൾപ്പെടെ ഇത്ര കണ്ട് വൈറലായി കൊണ്ടിരിക്കുന്നതും അതുകൊണ്ടാണ്.

നല്ലത് ചിന്തിക്കുക …. നല്ലത് പ്രവർത്തിക്കുക. നല്ല നാളെകളുടെ സ്വപ്നങ്ങൾക്ക് ചിറക് വയ്ക്കാൻ കാരണക്കാരാക്കുന്നവരെ ഒരിക്കലും ആരും മറക്കില്ല.