തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്റെ പേര് പരാമര്‍ശിക്കാത്തതില്‍ ഫേസ്ബുക്ക് പോസ്റ്റുമായി എ.സുരേഷ്.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പിഎ ആയിരുന്നു സുരേഷ്. വിഴിഞ്ഞം ആദ്യ ഘട്ടം യാഥാര്‍ഥ്യമായെന്നും മദര്‍ഷിപ്പ് നങ്കൂരമിട്ടെന്നും ഇതില്‍ സന്തോഷമെന്നും പറഞ്ഞാണ് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറില്‍ ഒപ്പിട്ടതും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എന്ന സ്വാതന്ത്ര്യ കമ്പനിക്ക് രൂപം നല്കിയതും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു തുറമുഖത്തിനായി പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയും ചെയ്തത് വി എസ്സിന്റെ കാലത്താണ്.
അതിനു വേണ്ടി നിരവധി യോഗങ്ങള്‍ വിളിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഏതോ കേന്ദ്രത്തില്‍ നിന്നും പാര വന്നതോടെ ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചതായും സുരേഷ് തന്റെ പോസ്റ്റില്‍ പറയുന്നു.
പിന്നീട് ഗൗതം അദാനി ആദ്യമായി നേരിട്ട് വിഴിഞ്ഞം തുറമുഖത്തിനായി ചര്‍ച്ച നടത്താന്‍ വന്നു ചര്‍ച്ച നടത്തിയതും ആ കാലത്താണ്. എന്നാല്‍, ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ച ആരെങ്കിലും വി എസ്സിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയി. സത്യത്തിനും ആശകള്‍ക്കും ആഗ്രഹങ്ങള്‍ക്കും പ്രസക്തിയില്ലാത്ത കെട്ട കാലം എന്ന് പറഞ്ഞ് സുരേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുകയാണ്.
ചരിത്രമാകുന്ന വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമായെത്തിയ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാന്‍ഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖമന്ത്രി സര്‍വാനന്ത സോനോവാളും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. കപ്പലിലെ ക്യാപ്റ്റനും ജീവനക്കാര്‍ക്കും മന്ത്രിമാര്‍ ഉപഹാരം നല്കി.
ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ വിഴിഞ്ഞം ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്കരിക്കില്ല. സ്ഥലം എംഎല്‍എ എന്‍ വിന്‍സന്റ് ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ചൈനയിലെ ഷിയാമിന്‍ തുറമുഖത്ത് നിന്ന് വിഴിഞ്ഞത്തെത്തിയ കപ്പലില്‍ 2000ലധികം കണ്ടെയ്നറുകളാണുള്ളത്. ഇതുവരെ 500ഓളം കണ്ടെയ്നറുകള്‍ ബെര്‍ത്തിലേക്ക് ഇറക്കി കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ സാന്‍ ഫെര്‍ണാന്‍ഡോ യൂറോപ്പിലേക്ക് തിരിക്കും എന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകാനാണ് സാധ്യത.




