ഗുജറാത്തിൽ ആറ് നിലകെട്ടിടം തകർന്ന് വീണ് ഏഴ് മരണം; കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

സൂറത്ത്: ഗുജറാത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം ഏഴായി. തകർന്ന കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി റിപ്പോർട്ട്.

ഇന്നലെ (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. 15 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ടായിരുന്നു.

ടെക്സ്റ്റൈൽ തൊഴിലാളികളായ നിരവധി ആളുകളാണ് കുടുംബമായും അല്ലാതെയും കെട്ടിടത്തിൽ താമസിച്ചുപോന്നിരുന്നത്. അപകടം നടന്നയുടനെത്തന്നെ അഗ്നിശമനാ സേനയടക്കമുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എത്ര പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഒരു വിവരവുമില്ലാത്തതാണ് രക്ഷാപ്രവർത്തകരെ കുഴയ്ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കെട്ടിടത്തിന് വെറും എട്ട് വർഷത്തിന്റെ പഴക്കമേയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. മേഖലയിൽ കുറച്ച് ദിവസങ്ങളായി കനത്ത മഴ കൂടിയായതോടെ കെട്ടിടം തകർന്നുവീഴുകയായിരുന്നു എന്നാണ് വിവരം.

സൂറത്തിലെ ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖാണ് ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചത്. രാത്രി മുഴുവൻ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണസേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.