‘ദൈവം’ കാലനായി; ‘കൊന്നത്’ 100 ലധികം പേരെ

കെ.എൻ. റസ്സൻ
ചീഫ് എഡിറ്റർ

യുപിയിലെ ഹാഥ്റസിൽ ഇന്നലെ നടന്ന ആൾ ദൈവത്തിന്റെ മതപ്രഭാഷണം കേൾക്കാൻ തടിച്ചുകൂടിയ ജനങ്ങളിൽ നൂറുകണക്കിനാൾക്കാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

പ്രഭാഷണം കേൾക്കുക എന്നതല്ല ആൾദൈവത്തിന്റെ കാൽ തൊട്ടു വന്ദിക്കാനും മണ്ണ് ശേഖരിക്കാനുമുള്ള തിക്കും തിരക്കും ആണ് മഹാ ദുരന്തത്തിൽ കലാശിച്ചത്.

ഇത് മതാന്ധതയുടെയോ അന്ധവിശ്വാസത്തിന്റെയോ നേർക്കാഴ്ചയാണ്.പ്രഭാഷണം കേൾക്കുക .അനുഗ്രഹം പ്രാപിക്കുക .തടിച്ചുകൂടിയ ജനങ്ങളുടെ ലക്ഷ്യങ്ങൾ ഇതൊക്കെയാണ്.എന്നാൽ ഒരു ദുരന്ത മുഖത്തുനിന്ന് ഇവർ വിശ്വസിച്ച ,അല്ലെങ്കിൽ ആരാധിച്ച ആൾ ദൈവത്തിന് ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് തന്നെയാണ് ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവ് .രക്ഷ പ്രാപിക്കാൻ എത്തിയവന്റെ മുൻപിലാണ് മനുഷ്യ ജീവിതങ്ങൾ പിടഞ്ഞു മരിച്ചത്. ഒരോ മനുഷ്യരെയും പോലെ ഒരാൾ മാത്രമാണ് ഈ ആൾ ദൈവം.നിങ്ങളുടെ അടിസ്ഥാന പ്രശ്ന പരിഹാരം , ഏതെങ്കിലും രീതിയിൽ ഒരു അനുഗ്രഹ മുന്നേറ്റം ആൾ ദൈവം എന്നു പറയുന്ന ഒരുത്തനേ കൊണ്ടും സാധ്യമല്ല എന്നുള്ളതിന്റെ പച്ചപരമാർത്ഥമാണ് ഇതിലൂടെ വെളിവാകുന്നത്.

ഭോലെ ബാബ

ഇനിയും തിരിച്ചറിയാതെ പോകുന്ന ഒരു മഹാ ദുരന്തം തന്നെയാണ് ആത്മീയതയുടെ പേരിൽ നടക്കുന്ന വ്യാപാരം. സമൂഹത്തിലെ വിഷവിത്തുകളായി ത്തീരുന്ന ഇത്തരം ക്ഷുദ്രജീവികളെ കൽ തുറങ്കിലടക്കാൻ ഭരണാധികാരികൾ തയ്യാറാകണം.ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടുകയല്ല.മറിച്ച് വിശ്വസിക്കുന്നവനെ അതിൻ്റെ പേരിൽ വഞ്ചിച്ചു മുതലെടുപ്പ് നടത്തുന്നവർ ,അത് ആരായാലും അവർക്കെതിരെ നടപടി സ്വീകരിക്കേണ്ടതാണ്.

ജനങ്ങളിൽ ഏറ്റവും അധികം വശംവദരാക്കാൻ കഴിയുന്ന മേഖലയാണ് ആത്മീയത .അത് തിരിച്ചറിഞ്ഞവർ വിതയ്ക്കുന്ന ആത്മീയത തഴച്ചു വളരുകയാണ്.ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആണ് ഇത് ചർച്ച ചെയ്യപ്പെടുന്നത് .ഭോലെ ബാബ എന്നയാൾ ഒരു മനുഷ്യൻ മാത്രമാണ് .മനുഷ്യൻ ദൈവീക രൂപാന്തരം പ്രാപിച്ചു എന്ന വിശ്വാസം ഓരോരുത്തരുടെയും മനസ്സിന്റെ അന്ധതയാണ് .

ഭോലെ ബാബ എന്ന നാരായൺ സാകറിന്റെ പ്രഭാഷണം കേൾക്കാനാണ് പതിനായിരങ്ങൾ ഫുലരി ഗ്രാമത്തിലേക്കെത്തിയത്.

ഇയാൾ ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്നെന്നാണ് അവകാശപ്പെടുന്നത്. 1990-ൽ ജോലിയുപേക്ഷിച്ച് ആത്മീയവഴി തിരഞ്ഞെടുക്കുകയായിരുന്നെന്നാണ് ഇദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞിരുന്നത്. പടിഞ്ഞാറൻ യു.പി., ഉത്തരാഖണ്ഡ്, ഹരിയാണ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ഇയാൾക്ക് അനുയായികളുണ്ടെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കാലത്തിനു ശേഷമാണ് ഭോലെ ബാബ കൂടുതൽ പ്രസിദ്ധനായത്.

ഇന്നലെ അക്ഷരാർത്ഥത്തിൽ സിക്കന്ദര റാവു ട്രോമ സെൻ്റർ ശവപ്പറമ്പായി മാറുകയായിരുന്നു.ആംബുലൻസിലും ട്രക്കുകളിലും കാറുകളിലുമായി മൃതശരീരങ്ങൾ കൂട്ടത്തോടെയാണ് എത്തിച്ചത്.ആശുപത്രി മുറ്റം മൃതശരീരങ്ങൾ കൊണ്ട് നിറഞ്ഞു.അതിനിടയിലും കാണാമായിരുന്നു ബോധം നഷ്ടപ്പെട്ട ചിലരുടെ ഞെരുക്കങ്ങളും മൂളിച്ചയും. കരച്ചിലിന്റെയും നിലവിളിയുടെയും ഹൃദയഭേദകമായ കാഴ്ച.

ആവശ്യത്തിന് ചികിത്സാ സംവിധാനം ഉള്ള ആശുപത്രി ആയിരുന്നില്ല ഇവിടെ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.മതിയായ ഡോക്ടർമാരും ഓക്സിജൻ സംവിധാനവും ഇല്ലായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
അമിതമായ ആൾക്കൂട്ടമാണ് തിരക്കിനും തിരക്കിനും കാരണമായതെന്ന് സിക്കന്ദര പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഗ്ര അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ,അലിഗഡ് ഡിവിഷൻ കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ചതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.