പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ബാലബുദ്ധി, കോണ്‍ഗ്രസ് പരാന്ന ഭോജി..!!


◾ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ ബാലബുദ്ധിയെന്നും കോണ്‍ഗ്രസിനെ പരാന്ന ഭോജിയെന്നും പരിഹസിച്ച് രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2.15 മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗം. സഖ്യകക്ഷികളുടെ വോട്ടു തിന്നുന്ന പരാന്നഭോജിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ താങ്ങുവിലയെക്കുറിച്ചും അഗ്‌നിപഥ് പദ്ധതിയെക്കുറിച്ചും നുണകള്‍ പറഞ്ഞുവെന്നും വ്യക്തിപരമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും മോദി സഭയില്‍ പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തുന്നത് ഗൗരവമേറിയ കാര്യമാണെന്നും അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പുനല്‍കില്ലെന്നും മോദി പറഞ്ഞു.

◾ ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം ഭരണപക്ഷത്തെ കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനേയും തിരിച്ചടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നുണകളെ രാഷ്ട്രീയ ആയുധമാക്കിയെന്നും വായില്‍ രക്തംപുരണ്ട മൃഗത്തെപ്പോലെ കോണ്‍ഗ്രസിന്റെ വായില്‍ നുണയുടെ ചോര പുരണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 100-ല്‍ 99 കിട്ടിയെന്ന ധാരണയിലാണ് രാഹുലും കോണ്‍ഗ്രസും ആഘോഷിക്കുന്നതെന്നും 543-ലാണ് 99 കിട്ടിയതെന്ന കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. അംബേദ്കറുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ നെഹ്‌റു തന്റെ എല്ലാ ശക്തിയും ഉപയോഗിച്ചുവെന്നും ഗൂഢാലോചനയിലൂടെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തോല്‍പിച്ചുവെന്നും മോദി ആരോപിച്ചു.

◾ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ആണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അനുവാദം നല്‍കിയില്ല, എന്നതായിരുന്നു പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷ നടപടി ലോക്‌സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും അഞ്ച് കൊല്ലവും ഇതേ നിലയില്‍ ബഹളം വെക്കാനാവില്ലെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.

◾ രാജ്യത്തെ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബി.ജെ.പിയില്‍നിന്ന് എന്ത് അവഹേളനം സഹിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാന്നഭോജി പ്രയോഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ ഊട്ടുന്ന കര്‍ഷകരെ പരാന്നഭോജികളെന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ ഇന്ന് അതേ വാക്ക് കോണ്‍ഗ്രസിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നുവെന്നും ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അവഹേളനമല്ലെന്നും രാജ്യനിര്‍മിതിക്കായി കര്‍ഷകര്‍ക്കൊപ്പം ജീവന്‍ ബലിനല്‍കുന്നത് ഞങ്ങള്‍ക്ക് അഭിമാനകരമാണെന്നും ഖാര്‍ഗെ പറഞ്ഞു.

◾ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 116 മരണം. ഭോലെ ബാബ എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ സത്സംഗം പരിപാടിക്കിടെയാണ് അതിദാരുണസംഭവം. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കനത്ത ചൂട് സഹിക്കാനാവാതെ പന്തലില്‍ നിന്ന് പുറത്തുകടക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെ തിക്കും തിരക്കുമുണ്ടാവുകയായിരുന്നു. മരിച്ചവരിലധികവും സ്ത്രീകളും കുട്ടികളും ആണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അനുശോചിച്ചു.

◾ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദുരന്തത്തിനിടയാക്കിയത് പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ തടഞ്ഞുനിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. ചടങ്ങുകള്‍ പൂര്‍ത്തിയായി ആളുകള്‍ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്വാസം കിട്ടാതെയും വീണിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ കഴിയാതെയും വന്നതോടെയാണ് പലരുടെയും ജീവന്‍ പൊലിഞ്ഞതെന്ന് ദുരന്തത്തില്‍ നിന്ന് അതിജീവിച്ചയാള്‍ പ്രതികരിച്ചു.

◾ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ ഒരു ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്. സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂര്‍ ഗ്രാമവാസിയാണ് ഇയാളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

◾ ത്രിപുരയും ബംഗാളും പാഠമാകണമെന്നും കേരളത്തിലെ ബി.ജെ.പി.യുടെ വളര്‍ച്ച ഗൗരവമായി കാണണമെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കണ്ണൂരില്‍ സി.പി.എമ്മിന്റെ വടക്കന്‍മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇന്നലെ നടക്കാനിരുന്ന പരീക്ഷ മാറ്റി. ചോദ്യങ്ങള്‍ മാറിയതിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചത്. രണ്ടാം സെമസ്റ്റര്‍ എംഎസ്സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വീഴ്ച സംഭവിച്ചത്. ഫിസിക്കല്‍ കെമിസ്ട്രി പേപ്പറിന്റെ ചോദ്യത്തിന് പകരം മറ്റൊരു വിഷയത്തിലെ ചോദ്യങ്ങളാണ് പരീക്ഷയ്ക്കായി എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പരീക്ഷ മാറ്റിവെക്കുകയായിരുന്നു. ചോദ്യപ്പേപ്പര്‍ ഉളളടക്കം മാറിയതില്‍ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

◾ മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവില്‍ ജങ്ഷനില്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

◾ സൗദി അറേബ്യന്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്. കോടതിയില്‍ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണിക്ക് കൈമാറി. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യന്‍ രൂപയില്‍ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാല്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയത്.

◾ സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. ഡോക്ടര്‍ അഥീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകും. ബി അബ്ദുല്‍ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടര്‍. രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറായി ചുമതലയേല്‍ക്കും. മാനന്തവാടി എംഎല്‍എ ഒആര്‍ കേളു സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിന് പിന്നാലെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാറ്റമുണ്ടായത്. കര്‍ണാടക സ്വദേശിയായ ഡിആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വയനാട്ടില്‍ നിയമിച്ചിരിക്കുന്നത്.

◾ ആലപ്പുഴ മാന്നാറില്‍ നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച കത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസിന്റെ നിഗമനം. അനിലിന്റെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് യുവതിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടാന്‍ സഹായിച്ച ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല.

◾ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

◾ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ജൂലൈ നാല് മുതല്‍ 11 വരെ സമര്‍പ്പിക്കാം. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതല്‍ നിലവില്‍ വന്നു. ഗ്രാമ പഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

◾ നിയമസഭയില്‍ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ വാക്പോര്. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതാവ് വിളിച്ചത് ‘അവന്‍’ എന്നാണെന്നും പ്രതിപക്ഷ നേതാവിനെ ഞങ്ങള്‍ ആരെങ്കിലും അങ്ങനെ വിളിച്ചിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. തന്നെ ആരും അങ്ങിനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശന്‍, ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ മുഖ്യമന്ത്രി ‘പരനാറി’ എന്ന് വിളിച്ചിട്ടുണ്ടെന്ന് തിരിച്ചടിച്ചു.

◾ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ കെഎസ്യു പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ തട്ടിക്കൊണ്ടുപ്പോയി ഇടിമുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെയാണ് മര്‍ദിച്ചത്. എസ്എഫ്ഐ നേതാവായ അജന്ത് അജയ്യുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം എന്നാണ് ആരോപണം. വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് സാന്‍ജോസിനെ ആശുപത്രിയില്‍ എത്തിച്ചത്.

◾ കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദ്ദിച്ചതിനു പിന്നാലെ ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നില്‍ എസ്എഫ്ഐ കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എസ്എഫ്ഐകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സ്റ്റേഷനിലേക്ക് കെ എസ് യു മാര്‍ച്ച് നടത്തിയിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സന്റിനെയും ചെമ്പഴന്തി അനിലിനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമായത്.

◾ കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മര്‍ദിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തില്ലെന്ന് ആരോപിച്ച് അര്‍ധരാത്രി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം. തിരുവനന്തപുരം ശ്രീകാര്യം പോലീസ് സ്റ്റേഷനാണ് എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, എം. വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. പ്രതിഷേധത്തിനിടെ എം. വിന്‍സന്റ് എം.എല്‍.എയും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാറില്‍ വന്നിറങ്ങിയ തന്നെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തുവെന്നും പോലീസിന് മുന്നില്‍ വെച്ച് ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

◾ വീട്ടിലെ തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പുറക്കാട് കിഴക്കേക്കണ്ടംകുനി ശ്രീജേഷാണ്(41) മരിച്ചത്.

◾ ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കണമെന്ന പരാതിയില്‍ മൊഴി രേഖപ്പെടുത്തി. പൊലീസ്. ആര്‍എംപി നേതാവ് കെഎസ് ഹരിഹരനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. കോഴിക്കോട് ഡിസിപി ഓഫീസില്‍ വെച്ചാണ് ഹരിഹരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എന്നാല്‍, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകന്‍ ജൂലിയസ് ബോധപൂര്‍വം ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ കയറ്റിയതല്ലെന്നാണ് സംസ്ഥാന പൊലിസിന്റെ വിലയിരുത്തല്‍.

◾ ലോക്സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളം നല്‍കി. അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് ഹൈബി ഈഡന് പ്രധാനമന്ത്രി വെള്ളം നല്‍കിയത്. ഹൈബി വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു.

◾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തന്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള അലവന്‍സുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. ആവശ്യമെങ്കില്‍ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ ടീഷര്‍ട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീന്‍സ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ കോളേജില്‍ നിരോധിച്ച് മഹാരാഷ്ട്രയിലെ ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡ്രസ് കോഡ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കി. നേരത്തെ ഇതേ കോളേജില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരില്‍ കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

◾ തമിഴ്നാട്ടിലെ ഫോക്സ്‌കോണിന്റെ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറിയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്ന വാര്‍ത്തയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും തമിഴ്നാട് സര്‍ക്കാരിനും ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.ആരോപണം ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ തള്ളി.

◾ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് എയര്‍ യൂറോപ്പ വിമാനം ശക്തമായ ആകാശച്ചുഴിയില്‍ പെട്ടത്. വിമാനത്തില്‍ 325 യാത്രക്കാരുണ്ടായിരുന്നുവെന്നും പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ യൂറോ കപ്പ് ഫുട്ബോളിലെ പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ റൊമാനിയയെ തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഡച്ച് പടയുടെ ജയം. ആവേശം അവസാനമിനിറ്റുവരെ നീണ്ട മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയയെ കീഴടക്കി തുര്‍ക്കി ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം.

◾ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2024ലെ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. സ്പെയിന്‍ – ജര്‍മനി, പോര്‍ച്ചുഗല്‍ – ഫ്രാന്‍സ്, ഇംഗ്ലണ്ട് – സ്വിറ്റ്സര്‍ലണ്ട്, നെതര്‍ലണ്ട്സ് – തുര്‍ക്കി എന്നിങ്ങനെയാണ് മത്സരങ്ങള്‍. വെള്ളി, ശനി ദിവസങ്ങളിലായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.