ഷാര്‍ജ: ഐപിസി ഷാര്‍ജ സഭാംഗം ജെബ്ബേസ് റ്റോം ചാക്കോ ജര്‍മനിയിലെ പ്രശസ്തമായ ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു തിയററ്റിക്കല്‍ ഫിസിക്സില്‍ ഡോക്ടറേറ്റു നേടി.
ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നു ഉയര്‍ന്ന നിലയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ജെബ്ബേസ് ജര്‍മനിയിലെതന്നെ, മലയാളം വേദപുസ്തകപരിഭാഷയ്ക്കു പ്രസിദ്ധനായ മിഷനറി ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് പഠിച്ച, പ്രസിദ്ധമായ റ്റൂബിംഗന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു മാസ്റ്റേസ് ചെയ്തത്. പ്ലസ് റ്റു വരെ അജ്മാനിലെ അല്‍ അമീര്‍ സ്‌കൂളില്‍ പഠിച്ച ജെബ്ബേസ് അക്കാലയളവില്‍ സഭയിലെ സണ്‍ഡേ സ്‌കൂള്‍ പഠനത്തിലും യുവജനയോഗങ്ങളിലും സജീവമായിരുന്നു.
നിരവധി പ്രതിസന്ധികളോടു പോരാടിയാണു ജെബ്ബേസ് വിദ്യാഭ്യാസത്തില്‍ ഉയരങ്ങള്‍ കീഴടക്കിയത്. ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ തന്നെ അധ്യാപകനായി സേവനമനുഷ്ഠികൊണ്ടായിരുന്നു ഗവേഷണപഠനം. രണ്ടര നൂറ്റാണ്ടിനു മുന്‍പു സ്ഥാപിതമായ ബോണ്‍ യൂണിവേഴ്‌സിറ്റി ലോകത്തിലെതന്നെ മുന്‍നിര ഗവേഷണക്രേനദ്രങ്ങളിലൊന്നാണ്. മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സര്‍വകലാശാലയില്‍നിന്നു പതിനൊന്നുപേര്‍ നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്.
മുപ്പത്തഞ്ചു വര്‍ഷമായി ഐപിസി ഷാര്‍ജയിലെ സജീവ സഭാംഗങ്ങളാണു മാതാപിതാക്കള്‍. ചിറ്റാര്‍ നിറയന്നൂര്‍ കടകംകുന്നില്‍ തോമസ് ചാക്കോ (ജോസ്) യാണു പിതാവ്. മാതാവ് മുണ്ടിയപ്പള്ളില്‍ മഠത്തില്‍ റെയ്ച്ചല്‍ ചാക്കോ ഐപിസിയിലെ പ്രസിദ്ധ ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ എം.വി. ചാക്കോ (മുണ്ടിയപ്പള്ളിയപ്പച്ചന്‍)യുടെ സഹോദരന്റെ കൊച്ചുമകളാണ്. ഏകസഹോദരന്‍ ജൊഹാൻ റ്റോം ചാക്കോ കാനഡയില്‍ പഠനത്തോടൊപ്പം ജോലിചെയ്തുവരുന്നു. നാട്ടില്‍ ചിറ്റാര്‍ ഐപിസി അംഗമാണു കുടുംബം.




