എന്താണല്ലേ…! കേൾക്കുമ്പോൾ തന്നെ ‘അയ്യേ’ എന്നു പറഞ്ഞു പോകും.
പീഡകന്മാർക്കും വെട്ടിപ്പുകാർക്കും അഴിമതിക്കാർക്കും ഒക്കെ കയറിയിറങ്ങി നിരങ്ങാനുള്ള ഇടത്താവളമായി സിപിഎം അധ:പതിച്ചോ ?
യുവതിയെ ഗർഭിണിയാക്കുക, കേസിൽ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ ടെസ്റ്റ് ഫലത്തിൽ തിരിമറി കാണിക്കുക. മറ്റൊരു സഹപ്രവർത്തകയുടെ നഗ്ന വീഡിയോ പ്രദർശിപ്പിക്കുക.. എന്താണല്ലേ? നല്ല ഒന്നാന്തം പാർട്ടി പ്രവർത്തകൻ !
അച്ചടക്കത്തിന് പേരു കേട്ട പാർട്ടിയിലെ എഴുതിച്ചേർക്കുന്ന പുതിയ അധ്യായങ്ങളാണിത്.വെറും തരംതാണ പ്രവർത്തിയിലൂടെ പാർട്ടിയിൽ നിന്ന് പുറത്ത് പോവുക.ഇരയെയും പരാതിയുള്ളവരേയും വിഡ്ഢികളാക്കി ആരോപണ വിധേയനെ പൂർവ്വാധികം ശക്തിയോടെ മടക്കി കൊണ്ട് വരിക. കമ്മ്യൂണിസ്റ്റ് ‘മാർക്കിസ്റ്റ്’ പാർട്ടി ഇങ്ങനെ പുതിയ ചില അധ്യായങ്ങൾ എഴുതി ചേർക്കുകയാണ്. കടുത്ത ആരാധകരെ ഒഴിച്ച് നിർത്തിയാൽ മറ്റെല്ലാവർക്കും അരോചകവും, അതിലേറെ വെറുപ്പുളവാക്കുന്ന കാര്യങ്ങളാണ് ഇതെന്ന് നേതൃത്വം മനസ്സിലാക്കുന്നുമില്ല.
തിരുവല്ലയിലെ ലോക്കൽ കമ്മറ്റിമെമ്പറായിരുന്ന സി സി സജിമോനെതിരെ 2018- ലാണ് പാർട്ടി നടപടികൾ സ്വീകരിച്ചത്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുക, പിതൃത്വം തെളിയിക്കാനുള്ള ഡി.എൻ.എ. പരിശോധന ഫലം അട്ടിമറിക്കുക. ഇതിന് പുറമേ പാർട്ടി പ്രവർത്തകയ്ക്ക് ലഹരി നൽകി നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുക. എക്കാലത്തും തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിൻ്റെ മാനിഫെസ്റ്റോ മൂല്യങ്ങളെ കാറ്റിൽ പറത്തുന്നു. നാണം കെട്ട പുതിയ സജിമോൻ തന്ത്രങ്ങൾക്ക് ചൂട്ട് പിടിക്കുന്ന നേതാക്കൾ, എന്തൊരു നാണക്കേടാണ്. ഇതുകൊണ്ട് പാർട്ടിക്കുണ്ടാകുന്ന ‘ഇമേജ്’ എന്താണെന്നാണ് പൊതുജനത്തിന് മനസ്സിലാക്കാൻ പറ്റാതെ പോകുന്നത് .
തോറ്റു തുന്നം പാടി നാട്ടിലാകെ വിളറി വിയർത്ത് നിൽക്കുന്ന പാർട്ടിയിലേക്കാണ് ഇത്തരത്തിലുള്ള ‘നെറികേടി’ന് പട്ടും വളയും നൽകി ആദരിക്കുന്നത്…. കുനിന്മേൽ കുരുവെന്ന പോലെ.
തിരികെ എടുക്കുകയാണ് എന്നത് മാത്രല്ല , പഴയ പദവി നിലനിർത്തിക്കൊണ്ട് തന്നെയാണ് വീണ്ടും തിരിച്ചെടുത്തിരിക്കുന്നതെന്നതാണ് ഏറ്റവും വലിയ അപഹാസ്യം.
താൻ നിരപരാധി ആണെന്ന് കാണിച്ച് കൺട്രോൾ കമ്മീഷൻ പരാതി നൽകിയിരുന്നു. കൺട്രോൾ കമ്മീഷൻ പുറത്താക്കൽ നടപടി റദ്ദാക്കിയതോടാണ് സജിമോൻ തിരിച്ചു പാർട്ടി പ്രവേശം ലഭിച്ചിരിക്കുന്നത്. പാർട്ടിയിലെ ഔദ്യോഗിക പക്ഷക്കാരനാണ് സജിമോൻ എന്നാണ് പറഞ്ഞു കേൾക്കുന്നത്. എന്തായാലും മുങ്ങാൻ പോകുന്ന വള്ളമാണ്. പിന്നെന്തിനാണ് സജിമോനെ പിണക്കി നിർത്തണം എന്ന ചിന്തയാവും ഔദ്യോഗിക പക്ഷത്തിന്.
ഒരുവശത്ത് കടുത്ത തോൽവി,മുഖ്യൻ ഉൾപ്പെടെയുള്ളവർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവാത്ത സാഹചര്യം, ഘടകകക്ഷികളും സ്വന്തം പാർട്ടിക്കാരും നേതൃത്വ നിരയ്ക്കെതിരെ വിരൽ ചൂണ്ടി നിൽക്കുന്നു.മറ്റൊരിക്കലും ഉണ്ടാകാത്ത രീതിയിൽ ഘടക കക്ഷികൾ വാക്ശരങ്ങൾ കൊണ്ട് എയ്യുന്നു. കേന്ദ്രത്തെ മാത്രം പഴിപറഞ്ഞ് തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് മാറി നിൽക്കാനാവില്ലെന്ന് പാർട്ടി സെക്രട്ടറി തന്നെ വെളിപ്പെടുത്തുന്ന സാഹചര്യം.
അക്ഷരാർത്ഥത്തിൽ ത്രിശങ്കുവിലായിരിക്കുന്ന പാവപ്പെട്ടവന്റെ പാർട്ടിയാണ് ഇത്തരം നാണംകെട്ട ഇടപാടുകളിലൂടെ പൊതുജനമധ്യേ വീണ്ടും ഇളിഭ്യരായി തീരുന്നത്. പൊതുവഴിയിൽ ഉടുമുണ്ടഴിഞ്ഞ് നാണം കെട്ട് നിൽക്കുന്നവൻ്റെ അവസ്ഥയാണ് സിപിഎമ്മിനിപ്പോൾ.




