കേരളത്തിൽ ഇനി ‘കോളനി’ എന്ന പേര് ഉണ്ടാകില്ല; സുപ്രധാനമായ ഉത്തരവിറക്കി മന്ത്രി പടിയിറങ്ങി

തിരുവനന്തപുരം: ആലത്തൂരില്‍ നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്ണൻ്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കി.
കേരളത്തിൽ ഇനി ‘കോളനി ‘ എന്ന പേര് ഉണ്ടാകില്ല.

‘കോളനി’ എന്ന പേരുമാറ്റം നേരത്തെ മുതല്‍ ആഗ്രഹിച്ചിരുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എംഎല്‍എ. യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ട്. കോളനി എന്ന പദം അടിമത്തത്തിന്റേതാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രി പദം രാജിവെച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.

‘കോളനി എന്ന പേരുമാറ്റം നേരത്തെ മുതല്‍ ആഗ്രഹിച്ചതാണ്. അടിമത്തത്തിന്റെ ചിഹ്നമാണ് കോളനി. ബ്രിട്ടന്റെ കോളനിയായിരുന്നു ഇന്ത്യ. പേരുമാറ്റം നിരവധി ഘട്ടത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഓരോ പ്രദേശത്തും ഇഷ്ടമുള്ള പേര് നിര്‍ദേശിക്കാം. വ്യക്തികളുടെ പേരുകള്‍ ഒഴിവാക്കാം. നിലവില്‍ ഉള്ളതാണെങ്കില്‍ അതിനൊപ്പമുള്ള കോളനി എന്ന പദം ഒഴിവാക്കാം.’ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിന്റെ ഏക പ്രതിനിധി ആയതില്‍ വിഷമമുണ്ടോയെന്ന ചോദ്യത്തോട് ‘വിഷമിച്ചിട്ട് കാര്യമില്ലല്ലോ. അങ്ങനെ ആയിപ്പോയി. വരുന്നതുവെച്ച് ഡീല്‍ ചെയ്യും. ഓരോ സന്ദര്‍ഭത്തെയും അതീജിവിക്കാനുള്ള ഇടപെടല്‍ നടത്തും. കൂടുതല്‍ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. അതുണ്ടായില്ല. പകരം മന്ത്രിയെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനിക്കുമെന്നും കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും
സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി.

ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം.
തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദേശിച്ചു.

1996 ൽ ചേലക്കരയിൽനിന്നു നിയമസഭയിലേക്ക് രാധാകൃഷ്ണന്റെ ആദ്യജയം. ആദ്യ അവസരത്തിൽത്തന്നെ മന്ത്രിപദവി. ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി – പട്ടിക വർഗ ക്ഷേമം, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ൽ സീറ്റു നിലനിർത്തി. പ്രതിപക്ഷ വിപ്പായി. 2006 ൽ സ്പീക്കർ. 2011 ലും ചേലക്കര നിന്നു വിജയിച്ചു.

2016 ൽ മത്സരിച്ചില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടറിയായും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ്, ദലിത് ശോഷൻ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.