കൊല്ലം പുനലൂരില്‍ തൊഴിലുറപ്പ് തൊഴിലിനിടെ മിന്നലേറ്റ് രണ്ടു സ്ത്രീ തൊഴിലാളികള്‍ മരിച്ചു. പുനലൂർ കേളങ്കാവ് ഇടക്കുന്നത്ത് ചൊവ്വാഴ്ച രാവിലെ 11.30ഓടെ ആയിരുന്നു അപകടം.
ഇടക്കുന്നം ഗോകുലത്തില്‍ ചന്ദ്രബാബുവിന്റെ ഭാര്യ സരോജം (42), ഇടക്കുന്നം മഞ്ജു ഭവനില്‍ പരേതനായ മോഹനൻ പിള്ളയുടെ ഭാര്യ രജനി (54) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികളെ പരിക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ
ഇടക്കുന്നം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തില്‍ ആറംഗസംഘം ജോലി ചെയ്യുന്നതിനിടെയായിരുന്നു ശക്തമായ മിന്നല്‍ ഉണ്ടായത്. പുരയിടത്തില്‍ രണ്ടു ഭാഗത്തായിട്ടായിരുന്നു ഇവർ തൊഴില്‍ ചെയ്തിരുന്നത്.
ഇതില്‍ സരോജവും രജനിയും ജോലി ചെയ്തിരുന്ന ഭാഗത്താണ് മിന്നലേറ്റത്. ബോധംകെട്ട് വീണ ഇവരെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികള്‍ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ മോർച്ചറിയിലേക്ക് മാറ്റി.




